പെപ്പിന്റെ പ്രിയങ്കരൻ, സാവിയുടേയും. ബെർണാഡോ സിൽവക്കായി ബാഴ്‌സയുടെ നീക്കം

അടുത്ത സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ബാഴ്‌സ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവക്കായും ശ്രമം നടത്തിയേക്കും. താരത്തിന്റെ ഏജന്റ് ജോർജെ മെന്റസുമായി ബുധനാഴ്ച്ച നടത്തിയ ചർച്ചയിലാണ് ബാഴ്‌സലോണ തങ്ങളുടെ താൽപര്യം അറിയിച്ചത്.
കോച്ച് സാവിയുടെ ഇഷ്ടതാരത്തെ ടീം മാനേജ്‌മെന്റിനും ഏറെ താല്പര്യമുണ്ടെങ്കിലും, താരത്തെ ടീമിൽ എത്തിക്കുന്നത് ബാഴ്‌സക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമാവില്ല. 2025 വരെ കരാർ ബാക്കിയുള്ള പോർച്ചുഗീസുകാരനെ വിട്ട് കൊടുക്കാൻ സിറ്റിയും താല്പര്യപ്പെടുന്നില്ല.

പെപ്പ് ഗ്വാർഡിയോളയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഇരുപത്തിയേഴുകാരൻ കഴിഞ്ഞ സീസണിലും ടീം വിടാനുള്ള താൽപര്യം അറിയിച്ചിരുന്നു. എന്നാൽ പെപ്പിന്റെ നിർബന്ധം ഒന്നു കൊണ്ടു മാത്രം ടീമിൽ തുടരാൻ താരം സമ്മതിക്കുകയായിരുന്നു. മുൻ പോർച്ചുഗീസ് – ബാഴ്‌സ ലെജൻഡ് ഡെക്കോയുടെ ആരാധകനായ താരത്തിന് അദ്ദേഹത്തെ പോലെ ബാഴ്‌സ ജേഴ്‌സി അണിയണമെന്നാണ് ചിരകാലാഭിലാഷം.

Img 20210121 012321
Credit: Twitter

ടീം വിടാൻ സാധ്യതയുള്ള ഫ്രാങ്കി ഡിയോങ്ങിന് പകരക്കാരൻ ആയാണ് ബാഴ്‌സ ബെർണാഡോ സിൽവയെ കാണുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി ബാഴ്‌സക്ക് ഫ്രാങ്കിയെ കയ്യൊഴിയേണ്ടി വന്നേക്കും എന്നാണ് സൂചനകൾ. എങ്കിലും തങ്ങളുടെ സുപ്രധാന താരങ്ങളിൽ ഒരാളെ കൈമാറുമ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്രതീക്ഷിക്കുന്ന തുക ബാഴ്‌സക്ക് താങ്ങാൻ ആവുമോ എന്നതും സംശയകരമാണ്. താരങ്ങളെ പരസ്പ്പരം വെച്ചു മാറുന്നതും സാധ്യതയാണ്. ഡിയോങ്ങിനെ വൻതുകക്ക് കൈമാറാൻ സാധിച്ചില്ലെങ്കിൽ പകരം താരമെന്ന ഉദ്ദേശം ബാഴ്‌സ ഉപേക്ഷിക്കുകയും ചെയ്യും.

മെന്റസുമായുള്ള ചർച്ചയിൽ ബാഴ്‌സ താരം നിക്കോ അടക്കമുള്ളവരുടെ ഭാവി ചർച്ച ആയി. താരം ടീം വിടാൻ ഉദ്ദേശിക്കുന്നില്ലെന്നു മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. റൂബെൻ നെവസ് അടക്കം മെന്റസിന്റെ കീഴിൽ ഉള്ള കളിക്കാരുടെ പേരുകൾ ചർച്ചയിൽ വന്നു.

ആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൺ ഉടമ ഫാർഹാദ് മോശീരി

മോശം സീസണിന് പിറകെ ആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൻ ഉടമസ്ഥൻ ഫാർഹാദ് മോശീരി.ക്ലബ്ബ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് തന്റെ തെറ്റായ തീരുമാനങ്ങൾ ഏറ്റു പറഞ്ഞത്.

കഴിഞ്ഞ സീസണിൽ പതിനാറാം സ്ഥാനത്ത് മാത്രം എത്താനെ എവർടന് സാധിച്ചിരുന്നുള്ളൂ.
2016ൽ ടീമിനെ മോശീരി ഏറ്റെടുത്ത ശേഷം പുതിയ കളിക്കാരുടെ ഇറക്കുമതിക്ക് മാത്രം 500മില്യൺ പൗണ്ട് ചെലവാക്കിയതായാണ് കണക്ക്. എന്നാൽ ഇതിന്റെ ഫലം മൈതാനത്ത് കാണാതെ പോകുന്നതാണ് ആരാധരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലായി ഏകദേശം 372 മില്യൺ പൗണ്ട് നഷ്ടം ക്ലബ്ബ് രേഖപ്പെടുത്തിയിട്ടുണ്ട്. റാഫാ ബെനിറ്റസിനെ മാനേജറായി നിയമിച്ചതടക്കം പല കാര്യങ്ങളിലും മാനേജ്മെന്റ് വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. 16 മത്സങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടാൻ കഴിഞ്ഞ ബെനിറ്റ്സിനെ ജനുവരിയോടെ പുറത്താക്കി പകരം മുൻ ചെൽസി താരവും കോച്ചുമായ ലാംപാർഡിനെ നിയമിച്ചു. മോശം തുടക്കം ആയിരുന്നു എങ്കിലും പ്രീമിയർ ലീഗിൽ നിന്നും ടീമിനെ തരംതാഴാതെ നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു.

ഇതുവരെയുള്ള ക്ലബ്ബിന്റെ നടത്തിപ്പ് കാര്യങ്ങൾ എല്ലാം പുനരവലോകനം ചെയ്യുമെന്ന് മോശീരി കത്തിലൂടെ അറിയിച്ചു. മൈതാനത്തും ബാങ്കിലും ഒരു പോലെ നഷ്ടം നേരിടുന്ന ടീമിനെ ട്രാക്കിൽ എത്തിക്കാൻ ഇതോടെ സാധിക്കുമെന്നാണ് ശുഭാപ്തി വിശ്വാസം. ലാംപാർഡ് അടക്കം ടീമിൽ തുടരുമോ എന്നുള്ളത് ഇതിന് ശേഷം വ്യക്തമാവും.

2016ൽ ഈ ബ്രിട്ടീഷ് ഇറാനിയൻ വ്യാപാരി ഉടമസ്ഥത ഏറ്റെടുത്ത ശേഷം ഏഴ് മാനേജർമാരാണ് ടീമിനെ പരിശീലിപ്പിക്കാൻ ആയി എത്തിയത്. റിവർ മേഴ്‌സിയുടെ തീരത്ത് ടീമിനായി പുതിയ സ്റ്റേഡിയവും ഒരുങ്ങുന്നുണ്ട്.

ലക്കാസെറ്റെ ലിയോണിലേക്ക് മടങ്ങി എത്തി

ആഴ്‌സനൽ മുന്നേറ്റ താരം അലക്‌സാണ്ടർ ലക്കാസെറ്റെ ഇനി ലിയോണിൽ പന്തു തട്ടും. കരാർ ഒപ്പിട്ടതിന് പിന്നാലെ മെഡിക്കൽ പരിശോധനയും കഴിഞ്ഞതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. താരത്തെ ഇന്ന് ക്ലബ് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.

https://twitter.com/OL_English/status/1534785541614489601?t=9M_DY4yZ9u7e110mcKIdJA&s=19

ആഴ്‌സണലിന്റെ താരമായിരുന്ന ലകാസെറ്റെ അവർക്കായി 206 മത്സരങ്ങളിൽ നിന്നും 71 ഗോളുകൾ നേടിയിരുന്നു. അവസാന സീസണിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരത്തിന് ടീമിനായി ആറു ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.


2017ൽ ആഴ്‌സണലിൽ എത്തിയ താരം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് തന്റെ മുൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഫ്രഞ്ച് ലീഗിൽ ഗോളടിച്ചു കൂടിയിരുന്ന താരത്തെ റെക്കോർഡ് തുകക്കാണ് ഗണ്ണെഴ്സ് ടീമിൽ എത്തിച്ചത്. ആഴ്‌സനലിനൊപ്പം 2020ലെ എഫ്എ കപ്പ് വിജയിക്കാൻ താരത്തിന് കഴിഞ്ഞു.

ലിയോൺ യൂത്ത് ടീമുകളിലൂടെ വളർന്ന് വന്ന താരം ലണ്ടനിൽ എത്തുന്നതിന് മുൻപ് ഫ്രഞ്ച് ടീമിനായി 203 മത്സങ്ങളിൽ നിന്നും നൂറു ഗോളുകളും നേടിയിരുന്നു.ഈ സീസണോടെ ആഴ്‌സനലുമായി കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ലിയോൺ ടീമിൽ എത്തിക്കുന്നത്.

ഔബമയാങ്ങിന് പിറകെ ലക്കസെറ്റെയും ടീം വിട്ടതോടെ പുതിയ മുന്നേറ്റ താരത്തിനായുള്ള അന്വേഷണം ആഴ്‌സണൽ ശക്തിപ്പെടുത്തും.

ടീമിനോട് വിടപറയുന്ന 31 കാരനെ മാനേജർ ആർട്ടെറ്റ പുകഴ്ത്തി. പിച്ചിലും പുറത്തും ഒരു യഥാർത്ഥ നായകൻ ആയ താരം, ടീമിലെ യുവതാരങ്ങളെ സ്വാധീനിച്ചു എന്നും ക്ലബ്ബിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഇട്ട കുറിപ്പിൽ അദ്ദേഹം കുറിച്ചു.

അസുഖ ബാധിതൻ എന്ന് സെപ്പ് ബ്ലാറ്റർ. വിചാരണ ഒരു ദിവസം വൈകും

സ്വിറ്റ്സർലണ്ട് ഫെഡറൽ ക്രിമിനൽ കോർട്ടിന് മുൻപാകെ നടക്കുന്ന വിചാരണയിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് മുൻ ഫിഫ പ്രെസിഡണ്ട് സെപ്പ് ബ്ലാറ്റർ. അസുഖ ബാധിതൻ ആണ് താനെന്ന് കോടതിയിൽ എത്തിയ ബ്ലാറ്റർ അറിയിച്ചതോടെ വിചാരണ അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു.
2015ലാണ് സ്വിറ്റ്സർലണ്ടിലെ ഫെഡറൽ പ്രോസിക്യൂറ്റെഴ്‌സ് ഫിഫയിലെ അഴിമതിയെ കുറിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. 2011 ൽ ഏകദേശം 2 മില്യൺ അമേരിക്കൻ ഡോളർ മിഷേൽ പ്ലാറ്റിനിക്ക് അനർഹമായി കൈമാറിയതായി അവർ കണ്ടെത്തി. സെപ്പ് ബ്ലാറ്ററിന്റെ ഫിഫ പ്രസിഡന്റ് ആയുള്ള ആദ്യ പാദമായ1998 മുതൽ 2002 വരെയുള്ള ഘട്ടത്തിൽ ഉപദേശക സ്ഥാനത്ത് മാൽഡിനിയെ ഇരുന്നതിന്റെ പ്രതിഫലമായിട്ടായിരുന്നു ഇത്.

86 കാരനായ ബ്ലാറ്ററിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്. ഒന്നര വർഷം മുന്നേ ഹൃദയ ശസ്ത്രക്രിയയും തുടർന്ന് കോമയിലും ആയിരുന്നു ഇദ്ദേഹം.

ജൂൺ 22 വരെയാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ എട്ടോടെ വിധി പുറത്തു വരും. പ്രതികൂലമാണ് വിധിയെങ്കിൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ രണ്ടു പേരും തള്ളിപ്പറഞ്ഞിട്ടുണ്ട്. നീണ്ട പതിനേഴ് വർഷം ഫിഫയുടെ തലപ്പത്ത് ഇരുന്ന ബ്ലാറ്റർക്ക് അഴിമതി ആരോപണങ്ങൾ വന്നതോടെയാണ് പുറത്തു പോകേണ്ടി വന്നത്.

തങ്ങൾ കോടതി മുൻപാകെ നിരപരാധിത്വം തെളിയിക്കുമെന്നു മുൻ യുവേഫ പ്രസിഡന്റ് കൂടിയായ പ്ലറ്റിനി മാധ്യമങ്ങളോട് പറഞ്ഞു. പൂർണമായും നിയമപരമായാണ് പണം കൈമാറ്റം നടന്നെതെന്നും മുൻ ഫ്രഞ്ച് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

2016 ൽ ഇരുവരെയും ആറു വർഷത്തേക്ക് ഫുട്ബാൾ സംബന്ധമായ എല്ലാ മേഖലകളിലും നിന്നും വിലക്കിയിരുന്നു.

റെനാറ്റോ സാഞ്ചസ് എസി മിലാനിലേക്ക്

ലില്ലേയുടെ പോർച്ചുഗീസ് മിഡ്ഫീൽഡർ റെനേറ്റോ സാഞ്ചസ് എസി മിലാനിലേക്ക്. താരവുമായി വാക്കാലുള്ള കരാറിൽ മിലാൻ ടീം എത്തിയതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു.
കൈമാറ്റ തുകയടക്കം തുടർന്നുള്ള ദിവസങ്ങളിൽ ഇരു ക്ലബ്ബുകളും ചർച്ച ചെയ്യും.
ഫ്രാങ്ക് കേസ്സി ടീം വിട്ടതോടെ പുതിയ മിഡ്ഫീൽഡർക്ക് വേണ്ടിയുള്ള എസി മിലാന്റെ തിരച്ചിൽ ആണ് റെനേറ്റോ സാഞ്ചസിൽ എത്തിയത്. മുൻ ബെൻഫിക താരം ആയ സാഞ്ചസ് 2019ലാണ് ഫ്രഞ്ച് ടീമായ ലില്ലേയിൽ എത്തുന്നത്. ടീമിനായി ആറു ഗോളുകൾ നേടി.

ബെൻഫിക ബി ടീമിലും തുടർന്ന് സീനിയർ ടീമിലും കളിച്ച താരം 2016ൽ ബയേൺ മ്യൂണിക്കിലെത്തി.അന്നേ വരെ ഒരു പോർച്ചുഗീസ് ലീഗ് താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കൈമാറ്റ തുകയിലാണ് ബയേൺ താരത്തെ ടീമിൽ എത്തിച്ചത്.എന്നാൽ ആദ്യ സീസണിൽ തന്നെ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം, അവസരങ്ങൾ കുറഞ്ഞതോടെ തുടർന്നുള്ള സീസണിൽ സ്വാൻസി സിറ്റിയിൽ ലോണടിസ്ഥാനത്തിൽ കളിച്ചു. തുടർന്ന് ബയെണിലേക്ക് തിരിച്ചെത്തിയ താരത്തെ ലില്ലേ സ്വന്തമാക്കുകയായിരുന്നു. പത്ത് വർഷത്തെ കിരീട വരൾച്ചക്ക് ശേഷം 2021ൽ ലീഗ് കിരീടം നേടിയ ലില്ലേയുടെ ടീമിലെ നിർണായക സാന്നിധ്യമായി.
ടീമുകൾ തമ്മിൽ കരാർ ഉറപ്പിക്കുന്നതോടെ താരത്തെ സാൻ സീറോയിൽ കാണാൻ ആവും

സെർജി റോബർട്ടോ ബാഴ്‌സലോണയിൽ തുടരും

സെർജി റോബർട്ടോക്ക് ബാഴ്‌സലോണയിൽ പുതിയ കരാർ. നിലവിലെ കരാർ ജൂൺ 30 ന് അവസാനിക്കാനിരിക്കെയാണ് ടീം പുതിയ ഓഫർ മുന്നോട്ടു വെച്ചത്. ഈ ആഴ്ച്ച തന്നെ പുതിയ കരാർ ഒപ്പിടുമെന്നാണ് സൂചനകൾ. പരിക്ക് മൂലം കഴിഞ്ഞ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ഇറങ്ങാൻ കഴിഞ്ഞത്.താരത്തിന്റെ പരിക്കും ടീമിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയും കണക്കിൽ എടുത്തു പുതിയ കരാർ നൽകുന്നതിൽ മാനേജ്‌മെന്റ് ഇതുവരെ വിമുഖത കാണിക്കുകയിരുന്നു. നിലവിലെ വരുമാനത്തിൽ 60% വരെ കുറവ് വരുത്തിയാണ് റോബർട്ടോയെ ടീമിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നത്. കോച്ച് സാവിയുടെ നിലപാട് അനുകൂലമായത് നിർണായകമായി.

ബാഴ്സലോണയിൽ 2006 മുതൽ ഉള്ള താരമാണ് സെർജി റൊബേർടോ. 12 കിരീടങ്ങൾ താരം സീനിയർ ടീമിനൊപ്പം നേടിയിട്ടുണ്ട്.

മിലാനിൽ തുടരാൻ ഇബ്രഹിമോവിച്: ചർച്ചകൾ അടുത്ത ദിവസങ്ങളിൽ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സീരി എ ചാമ്പ്യന്മാരായ എസി മിലാന്റെ ഇത്തവണത്തെ ടീമും ഇതിന് മുൻപ് ജേതാക്കൾ ആയ 2011ലെ ടീമും തമ്മിൽ ഒരേയൊരു സാമ്യമാണുള്ളത്. രണ്ടു ടീമിലും പ്രചോദനവും ആവേശവുമായ മുന്നേറ്റനിരയിലെ സ്‍ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇത്തവണ കപ്പുയർത്തിയ ശേഷം ഡ്രസിങ് റൂമിലെ സ്‍ലാട്ടന്റെ വാക്കുകൾ മിലാൻ ആരാധകരെ മാത്രമല്ല, ഫുട്ബോൾ പ്രേമികളെ മുഴുവൻ ആവേഷത്തിലാഴ്ത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം അപ്രമാദിത്വത്തിലേക്ക് കുതിക്കുന്ന ടീമിൽ നാല്പത്തിന്റെ ഇളപ്പത്തിലും ആരാധകരുടെയും ടീമിന്റെയും പ്രിയതാരത്തെ നിലനിർത്താൻ തന്നെയാണ് എസി മിലാൻ മാനേജ്‌മെന്റിന്റെ തീരുമാനം.
പരിക്കും ശസ്‌ത്രക്രിയയും മൂലം ഇനിയും ഏഴോ എട്ടോ മാസം പുറത്തിരിക്കേണ്ടി വരുമെങ്കിലും ഇബ്രയെ കൈവിടാൻ തയ്യാറല്ല മിലാൻ ടീം.
പൗലോ മാൽഡിനി അടക്കമുള്ള ഭാരവാഹികളുമായുള്ള കരാർ ചർച്ചകൾ തുടർന്നുള്ള ദിവസങ്ങളിൽ തന്നെ നടക്കും. കരാർ തുകയിൽ കുറവുണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

“ബാഴ്സലോണ മാത്രമെ അജണ്ടയിൽ ഉള്ളൂ” വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി

വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി

ടീം വിടാനുള്ള തന്റെ താൽപര്യം വീണ്ടും വ്യക്തമാക്കി ലേവൻഡോസ്കി. പോളിഷ് മാധ്യമമായ ഓണെറ്റ് സ്‌പോർടിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ ഉള്ളിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുക ആണെന്നും, മാനസികമായി എല്ലാം വീണ്ടെടുക്കാൻ ബയെൺ വിടാതെ മറ്റു മർഗമില്ലെന്നുംപറഞ്ഞു.
എന്തു കൊണ്ടാണ് ബാഴ്‌സലോണയുമായി മാത്രം ചർച്ചകൾ നടത്തുന്നതെന്ന ചോദ്യത്തിന് താൻ മറ്റ് ക്ലബുകളിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കുന്നില്ല എന്നും ബാഴ്‌സ മാത്രമേ നിലവിൽ തന്റെ അജണ്ടയിൽ ഉള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.

നേരത്തെയും ടീം വിടാനുള്ള താൽപര്യം പോളണ്ട് താരം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബയെൺ പ്രെസിഡന്റ് ഹെർബെർട്ട് ഹായ്നർ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ലെവൻഡോസ്കിക്ക് ക്ലബുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ ഇത്തരം പരസ്യ പ്രസ്താവനകൾ ഒഴിവാക്കേണ്ടത് ആണെന്ന് അദ്ദേഹം പറഞ്ഞു. താരത്തെ ഒരു വർഷം കൂടി ക്ലബ്ബിൽ നിലനിർത്താൻ ആവും എന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വീണ്ടും പരസ്യ പ്രസ്താവനയുമായി താരം വന്നതോടെ കാര്യങ്ങൾ എന്താവും എന്ന ഉദ്വേഗത്തിൽ ആണ് ആരാധകർ

ബാഴ്‌സലോണ പ്രീസീസൺ തിരക്കുകളിലേക്ക്, സീസണിലെ ആദ്യ എൽ ക്ലാസിക്കോ അമേരിക്കയിൽ വെച്ച്

അടുത്ത സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലേക്ക് ബാഴ്‌സലോണ. ടീമിന്റെ ഒരുക്കങ്ങൾ ജൂലൈ 4 മുതൽ ആരംഭിക്കും. ഇത്തവണ അമേരിക്കയിൽ വെച്ചാവും സീസണിന് മുന്നോടിയായി ടീമിനെ ഒരുക്കാൻ കോച്ച് സാവിക്ക് അവസരം ലഭിക്കുക. പ്രീസീസണിൽ എം എൽ എസ് ടീമുകളുമായി നടക്കുന്ന മത്സരങ്ങളുടെ തിയ്യതി ടീം പുറത്തു വിട്ടു.

ജൂലൈ 19ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ ഇന്റർ മയാമിയുമായി ഏറ്റുമുട്ടും. ന്യൂയോർക്ക് റെഡ് ബുൾസുമായുമായുള്ള മത്സരം ജൂലൈ 31ന് ആണ് നടക്കുക. യുവന്റസ്, റയൽ മാഡ്രിഡ് ടീമുകളും ഇത്തവണ അമേരിക്കയിൽ വെച്ചാണ് സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്ക് എത്തുന്നത്. ഈ ടീമുകളും ബാഴ്‌സയുമായി മത്സരങ്ങൾ ഉണ്ടെങ്കിലും തിയതി നിശ്ചയിച്ചിട്ടില്ല. ഇത്തവണ പ്രീസീസണിൽ തന്നെ എൽ ക്ലാസിക്കോ ആസ്വദിക്കാൻ ആരാധകർക്ക് സാധിക്കും.

രഞ്ജി ട്രോഫി: സെഞ്ചുറിയുമായി സുദീപ് ഘരമി. ശക്തമായ നിലയിൽ ബംഗാൾ

രഞ്ജി ട്രോഫി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ ജാർഖണ്ഡിനെതിരെ ബംഗാൾ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പ് എടുക്കുമ്പോൾ മുന്നൂറ്റി പത്ത് റൺസിന് ഒരു വിക്കറ്റ് എന്ന ശക്തമായ നിലയിലാണ് ബംഗാൾ.
സെഞ്ചുറി നേടിയ സുദീപ് കുമാർ ഘരമിയാണ് ബംഗാൾ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്.

ഇരുനൂറ്റിനാല് ബോൾ നേരിട്ട താരം പതിമൂന്ന് ഫോറും ഒരു സിക്‌സും അടക്കം പുറത്താവാതെ നൂറ്റിയാറ് റൺസ് നേടി. ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (65), അഭിഷേക് രാമൻ (41), അനുസ്പുത് മജൂംദാർ (85*) എന്നിവർ പിന്തുണ നൽകി.
നേരത്തെ ടോസ് ടോസ് നേടിയ ജാർഖണ്ഡ് ക്യാപ്റ്റൻ സൗരഭ് തിവാരി ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അഭിഷേക് രാമനും അഭിമന്യു ഈശ്വരനും ബംഗാളിന് മികച്ച തുടക്കം നൽകി. ഓപ്പണർ അഭിഷേക് രാമൻ റിട്ടയർഡ് ഹെർട്ട് ആയി കയറി. ജാർഖണ്ഡ് ആദ്യ ദിനം വീഴ്ത്തിയ ഒരേയൊരു വിക്കറ്റ് സുശാന്ത് ശർമ്മ ശർമ്മ നേടി.

മത്സരം ബഹിഷ്‌കരിച്ച് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി കനേഡിയൻ പുരുഷ ഫുട്ബോൾ ടീം

വരുമാനമടക്കമുള്ള വിഷയങ്ങളിൽ ദേശീയ ഫെഡറേഷനോട് ഇടഞ്ഞ് കനേഡിയൻ പുരുഷ ഫുട്ബോൾ ടീം. പനാമയുമായി നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരത്തിൽ നിന്നും ടീം അവസാന നിമിഷം പിന്മാറി. ലോകക്കപ്പ് വഴി ഫിഫയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 40% കളിക്കാർക്കിടയിൽ വീതിക്കുക, സുഹൃത്തുക്കൾക്കും കുടുംബത്തിനും ലോകകപ്പിൽ പങ്കെടുക്കാൻ ഉള്ള പാക്കേജുകൾ അനുവദിക്കുക, വനിതാ ടീമിനും പുരുഷ ടീമിന്റേതിന് തുല്യമായ വരുമാന ഘടന നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കളിക്കാർ ഫെഡറേഷനുമായി ചർച്ചകൾ നടത്തി വരികയായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ടു പോകാത്തതിനാൽ തങ്ങൾ മത്സരം ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാൻ നിർബന്ധിതരായെന്ന് കളിക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.മാർച്ച് മാസം മുതൽ ഈ ആവശ്യങ്ങളുമായി തങ്ങൾ ഭാരവാഹികളെ സമീപിച്ചു ചർച്ചക്ക് ക്ഷണിച്ചു എന്നും എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ലെന്ന് മാത്രമല്ല, കാര്യങ്ങൾ വൈകിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത് എന്നും കളിക്കാർ ആരോപിച്ചു.

1986 ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ടീം തങ്ങളുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണെന്ന് വാദിക്കുന്നു. നിലവിൽ ഫിഫയിൽ നിന്നുള്ള ലോകകപ്പ് സംബന്ധമായ വരുമാനത്തിന്റെ 10% മാത്രമാണ് കളിക്കാർക്ക് ലഭിക്കുക.
തങ്ങളുടെ അയൽക്കാർ അമേരിക്ക പുരുഷ വനിതാ ടീമുകൾക്ക് തുല്യ വേതനം നടപ്പാക്കിയതും കനേഡിയൻ കളിക്കാരെ സ്വാധീനിച്ചു.
നേരത്തെ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനവും കഴിഞ്ഞ രണ്ടു ദിവസമായി ടീം ബഹിഷ്കരിച്ചിരുന്നു.

ബാഴ്സലോണയുടെ ട്രിങ്കാവോക്ക് വേണ്ടി വലവിരിച്ച് സ്പോർട്ടിങ്

പോർച്ചുഗീസ് വിങ്ങർ ഫ്രാൻസിസ്കോ ട്രിങ്കാവോയെ ഈ തവണത്തെ താര കൈമാറ്റ വിപണിയിലെ തങ്ങളുടെ ആദ്യ ലക്ഷ്യമാക്കി സ്പോർട്ടിങ് ലിസ്ബൺ. കഴിഞ്ഞ സീസണിൽ ബാഴ്‌സയിൽ നിന്നും പ്രീമിയർ ലീഗിൽ വോൾവ്സിൽ ലോണടിസ്ഥാനത്തിൽ കളിച്ച താരത്തെ ഏതുവിധേനയും ടീമിൽ എത്തിക്കാൻ ആണ് പോർച്ചുഗീസ് വമ്പന്മാരുടെ തീരുമാനം.

2020ൽ എസ് സി ബ്രാഗയിൽ നിന്നും ബാഴ്‌സയിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല. വോൾവ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ മുപ്പത് മത്സരങ്ങളിൽ ഇറങ്ങിയ താരം മൂന്ന് ഗോളുകൾ സ്വന്തമാക്കി.

ബ്രാഗയിലെ മുൻ കോച്ച് ആയിരുന്ന റൂബെൻ അമോരിമാണ് നിലവിൽ സ്പോർട്ടിങ്ങിന്റെ മാനേജർ ചുമതയിൽ ഉള്ളത് എന്നതും താരത്തിനെ സ്വാധിനിച്ചേക്കാവുന്ന ഘടകമാണ്.

Exit mobile version