ബോക്സിംഗ് ഡേ ടെസ്റ്റ്, കരുതല്‍ വേദിയായി അഡിലെയ്ഡ് പരിഗണനയില്‍

Sports Correspondent

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് കരുതല്‍ വേദിയായി അഡിലെയ്ഡ് ഓവല്‍ പരിഗണിക്കുവാന്‍ സാധ്യത. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ കാര്യം പരിഗണിച്ച് വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മെല്‍ബേണിലെ കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ അഡിലെയ്ഡിലേക്ക് ബോക്സിംഗ് ഡേ ടെസ്റ്റ് മാറ്റുക.

ഇത്തരത്തില്‍ മാറ്റുന്ന പക്ഷം 44 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ബോക്സിംഗ് ഡേ ടെസ്റ്റ് അഡിലെയ്ഡില്‍ അരങ്ങേറുക. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഏറ്റുമുട്ടുക. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വിഷയത്തില്‍ വളരെ വൈകി മാത്രമാവും തീരുമാനം എടുക്കുക.

അവസാന നിമിഷം വരെ മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള ശ്രമങ്ങളാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് നോക്കുന്നത്. അതിന് തീരെ സാധ്യമല്ലാത്ത സമയത്ത് മാത്രമാവും അഡിലെയ്ഡിനെ പരിഗണിക്കുക എന്നാണ് അറിയുന്നത്.