ലോകകപ്പിൽ ചരിത്രത്തിൽ രണ്ടാം തവണ സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ. 2002 ൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച സെനഗൽ അന്ന് ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസിനെ അടക്കം അട്ടിമറിച്ചു ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് അവർ അവസാന പതിനാറിൽ എത്തുന്നത്. 2002 ലോകകപ്പിൽ ക്യാപ്റ്റൻ ആയി അവരെ ലോകകപ്പ് അവസാന പതിനാറിൽ എത്തിച്ച അലിയോ സിസെ ഇത്തവണ പരിശീലകൻ ആയാണ് അവരെ അവസാന പതിനാറിൽ എത്തിച്ചത്.
2002 ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്യാപ്റ്റൻ ആയി ടീമിനെ ഫൈനലിൽ എത്തിച്ചു എന്നും അന്ന് പെനാൽട്ടി പാഴാക്കി സിസെ വില്ലൻ ആയിരുന്നു. 2018 ൽ ലോകകപ്പിൽ സെനഗലിന് വെറും രണ്ടാം തവണ യോഗ്യത നേടി നൽകിയ സിസെക്ക് പക്ഷെ റഷ്യയിൽ നിർഭാഗ്യം വില്ലനായി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമപ്രകാരം ആണ് അന്ന് സെനഗൽ ലോകകപ്പിൽ നിന്നു പുറത്ത് പോയത്. 2019 ൽ 17 വർഷങ്ങൾക്ക് ശേഷം ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ രാജ്യത്തെ എത്തിക്കാൻ സിസെക്ക് ആയെങ്കിലും ഫൈനലിൽ അന്ന് അൾജീരിയക്ക് മുന്നിൽ അവർ ഒരു ഗോളിന് വീണു. എന്നാൽ 2022 ൽ ഈജിപ്തിനെ പെനാൽട്ടിയിൽ മറികടന്നു സെനഗലിന് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കിരീടം നേടി നൽകിയ സിസെ അന്ന് തന്റെ പെനാൽട്ടി പാഴാക്കിയതിന് പരിഹാരം ചെയ്തിരുന്നു.
ഇപ്പോൾ സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും ടീമിനെ ചരിത്രത്തിൽ വെറും രണ്ടാം തവണ ഗ്രൂപ്പ് ഘട്ടം കടത്താനും സിസെക്ക് ആയി. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ വിറപ്പിച്ച അവർ ഖത്തർ, ഇക്വഡോർ ടീമുകളെ തോൽപ്പിച്ചു ആണ് അവസാന പതിനാറിൽ എത്തുന്നത്. അവസാന പതിനാറിൽ മിക്കവാറും ഇംഗ്ലണ്ട് ആവും ആഫ്രിക്കൻ ചാമ്പ്യന്മാരുടെ എതിരാളികൾ. 7 വർഷമായി സെനഗലിന് തന്ത്രങ്ങൾ ഒരുക്കുന്ന സിസെ ആഫ്രിക്കൻ പരിശീലകർക്ക് തന്നെ വലിയ മാതൃക ആണ് സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടിന് മാനെയുടെ അഭാവത്തിലും സിസെയുടെ പോരാടാൻ അറിയാവുന്ന സംഘം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.