59ാം മിനുട്ടില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ ഇന്ത്യയെ ഞെട്ടിച്ച് മലേഷ്യ

ഏഷ്യന്‍ ഗെയിംസ് ഹോക്കി പുരുഷ വിഭാഗം സ്വര്‍ണ്ണ സാധ്യത നഷ്ടപ്പെടുത്തി ഇന്ത്യ. മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ടോളം മാത്രം ബാക്കി നില്‍ക്കെ 2-1നു മുന്നിലായിരുന്ന ഇന്ത്യയെ അവസാന മിനുട്ടില്‍ ഗോള്‍ നേടി സമനിലയിലാക്കിയ മലേഷ്യ ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കെതിരെ 7-6ന്റെ ജയം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിനു ഇരു ടീമുകളും പിരിയുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

സഡന്‍ ഡെത്തിലായിരുന്നു ഇന്ത്യയുടെ തോല്‍വി. എസ് വി സുനിലിന്റെ അവസരം നഷ്ടപ്പെടുത്തിയതോടെയാണ് മലേഷ്യ ഹോക്കി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 32ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് പെനാള്‍ട്ടി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. 39ാം മിനുട്ടില്‍ ഫൈസല്‍ സാരിയിലൂടെ മലേഷ്യ ഗോള്‍ മടക്കിയെങ്കിലും സെക്കന്‍ഡുകള്‍ക്കകം വരുണ്‍ കുമാര്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയെന്ന് ഏകദേശം ഉറപ്പിച്ച നിമിഷത്തിലാണ് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ച് മുഹമ്മദ് റാസി റഹിം മലേഷ്യയുടെ സമനില ഗോള്‍ നേടിയത്.