പാബ്ലോ ടോറെ ഇനി ബാഴ്‌സലോണ താരം

മൂന്നാം ഡിവിഷൻ ടീമിൽ നിന്നും സ്പെയിൻ ദേശിയ അണ്ടർ-19 ടീമിലെ സ്ഥിരക്കാരൻ ആയ പാബ്ലോ ടോറെ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടു കെട്ടും. ലാ ലീഗ സെക്കന്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ റേസിങ് ക്ലബ്ബിൽ നിന്നുമാണ് താരം ബാഴ്‌സയിൽ എത്തുന്നത്.

ഏകദേശം അഞ്ചു മില്യൺ യൂറോയുടെ അടിസ്ഥാന കരാറിൽ ഇരു ക്ലബ്ബുകളും നേരത്തെ എത്തിയിരുന്നു. ടോറെയുടെ പ്രകടന മികവ് അനുസരിച്ചു 20 മില്യൺ യൂറോ വരെ റേസിങ്ങിന് ബാഴ്‌സയിൽ നിന്നും നേടാൻ ആവും.

Img 20220615 102349
2020 മുതൽ റേസിങ് ഡെ സന്റാണ്ടർ സീനിയർ ടീമിന്റെ ഭാഗമാണ്. 48 മത്സരങ്ങൾ ഇതുവരെ ടീമിനായി കളിച്ചു. മൂന്നാം ഡിവിഷൻ ജേതാക്കൾ ആയ റേസിങ്ങിന്റെ മധ്യനിരക്ക് സീസൺ മുഴുവൻ ചാലകശക്തി ആയത് ഈ പത്തൊമ്പതുകാരൻ ആയിരുന്നു. അവസാന മത്സര ശേഷം കണ്ണീരോടെ സ്റ്റേഡിയത്തിൽ വിട പറഞ്ഞ ടോറെക്ക് ആരാധകർ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്.

ബാഴ്‌സ ബി ടീമിനോടൊപ്പം ആവും താരം ചേരുക. എന്നാൽ ഫസ്റ്റ് ടീമിനോടൊപ്പവും കൂടുതലായി താരത്തെ ഉപയോഗിക്കാൻ ആണ് നിലവിൽ ബാഴ്‌സ മാനേജ്‌മെന്റ് തീരുമാനം.

ബുധനാഴ്ച്ച ക്യാമ്പ് ന്യൂവിൽ വെച്ചു ബാഴ്‌സയും ടോറെയും കരാറിൽ ഒപ്പിടും. നൂറു മില്യൺ റിലീസ് ക്ലോസും കരാറിന്റെ ഭാഗമായി ഉണ്ട്.

കടുപ്പിച്ച് സാവി, “ഒതുങ്ങാൻ” പിക്വേ

വർഷങ്ങളായി ബാഴ്‌സ ഡിഫെൻസിലെ നട്ടെല്ലാണ് ജെറാർഡ് പിക്വേ. ടീം ക്യാപ്റ്റന്മാരിൽ ഒരാൾ. കളത്തിന് പുറത്തുള്ള ബിസിനസുകളിലും കേമൻ. സ്വന്തമായി ക്ലബ്ബ് വരെയുണ്ട്; എഫ്സി അണ്ടോറ. ഫ്രഞ്ച് ലീഗിന്റെ സ്പെയിനിലെ സംപ്രേഷണാവകാശം നേടിയത് പിക്വേക്ക് കൂടി ഓഹരിയുള്ള കോസ്മോസ് ഹോൾഡിങായിരുന്നു. എന്നാൽ കളത്തിന് പുറത്തുള്ള പിക്വേയുടെ കളികൾ കൂടുന്നതായി താരത്തോട് സൂചിപ്പിച്ചിരിക്കുകയാണ് സാവി. പൂർണമായും പിച്ചിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ടീമിൽ സ്ഥാനം നൽകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ബാഴ്‌സ കോച്ച്.

വ്യക്തിപരമായ പ്രശ്നങ്ങളിലും തന്റെ ബിസിനസുകളിലും കൂടുതലായി ശ്രദ്ധിച്ചത് കാരണം പിച്ചിലെ പ്രകടനത്തിലും താരത്തിന്റെ ഫിറ്റ്നെസിലും ഇത് പ്രതിഫലിച്ചതായി സാവി കരുതുന്നു.

എന്നാൽ താൻ പഴയ ഫോമിലേക്ക് തിരിച്ചു വരാൻ കഠിന പ്രയത്നം തന്നെ നടത്തുമെന്ന് കോച്ചിന് പിക്വേ വാക്ക് കൊടുത്തതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടീം വിടാനുള്ള കാര്യം പരിഗണിക്കണമെന്ന് വരെ സാവിയിൽ നിന്ന് കേട്ടതോടെ ടീമിൽ തുടരണമെങ്കിൽ അത്യധ്വാനം തന്നെ ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിൽ ആണ് പിക്വേ. പ്രസിഡന്റ് ലപോർട്ടയേയും കണ്ട് താരം ഈ കാര്യങ്ങൾ വിശദീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ കൂടിയ സോഷ്യൽ മീഡിയ ഉപയോഗം കുറക്കുമെന്നും മറ്റ് ബിസിനസുകളിൽ നിന്നും മാറി പൂർണമായും മൈതാനത്ത് തന്നെ ശ്രദ്ധിക്കുമെന്നും പിക്വേ വാക്ക് കൊടുത്തിട്ടുണ്ട്.

വേതനത്തിൽ ഈയിടെ കുറവ് വരുത്തിയിരുന്നെങ്കിലും ഇപ്പോഴും ഗണ്യമായ തുക പിക്വേക്ക് നൽകേണ്ടതിനാലാണ് പ്രകടനം മെച്ചപ്പെടുത്തുന്നില്ലെങ്കിൽ ടീം വിടുന്ന കാര്യം ഗൗരവമായി പരിഗണിക്കാൻ താരത്തോട് സാവിയും മാനേജ്‌മെന്റും ആവശ്യപ്പെട്ടത്. 2024 വരെ പിക്വേക്ക് ബാഴ്‌സിയിൽ കരാർ ബാക്കിയുണ്ട്. ക്രിസ്റ്റൻസൻ, അറോഹോ, എറിക് ഗർഷ്യ എന്നിവർ ഉള്ളതിനാൽ ഉദ്ദേശിച്ച പ്രകടനം ലഭിക്കാത്ത പക്ഷം പിക്വേയെ ബഞ്ചിലിരുത്താൻ സാവിക്ക് മറിച്ചു ചിന്തിക്കേണ്ടി വരില്ല.

എത്ര സീനിയർ താരം ആണെങ്കിലും താൻ ഉദ്ദേശിക്കുന്ന ഫലം ലഭിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കാൻ മടിക്കിലെന്ന ശക്തമായ സന്ദേശമാണ് സാവി നൽകാൻ ആഗ്രഹിക്കുന്നതും

ഗിൽമോറുമായുള്ള കരാർ ചെൽസി പുതുക്കി

യുവ താരം ബില്ലി ഗിൽമോറുമായുള്ള കരാർ പുതുക്കി ചെൽസി. ഇതോടെ താരത്തിന് 2024 വരെ ചെൽസിയിൽ തുടരാൻ ആവും.

2017ലാണ് സ്‌കോട്ലണ്ടുകാരൻ റേഞ്ചേഴ്‌സിൽ നിന്നും ചെൽസിയിൽ എത്തുന്നത്. അവസാന സീസണിൽ നോർവിച്ചിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. ചെൽസിക്ക് വേണ്ടി 22 മത്സരങ്ങളിൽ ബൂട്ടു കെട്ടി. നോർവിച്ച് കുപ്പായത്തിൽ 28 മത്സരങ്ങളിലും ഇറങ്ങി. ഫ്രാങ്ക് ലാംപാർഡിന്റെ ചെൽസി ടീമിൽ ഇടം കണ്ടെത്തിയിരുന്നെങ്കിലും ടൂഷൽ എത്തിയതോടെ ടീമിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഇതോടെ താരത്തെ ലോണിൽ വിടാൻ ടീം തീരുമാനിക്കുകയായിരുന്നു.

നിലവിൽ നാഷൻസ് ലീഗ് കളിക്കുന്ന സ്‌കോട്ലണ്ട് ടീമിന്റെ ഭാഗമാണ്. ദേശിയ ടീമിന് വേണ്ടി 14 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ലൂക്ക് ഡിയോങ് മെക്സിക്കൻ ലീഗിൽ കളിച്ചേക്കും

സെവിയ്യയുടെ മുന്നേറ്റതാരം ലൂക്ക് ഡിയോങിന് വേണ്ടി മെക്സിക്കൻ ലീഗിൽ നിന്നും ആവശ്യക്കാർ. മെക്സിക്കൻ ഫസ്റ്റ് ഡിവിഷനിലെ ടോലൂക്കയാണ് സെവിയ്യക്ക് മുന്നിൽ ഓഫറുമായി എത്തിയിരിക്കുന്നത്. താരത്തെ കൈമാറാൻ തയ്യാറായ ക്ലബ്ബ്, കൈമാറ്റ തുക സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു മുപ്പത്തിയൊന്നുകാരൻ. 2019ലാണ് പിഎസ്‌വിയിൽ നിന്നും ലാ ലീഗയിൽ എത്തുന്നത്. സെവിയ്യക്ക് വേണ്ടി 94 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ നേടി. ബാഴ്‌സയിൽ 29 മത്സരങ്ങളിൽ നിന്നും 7 ഗോളുകളും നേടാൻ സാധിച്ചു. ബാഴ്‌സയിൽ തന്നെ തുടരാനുള്ള ആഗ്രഹം അറിയിച്ചിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് ഇത് പരിഗണിച്ചില്ല. സെവിയ്യയും നെതർലണ്ട്സ് താരത്തെ തങ്ങളുടെ ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.

നേരത്തെ എഡിസൻ കവാനിക്ക് വേണ്ടിയും ടോലൂക്ക ശ്രമിച്ചിരുന്നു. എന്നാൽ താരം യൂറോപ്പ് വിടാൻ ആഗ്രഹിക്കാത്തതിനാൽ ആണ് അടുത്ത സാധ്യതതായി ലൂക്ക് ഡിയോങ്ങിനെ സമീപിച്ചത്.

ഡെസ്റ്റിൽ വിശ്വാസം അർപ്പിച്ച് സാവി, അടുത്ത സീസണിലും ടീമിൽ തുടരാൻ സാധ്യത

അമേരിക്കൻ റൈറ്റ് ബാക്ക് സെർജിന്യോ ഡെസ്റ്റിന് ടീമിൽ തുടർന്നും അവസരം നൽകാൻ ബാഴ്‌സലോണ കോച്ച് സാവി. താരക്കൈമാറ്റ വിപണിയിൽ ഇറക്കിയാൽ മികച്ച വരുമാനം നേടിത്തരാൻ സാധ്യതയുള്ള താരമാണെന്നതിനാൽ ബാഴ്‌സ ഡെസ്റ്റിനോട് ടീം വിടാൻ നിർദേശിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ നിലവിൽ താരത്തിന്റെ പ്രകടനത്തിൽ സാവി തൃപ്തനാണെന്നാണ് സൂചനകൾ. റൈറ്റ് ബാക്ക് സ്ഥാനത്ത് സീനിയർ താരം ആൽവെസ് ടീമിൽ തുടർന്നേക്കുമെങ്കിലും ഡെസ്റ്റിന് തന്നെ മുൻഗണന കൊടുക്കാനാണ് സാവിയുടെ തീരുമാനം. അത്യാവശ്യ ഘട്ടങ്ങളിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തും ഇറങ്ങി തിളങ്ങിയിട്ടുണ്ട്.

പ്രായം അനുകൂല ഘടകം ആയ ഇരുപത്തിയൊന്ന്കാരന് ഇനിയും ഒരുപാട് മെച്ചപ്പെടാൻ ആവുമെന്നും സാവി കണക്ക് കൂട്ടുന്നു.
2020ലാണ് സെർജിന്യോ ഡെസ്റ്റ് ബാഴ്‌സയിൽ എത്തുന്നത്. അയാക്സിൽ ആദ്യ ഇലവനിലെ സ്ഥിരക്കാരൻ അല്ലാതിരുന്നിട്ടും യുവതാരത്തിന്റെ പ്രതിഭയിൽ ബാഴ്‌സ വിശ്വാസം അർപ്പിക്കുകയായിരുന്നു.

ജനുവരിയിൽ ഡാനി ആൽവെസ് ടീമിലേക്ക് തിരിച്ചു വന്ന ശേഷം ലാലീഗ മത്സരങ്ങളിൽ മിക്കവാറും ബെഞ്ചിൽ ആയിരുന്നു ഡെസ്റ്റിന്റെ സ്ഥാനം. എന്നാൽ അടുത്ത സീസണിൽ ആൽവസിനും കരാർ പുതുക്കി ടീമിനൊപ്പം തുടരുന്ന സെർജി റോബർട്ടോക്കും മുകളിൽ ഡെസ്റ്റിന് തന്നെ സാവി അവസരങ്ങൾ നൽകിയേക്കും. ടീമിലെ പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളോടൊപ്പം മൈതാനത്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് ഡെസ്റ്റിനും ഭാവിയിൽ ടീമിനാകെയും മുതൽക്കൂട്ടാവും.

വീണ്ടും സ്‌ക്രീനിയക്ക് വേണ്ടി പി എസ് ജി രംഗത്ത്

ഇന്റർ മിലാന്റെ സ്ലോവാക്യൻ പ്രതിരോധ താരം സ്ക്രിനിയറിൽ വീണ്ടും താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന് പിഎസ്ജി പുതുതായി കൊണ്ടു വരാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് സ്ക്രിനിയർ.
എന്നാൽ ഇന്റർ മിലാൻ ഇതുവരെ പിഎസ്ജിയോട് ചർച്ചക്ക് സമ്മതം മൂളിയിട്ടില്ല. ഇന്ററിന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഈ ഇരുപത്തിയേഴുകാരന് ഇന്റർ എത്ര വിലയിടും എന്നതും പിഎസ്ജി ഉറ്റു നോക്കുന്നുണ്ട്. സ്‌ക്രിനിയർക്ക് പുറമെ മറ്റൊരു പ്രതിരോധ താരം ബസ്തോനിക്കും മറ്റ് ക്ലബ്ബുകളിൽ നിന്നും ഓഫർ ഉള്ളതിനാൽ ഇന്ററിന്റെ പ്രതികരണം എന്താകും എന്നത് ഇതു വരെ വ്യക്തമല്ല.

നിലവിൽ തങ്ങളുടെ ആദ്യ മുൻഗണന ഡിബാല അടക്കമുള്ളവരുടെ കൈമാറ്റത്തിൽ ആയതിനാൽ അതിന് ശേഷം മാത്രമേ പിഎസ്ജിയുമായി കൂടുതൽ ചർച്ചകളിലേക്ക് ഇന്റർ മിലാൻ കടക്കാൻ സാധ്യതയുള്ളൂ.

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് മിലാൻ സ്ക്രിനിയർ. 2017ലാൻ ഇന്റർ മിലാന്റെ നിരയിൽ എത്തുന്നത്. ഇതുവരെ 215 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി ഇറങ്ങി. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്റർ മിലാൻ സീരി എ ജേതാക്കൾ ആയപ്പോൾ ടീമിലെ നിർണായക സാന്നിധ്യം ആയി.

ഐപിഎൽ സംപ്രേക്ഷണാവകാശം: ആമസോൺ പിന്മാറി

2023 മുതൽ അഞ്ചു സീസണിലേക്ക് ഐപിഎൽ സംപ്രേക്ഷണാവകാശം നേടിയെടുക്കാൻ ഉള്ള പോരാട്ടത്തിൽ നിന്നും ആമസോൺ പിന്മാറി. ലേല തുക അടങ്ങിയ അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന ദിവസവും ആമസോണിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായില്ലെന്ന് ബിസിസിഐയിലെ ഒരു മുതിർന്ന വക്താവ് പ്രതികരിച്ചു. ഇതോടെ നാല് വ്യത്യസ്ത വിഭാഗങ്ങളിൽ ആയി നടക്കുന്ന ലേലത്തിലേക്കുള്ള അപേക്ഷരുടെ എണ്ണം പത്തായി.

ഡിജിറ്റൽ – ടിവി രംഗങ്ങളിലെ ഭീമൻമാരായ സ്റ്റാർ ഡിസ്‌നി, സീ, സോണി കൂടെ റിലയൻസ് ഉടമസ്ഥതയിൽ ഉള്ള വയകോം 18 എന്നിവർ എല്ലാം തങ്ങളുടെ ബിഡ് സമർപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടിവി, ഒട്ടിട്ടി, വിദേശ രാജ്യങ്ങളിലെ സംപ്രേക്ഷണം എന്നിവക്ക് ഇത്തവണ വ്യത്യസ്ത അപേക്ഷകൾ നല്കണം.
റിലയൻസ് കൂടി പങ്കെടുക്കുന്നതോടെ സ്റ്റാർ ഡിസ്‌നി അടക്കമുള്ള ഭീമന്മാർക്ക് അടുത്ത അഞ്ചു വർഷത്തെ ഐപിഎൽ സംപ്രേഷണാവകാശം നേടിയെടുക്കുന്നത് എളുപ്പമാവില്ല.

ലേലത്തിൽ നിന്നും പിന്മാറാൻ ഉള്ള കാരണം ആമസോൺ വെളിപ്പെടുത്തിയിട്ടില്ല.

ഫോൻസെക്ക ലില്ലെയുമായി ചർച്ചയിൽ, പരിശീലകസ്ഥാനം ഏറ്റെടുക്കും

മുൻ റോമ പരിശീലകൻ പൗലോ ഫോൻസെക ലില്ലേയുമായി നടത്തി വരുന്ന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. കരാർ ഒപ്പിടുന്നതോടെ മുൻ ഫ്രഞ്ച് ചാംപ്യന്മാരെ പരിശീലിപ്പിക്കാൻ പോർച്ചുഗീസുകാരൻ എത്തും.

2021ൽ എഎസ് റോമയിൽ നിന്നും പുറത്തു വന്ന ശേഷം മറ്റു ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നില്ല. മുൻപ് ശക്തർ ഡോനെസ്ക്, പോർട്ടോ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

2020ൽ ലീഗ് ചാമ്പ്യന്മാരായ ലില്ലേ ഇത്തവണ പത്താം സ്ഥാനം മാത്രം എത്തിയതോടെയാണ് നിലവിലെ മാനേജർ ജെസീലിൻ ഗോവെനെകിനെ പുറത്താക്കാൻ തീരുമാനിച്ചത്.2020-21 സീസണിൽ കിരീടം നേടിയ ശേഷം സ്ഥാനം ഒഴിഞ്ഞ ഗാൾട്ടിയറിന് പകരക്കാരൻ ആയാണ് ഗോവെനെക് ലില്ലേയിൽ എത്തിയത്. പക്ഷെ കിരീടം നേടിയ സീസണിലെ മികവ് ആവർത്തിക്കാൻ ടീമിനായില്ല.

യൂറോപ്പിലെ വിവിധ ലീഗുകളിൽ പരിശീലിപ്പിച്ചു പരിചയം ഉള്ള നാല്പത്തിയൊമ്പത്കാരന് ടീമിനെ കിരീടങ്ങളിലേക്ക് നയിക്കാൻ കഴിയുമെന്ന് മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നു.

ഒടുവിൽ റിക്വി പുജ് ബാഴ്‌സ വിടുന്നു

നാല് വർഷത്തോളം സീനിയർ ടീമിനോടൊപ്പം ഉണ്ടായിട്ടും ആദ്യ പതിനൊന്നിൽ ഇടം പിടിക്കാൻ ബുദ്ധിമുട്ടിയ റിക്കി പുജ് ഒടുവിൽ എഫ്സി ബാഴ്‌സലോണയിൽ നിന്നും പുറത്തേക്ക്. കൂടുതൽ അവസരങ്ങൾ തേടി ക്ലബ്ബ് വിടാൻ നിർബന്ധിതനായിരിക്കുകയാണ് താരം.
കോച്ച് സാവിയും താരത്തോട് മറ്റ് ക്ലബുകളിൽ കളിക്കുന്നതിനെ കുറിച്ച് നിർദേശിച്ചതായാണ് വിവരങ്ങൾ.

ബെൻഫിക അടക്കമുള്ള ടീമുകൾ സ്പാനിഷ് താരത്തിൽ താൽപര്യം അറിയിച്ചതായി സ്പാനിഷ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപും ലാ ലീഗയിലെ ടീമുകൾ അടക്കം ഓഫറുമായി വന്നിരുന്നെങ്കിലും താരം ബാഴ്‌സ വിടാൻ തയ്യാറായിരുന്നില്ല. സാവി മാനേജർ സ്ഥാനം ഏറ്റെടുത്ത ശേഷവും ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയാത്തതും താരത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

മുൻപ് സെൽറ്റ വീഗൊ അടക്കമുള്ള ക്ലബ്ബുകൾ കരാർ നൽകാനായി മുന്നോട്ടു വന്നിരുന്നു. എന്നാൽ ടീം വിടാൻ തയ്യാറാകാതിരുന്ന താരം, പതിയെ ആദ്യ ഇലവനിലെ സ്ഥാനം നേടിയെടുക്കാൻ കഴിയുമെന്നും പ്രതീക്ഷിച്ചു. എന്നാൽ തനിക്ക് ശേഷം സീനിയർ ടീമിൽ എത്തിയ പെഡ്രി, ഗവി തുടങ്ങിയവർ ആദ്യ ഇലവനിൽ സ്ഥിരക്കാർ ആയതോടെ മറ്റു മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് ഈ മധ്യനിര താരം. 2018-19 സീസൺ മുതൽ ഇതുവരെ അറുപത്‌ മത്സരങ്ങളിൽ മാത്രമെ ബാഴ്‌സക്ക് വേണ്ടി മൈതാനത്ത് ഇറങ്ങാനെ പുജിന് സാധിച്ചുള്ളൂ. പ്രായം അനുകൂല ഘടകം ആണെങ്കിലും തുടർന്നും ആദ്യ ഇലവനിലെ സ്ഥാനത്തിന് വേണ്ടി കാത്തിരിക്കുന്നത് കരിയറിനെ തന്നെ ബാധിച്ചേക്കുമെന്ന തിരിച്ചറിവിൽ ആണ് താരം.

ഇരുപത്തിരണ്ടുകാരന്റെ കൈമാറ്റത്തിനായി ബാഴ്‌സലോണയും ബെൻഫിക്കയും കഴിഞ്ഞ ആഴ്ചകളിൽ ചർച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിരം കരാറിലോ ലോണിലോ കൈമാറാൻ ബാഴ്‌സ തയാറാണ്. ചർച്ചകൾ പൂർത്തിയാകുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും.

സെർജി റോബർട്ടോ ബാഴ്‌സയിൽ പുതിയ കരാർ ഒപ്പുവെച്ചു

സെർജി റോബർട്ടോക്ക് ബാഴ്‌സലോണയിൽ പുതിയ കരാർ ഒപ്പിട്ടു.ഇതോടെ 2023 വരെ ടീമിൽ തുടരാൻ താരത്തിനാവും. ടീമിന്റെ നായകന്മാരിൽ ഒരാളായ റോബർട്ടോക്ക് പരിക്ക് മൂലം കഴിഞ്ഞ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങാൻ കഴിഞ്ഞത്.താരത്തിന്റെ പരിക്കും ടീമിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയും കണക്കിൽ എടുത്തു പുതിയ കരാർ നൽകുന്നതിൽ മാനേജ്‌മെന്റ് ഇതുവരെ വിമുഖത കാണിക്കുകയിരുന്നു. നിലവിലെ വരുമാനത്തിൽ 60% വരെ കുറവ് വരുത്തിയാണ് റോബർട്ടോയെ ടീമിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നത്. കോച്ച് സാവിയുടെ നിലപാട് അനുകൂലമായത് നിർണായകമായി.

റൈറ്റ് ബാക്ക് പൊസിഷനിൽ സെർജിന്യോ ഡെസ്റ്റിന് കൂടെ റോബർട്ടോയെ കൂടി ഉപയോഗിക്കാൻ ആവും സാവിയുടെ പ്ലാൻ. ഇതേ സ്ഥാനത്തേക്ക് ബാഴ്‌സ കണ്ണു വെച്ചിരുന്ന ചെൽസി ക്യാപ്റ്റൻ ആസ്പിലികെറ്റയെ എത്തിക്കാൻ സാധിച്ചില്ലെങ്കിലും “മിസ്റ്റർ വേഴ്‌സറ്റൈൽ” റോബർട്ടോയെ താൽക്കാലികമായി ഉപയോഗിക്കാം എന്നതും ബാഴ്‌സ പരിഗണിച്ചു.

2010 മുതൽ ബാഴ്‌സ സീനിയർ ടീമിനോടൊപ്പം ഉള്ള താരമാണ് സെർജി റോബർട്ടോ

പോളണ്ട് പരിശീലക സ്ഥാനം കളഞ്ഞ് എത്തിയ പൗളോ സൗസ ഫ്ലമെംഗോയിൽ നിന്നും പുറത്തായി

ബ്രസീലിയൻ ക്ലബ്ബ് ഫ്ലമെംഗോ കോച്ച് പൗളോ സൗസയെ പുറത്താക്കി. പരിശീലകനായി ചുമതലയേറ്റ് വെറും ആറു മാസങ്ങൾക്ക് ശേഷമാണ് പോർച്ചുഗീസുകാരന് ടീം വിടേണ്ടി വന്നത്.
ലീഗിൽ ആദ്യ പത്ത് മത്സരങ്ങളിൽ നിന്നും പന്ത്രണ്ട് പോയിന്റ് മാത്രം നേടാനെ ഫ്ലമെംഗോക്ക് സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരത്തിൽ റെഡ് ബുള്ളിനോട് തോൽവി ഏറ്റു വാങ്ങുക കൂടി ചെയ്തതോടെ കോച്ചിനെ പുറത്താക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ മാത്രം ഫ്ലമെംഗോയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത സൗസ അന്ന് പോളണ്ട് ദേശിയ ടീം പരിശീലക സ്ഥാനം കളഞ്ഞായിരുന്നു ഫ്ലമെംഗോയിലേക്ക് എത്തിയത്. അന്ന് അത് വലിയ വിവാദമായിരുന്നു.

മുമ്പ് ലെസ്റ്റർ സിറ്റി,ഫിയൊറെന്റിന ടീമുകളെ പരിശീലിപിച്ചിട്ടുണ്ട്. ലീഗിൽ പത്ത് റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പതിനാലാം സ്ഥാനത്ത് മാത്രമാണ് ഫ്ലമെംഗോ. കോച്ചിന് പുറമെ, മറ്റ് കോച്ചിങ് സ്റ്റാഫുകളെയും പുറത്താക്കിയതായി ടീം അറിയിച്ചു. പുതിയ പരിശീലകനെ ഉടനെ പ്രഖ്യാപിക്കും.

പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പിർലോ, ടർക്കിഷ് സൂപ്പർ ലീഗിൽ പരിശീലിപ്പിക്കും

യുവന്റസ് മുൻ പരിശീലകൻ ആന്ദ്രേ പിർലോ, ടർക്കിഷ് സൂപ്പർ ലീഗ് ടീം ഫതിഹ് കരഗുമ്രുകുമായി കരാർ ധാരണയിൽ എത്തി. അടുത്ത സീസണിൽ മുന്നോടിയായി അദ്ദേഹം ടീമിനോടൊപ്പം ചേരും.

നേരത്തെ യുവന്റസിലെ നിരാശജനകമായ സീസണിന് ശേഷം അദ്ദേഹം ഒരു വർഷമായി മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിരുന്നില്ല. പരിശീലകൻ എന്ന നിലയിൽ ആദ്യം യുവന്റസ് അണ്ടർ-23 ടീമിനോടൊപ്പമായിരുന്നു ചേർന്നത്. കോച്ച് സരിയുടെ പുറത്താകലോടെ ദിവസങ്ങൾക്കകം സീനിയർ ടീം പരിശീലകനായി അദ്ദേഹം നിയമിക്കപ്പെട്ടു.

നപോളിയെ തോൽപ്പിച്ച് ആദ്യ കിരീടമായ സൂപ്പർ കോപ്പ ഇറ്റാലിയാന നേടാൻ ആയി. എങ്കിലും ഒൻപത് വർഷത്തിന് ശേഷം സീരീ എ നേടാൻ സാധിക്കാതെ പോയതും നാലാം സ്ഥാനം കൊണ്ട് മാത്രം തൃപ്തിപെടേണ്ടി വന്നതും ആദ്യ സീസണിന് ശേഷം തന്നെ അദ്ദേഹത്തെ പുറത്താക്കാൻ കാരണമായി.

ടർക്കിഷ് ലീഗിൽ അസാധാരണ പ്രകടനം കാഴ്ച്ച വെക്കുന്ന ടീമാണ് ഇസ്‌താംബൂൾ ക്ലബ്ബ് ആയ കരഗുമ്രുക്. 2014 മുതൽ 19 വരെയുള്ള കാലത്ത് മൂന്നാം ഡിവിഷനിൽ കളിച്ചിരുന്ന ഇവർ അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലേക്കും തുടർന്നുള്ള സീസണിൽ ഒന്നാം ഡിവിഷൻ ആയ സൂപ്പർ ലീഗിലും കളിച്ചു. കഴിഞ്ഞ രണ്ടു സീസണിലായി സൂപ്പർ ലീഗിൽ തന്നെ തുടരാൻ സാധിച്ചിട്ടുണ്ട്. നിലവിൽ അവസാനിച്ച സീസണിൽ എട്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.

Exit mobile version