വിജയം ഉറപ്പിക്കാൻ ടീമുകൾ, കടുപ്പമേറി ഗ്രൂപ് സി; പോളണ്ടിനെതിരെ അർജന്റീന
“ഇപ്പോൾ തങ്ങൾക്ക് മറ്റൊരു ലോകകപ്പ് ആരംഭിച്ചിരിക്കുകയാണ്”, മെക്സിക്കോക്കെതിരായ മത്സര ശേഷം മെസ്സിയുടെ വാക്കുകൾ ആയിരുന്നു ഇത്. ഈ വാക്കുകൾ ഫലവത്താക്കാനുള്ള ലോകകപ്പിലെ ആദ്യത്തെയും അവസാനത്തെയും അവസരമാണ് അർജന്റീനക്ക് മുന്നിൽ അടുത്തതായി ഉള്ളത്; പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരം. വിജയം നേടിയാൽ അനായാസം അടുത്ത റൗണ്ടിലെത്താൻ അർജന്റീനക്കാവും. എന്നാൽ ഇതുവരെയുള്ള അവരുടെ പ്രകടനം അത്ര ആശാവഹമല്ല. വലിയ തലവേദനയില്ലാതെ നീലപ്പടക്ക് വഴിയൊരുക്കും എന്ന് കരുതിയ ഗ്രൂപ്പ് സി, എന്നാൽ മരണ ഗ്രൂപ്പ് ആയി പരിണാമം പ്രാപിക്കുന്നത് ഫുട്ബോൾ ആരാധകർ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. നിലവിൽ ഗ്രൂപ്പിലെ ഏതു ടീമിനും മറ്റ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധ്യത ഉണ്ട്.
പോളണ്ടിനെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാതെയാണ് അർജന്റീന കളത്തിൽ എത്തുക. മെക്സിക്കോക്കെതിരെ വിജയം നേടിയെങ്കിലും കളത്തിൽ ഒഴുക്കോടെയുള്ള പ്രകടനത്തിനും ഒത്തിണക്കം കാണിക്കുന്നതിലും ടീം വളരെ പിറകിൽ തന്നെ ആണെന്നത് സ്കലോണിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടാകും. നോക്ഔട്ട് മത്സരങ്ങൾക്ക് മുന്നേ മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസം നൽകുന്ന തരത്തിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാണ് ആരാധകരും കാത്തിരിക്കുന്നത്. മെക്സികൊക്കെതിരെ സബ് ആയി എത്തി ഗോൾ നേടിയ എൻസോ ആദ്യ ഇലവനിലേക്ക് എത്തിയേക്കും.
മുന്നേറ്റത്തിൽ ഇതുവരെ തിളങ്ങാത്ത ലൗട്ടാരോ മാർട്ടിനസിന് പകരം ഹുലിയൻ അൽവാരസിന് അവസരം ലഭിച്ചേക്കും. ഡിപോൾ ഫോമിലെത്തേണ്ടതും ടീമിന് അത്യാവശ്യമാണ്. പോളണ്ട് ആവട്ടെ ലെവെന്റോവ്സ്കിയിൽ പ്രതീക്ഷ അർപ്പിച്ചു തന്നെയാണ് നിർണായക മത്സരത്തിന് ഇറങ്ങുക. മെക്സിക്കോയോട് സമനില നേരിട്ടെങ്കിലും സൗദിയെ വീഴ്ത്തി നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് പോളണ്ട്. മിലിക്കും ലെവെന്റോവ്സ്കിയും അടങ്ങിയ മുന്നേറ്റം അർജന്റീന പ്രതിരോധത്തിന് വൻ വെല്ലുവിളി ഉയർത്തും. ’86 ന് ശേഷം ആദ്യമായി ലോകകപ്പിൽ ഗ്രൂപ് ഘട്ടം കടക്കാൻ കഴിഞ്ഞാൽ അത് ടീമിന് നേട്ടമാകും.
പോളണ്ടിന് ഒരു സമനില പോലും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സഹായിക്കും. എന്നാൽ തോൽവി കാര്യങ്ങൾ കുഴപ്പത്തിലാക്കും. ഈ അവസരത്തിൽ സൗദിയുടെയും വിജയവും നിശ്ചിത ഗോൾ വ്യത്യാസത്തിൽ ഉള്ള മെക്സിക്കോയുടെ വിജയവും അവരുടെ വഴി മുടക്കും. അർജന്റീനക്ക് സമനില തന്നെ ആത്മഹത്യാപരമാണ്. അപ്പോൾ രണ്ടാം മത്സരത്തിന്റെ ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും മെസ്സിയും സംഘവും. സൗദി ആവട്ടെ അർജന്റീനയെ വീഴ്ത്തിയ പ്രകടനം ഒരിക്കൽ കൂടി ആവർത്തിച്ചാൽ പ്രീ ക്വാർട്ടർ എന്ന സ്വപ്നം കൈക്കലാക്കാം എന്ന വിശ്വാസത്തിലാണ്.
മെക്സിക്കോക്ക് മികച്ച വിജയത്തിന് പുറമെ പോളണ്ട് അർജന്റീന മത്സരത്തിൽ ഒരു വിജയി ഉണ്ടാവേണ്ടതും ആവശ്യമാണ്. ഗ്രൂപ്പ് കടക്കാൻ ഏറ്റവും വിഷമം നേരിടുന്നതും മെക്സിക്കോ തന്നെ. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30നാണ് ഇരു മത്സരങ്ങളും ആരംഭിക്കുക.