വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് കരിയറിൽ ആദ്യമായി മുന്നേറി ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ്. മുൻ വിംബിൾഡൺ ഫൈനലിസ്റ്റ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു ആണ് സ്പാനിഷ് താരം അവസാന എട്ടിൽ സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിൽ നാലു തവണ ഇറ്റാലിയൻ താരത്തിന്റെ സർവീസ് അൽകാരസ് ഭേദിച്ചു. 3-6, 6-3, 6-3, 6-3 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം.
ക്വാർട്ടർ ഫൈനലിൽ തന്റെ സുഹൃത്തും മുൻ ഡബിൾസ് പങ്കാളിയും ആയ ആറാം സീഡ് ഡാനിഷ് താരം ഹോൾഗർ റൂണെ ആണ് അൽകാരസിന്റെ എതിരാളി. 21 സീഡ് ഗ്രിഗോർ ദിമിത്രോവിനെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം തിരിച്ചു വന്നാണ് റൂണെ മത്സരത്തിൽ ജയം കണ്ടത്. രണ്ടും മൂന്നും സെറ്റുകളിൽ കടുത്ത ടൈബ്രേക്കർ പോരാട്ടം ഡാനിഷ് താരം അതിജീവിച്ചു. നാലാം സെറ്റിൽ 6-3 നു ജയം കണ്ട റൂണെ മത്സരം സ്വന്തം പേരിലാക്കി. 1958 നു ശേഷം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഡാനിഷ് താരം ആണ് റൂണെ. 20 കാരുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ തീപാറും എന്നുറപ്പാണ്.