ഈ പ്രതിരോധം വെച്ച് ആഴ്‌സണലിന് പ്രീമിയർ ലീഗ് നേടാനാവില്ലെന്ന് ആഴ്‌സണൽ ഇതിഹാസം

നിലവിലുള്ള പ്രതിരോധം വെച്ച് ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം നേടാനാവില്ലെന്ന് മുൻ ലോകകപ്പ് ജേതാവും ആഴ്‌സണൽ ഇതിഹാസവുമായിരുന്ന ഇമ്മാനുവൽ പെറ്റിറ്റ്. ആഴ്‌സണലിന്റെ കാർഡിഫ് സിറ്റിക്കെതിരായ മത്സരത്തിന് ശേഷമാണു മുൻ താരത്തിന്റെ പരാമർശം. ആദ്യ നാല് മത്സരങ്ങളിൽ നിന്ന് ആഴ്‌സണൽ പ്രതിരോധം 8 ഗോളുകളാണ് വഴങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാവാതെ പോയ കാർഡിഫ് സിറ്റി ആഴ്‌സണലിനെതിരെ രണ്ടു ഗോളുകൾ നേടിയിരുന്നു.

ആർസൻ വെങ്ങറുടെ കാലഘട്ടത്തിലും പ്രതിരോധം ശക്തിപ്പെടുത്താൻ ആഴ്‌സണൽ ശ്രമിച്ചിരുന്നില്ലെന്നും പെറ്റിറ്റ് പറഞ്ഞു. ഒബാമയങ്ങും ലാകസെറ്റെയും ഒരുമിച്ച് കളിക്കുകയാണെങ്കിൽ ഇരുവരും കൂടി 40-50 ഗോൾ നേടുമെന്നും ഫ്രഞ്ച് ലോകകപ്പ് ജേതാവായ പെറ്റിറ്റ് പറഞ്ഞു. എന്നാൽ ഇരുവരും അത്ര ഗോൾ നേടിയാലും ഈ പ്രതിരോധം വെച്ച് പ്രീമിയർ ലീഗിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ആഴ്‌സണൽ സീസൺ അവസാനിപ്പിക്കല്ലെന്നും പെറ്റിറ്റ് കൂട്ടിച്ചേർത്തു.

റൊണാൾഡോയുടെ ട്രാൻസ്ഫർ റയലിന്റെ ശക്തി കുറച്ചെന്ന് മെസ്സി

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫറുടെ റയൽ മാഡ്രിഡിന്റെ ശക്തി കുറച്ചെന്ന് ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി. സ്പാനിഷ് റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിലാണ് റൊണാൾഡോയുടെ ട്രാൻസ്ഫറിനെ കുറിച്ച് മെസ്സി പ്രതികരണം അറിയിച്ചത്.

“റയൽ മാഡ്രിഡ് ലോകത്തിലെ മികച്ച ടീമുകളിൽ ഒന്നാണ്, മികച്ച കളിക്കാരും അവർക്കുണ്ട്, പക്ഷെ റൊണാൾഡോയുടെ ട്രാൻസ്ഫർ അവരുടെ ശക്തി ചെറുതായി ക്ഷയിപ്പിച്ചു. റൊണാൾഡോയുടെ വരവോടെ യുവന്റസിസ് ചാമ്പ്യൻസ്  ലീഗ് ജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ മുൻപിലെത്തിക്കുകയും ചെയ്തു” മെസ്സി പറഞ്ഞു.

റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫർ വളരെ ആകസ്മികമായിരുന്നെന്നും താൻ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു. റയൽ മാഡ്രിഡ് ജേഴ്സിയിൽ അല്ലാതെ റൊണാൾഡോയെ താൻ സങ്കൽപ്പിച്ചിരുന്നില്ലെന്നും മെസ്സി പറഞ്ഞു.

ടോട്ടൻഹാം – മാഞ്ചസ്റ്റർ സിറ്റി മത്സര ക്രമത്തിൽ മാറ്റം

ടോട്ടൻഹാമിന്റെ സ്റ്റേഡിയം പൂർത്തിയാവാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം പുനഃക്രമീകരിച്ചു. ഒക്ടോബർ 28ന് നടക്കേണ്ട മത്സരമാണ് ഒക്ടോബർ 29 ന് വെംബ്ലിയിൽ വെച് നടക്കുക. മത്സരം നടക്കേണ്ടിയിരുന്ന 28ആം തിയ്യതി വെംബ്ലിയിൽ വെച്ച് എൻ.എഫ്.എൽ മത്സരം നടക്കുന്നതിനെ തുടർന്നാണ് മത്സരം പ്രതിസന്ധിയിലായത്. 

നേരത്തെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലേക്കുള്ള മാറ്റം വൈകുമെന്ന് ക്ലബ് അറിയിച്ചിരുന്നു. ഇത് പ്രകാരം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം വെംബ്ലിയിൽ വെച്ചാവും നടക്കുക. 

ഈ മാസം 15ന് നടക്കേണ്ട ലിവർപൂൾ മത്സരം പുതിയ സ്റ്റേഡിയത്തിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ സ്റ്റേഡിയത്തിന്റെ പണി ഉദ്ദേശിച്ച സമയത്ത് പൂർത്തിയാവാത്തതിനെ തുടർന്ന് മത്സരങ്ങൾ വെംബ്ലിയിലേക്ക് മാറ്റുകയായിരുന്നു. 

മെസ്സിയില്ല, ഫിഫ ദി ബെസ്റ്റ് പട്ടികയായി

മെസ്സിയില്ലാത്ത ഫിഫയുടെ ദി ബെസ്റ്റ് അവാർഡിനുള്ള അവസാന 3 കളിക്കാരുടെ പേരുകൾ ഫിഫ പുറത്തുവിട്ടു. കഴിഞ്ഞ വർഷം വരെ പട്ടികയിൽ ഉണ്ടായിരുന്ന മെസ്സിയുടെ അസാന്നിധ്യമാണ് പട്ടികയിൽ ശ്രേദ്ധേയം.

ലിവർപൂളിന് വേണ്ടി കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് സല. റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രോയേഷ്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പ്രകടനം കാഴ്ചവെച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

കഴിഞ്ഞ തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഫിഫയുടെ മികച്ച താരം.

മികച്ച കോച്ചിനെ കണ്ടെത്താനുള്ള ഫിഫയുടെ പട്ടികയായി

ഫിഫയുടെ മികച്ച കോച്ച് ആവാനുള്ള പുരസ്‌കാരത്തിനുള്ള അവസാന പട്ടിക ഫിഫ പുറത്തുവിട്ടു. ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്‌സ്, റയൽ മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ പരിശീലകൻ സിദാൻ, ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ച സ്ലാറ്റ്കോ ഡാലിച്ച് എന്നിവരാണ് അവസാന വട്ട പട്ടികയിൽ ഇടം നേടിയത്.

കഴിഞ്ഞ തവണ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സിദാൻ ആയിരുന്നു മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.

ദി ബെസ്റ്റ് ഗോൾ കീപ്പറുടെ പട്ടികയായി

മികച്ച ഗോൾ കീപ്പർ കണ്ടെത്താനുള്ള ഫിഫയുടെ ദി ബെസ്റ്റ് ഗോൾ കീപ്പറുടെ അവസാന മൂന്ന് താരങ്ങളുടെ പട്ടിക ഫിഫ പുറത്തുവിട്ടു. ബെൽജിയത്തിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾ കീപ്പറായ തിബോ ക്വർട്ട, ഫ്രാൻസിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ടോട്ടൻഹാം ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്, ലോകകപ്പിൽ ഡെൻമാർക്ക്‌ വലക്ക് മികച്ച പ്രകടനം കാഴ്ചവെച്ച ലെസ്റ്റർ ഗോൾ കീപ്പർ പീറ്റർ സ്‌മൈകിൾ എന്നിവരാണ് അവസാന വട്ട പട്ടികയിൽ ഉള്ളത്.

മൂന്ന് താരങ്ങളും ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടാൻ അവരെ സഹായിച്ചത്. കഴിഞ്ഞ തവണ ഇറ്റാലിയൻ ഗോൾ കീപ്പർ ബുഫൺ ആയിരുന്നു മികച്ച ഗോൾ കീപ്പർ.

പരിശീലക വേഷത്തിൽ റയൽ മാഡ്രിഡ് ഇതിഹാസത്തിന് ആദ്യ കിരീടം

പരിശീലക വേഷത്തിൽ തന്റെ ആദ്യ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് ഇതിഹാസം റൗൾ. റയൽ മാഡ്രിഡിന്റെ കേഡറ്റ് ബി ടീമിനെ പരിശീലിപ്പിച്ചാണ് റൗൾ ആദ്യ കിരീടം സ്വന്തമാക്കിയത്.  സാന്റ ഗബ്രിയേൽ കപ്പിൽ ബാഴ്‌സലോണയെ തോൽപിച്ചാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. റയൽ മാഡ്രിഡിന് വേണ്ടി അബ്രഹാമും യേറി ലഞ്ചസുമാണ് ഗോളുകൾ നേടിയത്.  ഈ സീസണിന്റെ തുടക്കത്തിലാണ് റൗൾ റയൽ മാഡ്രിഡ് യൂത്ത് ടീമിന്റെ പരിശീലകനായത്.

പ്രമുഖരെ പുറത്തിരുത്തി ലൂയിസ് എൻറിക്വേയുടെ ആദ്യ സ്പെയിൻ ടീം

പ്രമുഖ താരങ്ങളെ പുറത്തിരുത്തി സ്പെയിനിന്റെ പുതിയ പരിശീലകൻ ലൂയിസ് എൻറിക്വേ ടീം പ്രഖ്യാപിച്ചു.  11 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ ടീമിൽ ലോകകപ്പിൽ ടീമിൽ ഉണ്ടായിരുന്ന പലരെയും ഒഴിവാക്കിയിട്ടുണ്ട്.  യുവേഫ നേഷൻസ് കപ്പിൽ ഇംഗ്ലണ്ടിനെതിരെയും ക്രോയേഷ്യക്കെതിരെയുമാണ് സ്പെയിനിന്റെ മത്സരങ്ങൾ.

റഷ്യ ലോകകപ്പിൽ സ്പെയിൻ ടീമിൽ കളിച്ച 13 താരങ്ങളെ നിലർനിർത്തിയപ്പോൾ 11 പുതിയ താരങ്ങൾക്ക് പുതിയ പരിശീലകൻ അവസരം നൽകിയിട്ടുണ്ട്. പികേ, ഇനിയേസ്റ്റ, ഡേവിഡ് സിൽവ എന്നിവർ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് കൊണ്ട് അവരെ ഒഴിവാക്കിയാണ് എൻറിക്വേ ടീം പ്രഖ്യാപിച്ചത്.

ഗോൾ കീപ്പർ റെയ്ന, ഓഡ്രിയോസോള, മോൺറിയാൽ, ജോർഡി അൽബ, കോകെ, ലൂക്കാസ് വസ്‌കസ്, ഇയാഗോ അസ്പാസ് എന്നിവരാണ് ടീമിൽ ഇടം നേടാനാവാതെ പോയവർ. റഷ്യൻ ലോകകപ്പ് ടീമിൽ ഇടം നേടാനാവാതെ പോയ ചെൽസി താരങ്ങളായ മൊറാട്ട, അലോൺസോ എന്നിവർക്ക് പുറമെ സെബല്ലോസ്, സൂസോ, റോഡ്രി, സെർജി റോബർട്ടോ, ഇനിഗോ മാർട്ടിനസ്,ഡിയേഗോ ലോറെന്റെ, അൽബിയോൾ, പൗ ലോപസ് എന്നിവരാണ് ടീമിൽ ഇടം നേടിയവർ.

Goalkeepers
De Gea (Manchester United)
Kepa (Chelsea)
Pau López (Betis)

Defenders
Carvajal (Real Madrid)
Azpilicueta (Chelsea)
Albiol (Nápoles)
Diego Llorente (Real Sociedad)
Nacho (Real Madrid)
Sergio Ramos (Real Madrid)
Íñigo Martínez (Athletic)
Marcos Alonso (Chelsea)
Gayà (Valencia)

Midfielders
Busquets (Barcelona)
Sergi Roberto (Barcelona)
Rodrigo (Atlético)
Saúl (Atlético)
Thiago (Bayern)
Ceballos (Real Madrid)

Forwards
Isco (Real Madrid)
Asensio (Real Madrid)
Morata (Chelsea)
Diego Costa (Atlético)
Suso (AC Milan)
Rodrigo Moreno (Valencia)

രണ്ടു വിദേശ താരങ്ങളെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്

ഒരു ദിവസം തന്നെ രണ്ടു വിദേശ താരങ്ങളെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. ബാഴ്‌സലോണ അക്കാദമി താരമായിരുന്ന അഡ്രിയ കർമോണയും ഡച്ച് പ്രതിരോധ താരം ജിയാനി സുയിവർലൂണിനെയുമാണ് ഡൽഹി സ്വന്തമാക്കിയത്.

26കാരനായ കർമോണ ബാഴ്‌സലോണ യൂത്ത് അക്കാദമിയിലൂടെയാണ് വളർന്ന് വന്നത്. താരം എ.സി മിലാന്റെ റിസർവ് ടീമിലും അംഗമായിരുന്നു. സ്പാനിഷ് അണ്ടർ 17 ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 31കാരനായ ഡച്ച് പ്രതിരോധ താരം ജിയാനി സുയിവർലൂൺ ഡൽഹി ഡൈനാമോസിൽ എത്തുന്നത് സ്പാനിഷ് ക്ലബായ കൾച്ചറൽ ലിയോണെസയിൽ നിന്നാണ്. വെസ്റ്റ് ബ്രോം, ഫെയെനൂഡ് മയ്യോർക്ക എന്നി ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് സുയിവർലൂൺ

ഇരുവരുടെയും വരവോടെ ഡൽഹിയുടെ ടീമിലെ വിദേശ താരങ്ങളുടെ എണ്ണം 7 ആയി.

സാഞ്ചസ് ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ചിലി ടീം

ചിലിയുടെ അടുത്ത സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ സ്ഥാനമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ്. ഏഷ്യൻ ശ്കതികളായ ജപ്പാനും സൗത്ത് കൊറിയക്കുമെതിരെയാണ് ചിലിയുടെ സഹൃദ മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കൽ ടീമിന്റെ അവശ്യ പ്രകാരമാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരുന്നത്.

സെപ്റ്റംബർ 6നും 10നുമാണ് ജപ്പാനും കൊറിയക്കുമെതിരെയുള്ള മത്സരങ്ങൾ. സീസണിന്റെ തുടക്കത്തിൽ തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയ സാഞ്ചസ് ബ്രൈറ്റനെതിരെ ടീമിൽ ഇടം നേടിയിരുന്നില്ല.  പ്രീമിയർ ലീഗിൽ മോശം സമയത്തിലൂടെ കടന്നു പോവുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് സാഞ്ചസിന് ലഭിക്കുന്ന വിശ്രമം ആശ്വാസം നൽകും.  അതെ സമയം ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അർതുറോ വിദാൽ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

 

 

ബാഴ്‌സലോണ – മോഹൻ ബഗാൻ മത്സരത്തിന് കളമൊരുങ്ങി

ബാഴ്‌സലോണ ഇതിഹാസങ്ങളും മോഹൻ ബഗാൻ ഇതിഹാസങ്ങളും പങ്കെടുക്കുന്ന ഫുട്ബോൾ മത്സരത്തിന് കൊൽക്കത്ത വേദിയാകും. സെപ്റ്റംബർ 28ന് കൊൽക്കത്തയിലെ യുബ ഭാരതി ക്രിരംഗംൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ ഇതിഹാസ പോരാട്ടം നടക്കുക. “ക്ലാഷ് ഓഫ് ലെജന്റ്സ്” എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തിൽ ബാഴ്‌സലോണ ഇതിഹാസ താരങ്ങളായ പാട്രിക് ക്ളൈവർട്ട്, ഫ്രാങ്ക് ഡി ബോർ, എറിക് അബിദാൽ, സാമ്പറോട്ട, എഡ്ഗാർഡ് ഡാവിഡ്സ് എന്നിവർ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതെ സമയം മോഹൻ ബഗാൻ നിരയിൽ കളിയ്ക്കാൻ സാധ്യതയുള്ള 51 കളിക്കാരുടെ പട്ടിക മോഹൻ ബഗാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഐ.എം വിജയൻ അടക്കം പ്രമുഖ താരങ്ങൾ ഉൾപ്പെട്ട ലിസ്റ്റാണ് മോഹൻ ബഗാൻ പുറത്തുവിട്ടത്. അവസാന 30 അംഗ സ്‌ക്വാഡ് ആയിരിക്കും മത്സരത്തിൽ പങ്കെടുക്കുക. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, മുൻ താരം ബൈച്ചുങ് ബൂട്ടിയ,  റെനേഡി സിങ്, മെഹ്താബ് ഹുസൈൻ, മലയാളി താരം ജോപോൾ അഞ്ചേരി, ഇഷ്ഫാഖ് മുഹമ്മദ്, രാമൻ വിജയൻ, സന്ദിപ് നന്ദി എന്നി താരങ്ങളും ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ലുക്കാ മോഡ്രിച്ച് യൂറോപ്പിന്റെ താരം

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി ലുക്കാ മോഡ്രിച്ച്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗിലും ക്രോയേഷ്യയുടെ കൂടെ ലോകകപ്പിലും പുറത്തെടുത്ത അവിസ്മരണീയമായ പ്രകടനമാണ് താരത്തിന് അവാർഡ് നേടി കൊടുത്തത്.

റയൽ മാഡ്രിഡിൽ തന്റെ സഹ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂൾ താരം മുഹമ്മദ് സലയെയും പിന്തള്ളിയാണ് ലുക്കാ മോഡ്രിച്ച് വിജയിയായത്. റയൽ മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടവും ലുക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ക്രോയേഷ്യ മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റഷ്യ ലോകകപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു.

വോൾഫ്സ്ബർഗിന്റെ പെർന്നില്ലേ ഹാർഡർ ആണ് യൂറോപ്പിലെ മികച്ച വനിതാ താരം.

Exit mobile version