സാവി ഇനി ബാഴ്സലോണ പരിശീലകൻ, ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

സാവിയെ ബാഴ്സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. സാവി നാലു വർഷത്തെ കരാറാണ് ക്ലബിൽ ഒപ്പുവെച്ചത്. തിങ്കളാഴ്ച സാവിയെ ക്യാമ്പ്നുവിൽ ക്ലബ് വലിയ ചടങ്ങിൽ അവതരിപ്പിക്കും. ബാഴ്സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നൽകാനായി 5 മില്യണോളം ബാഴ്സലോണ ഖത്തർ ക്ലബായ അൽ സാദിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും ഇത് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്നും സാവി പറഞ്ഞു.

അവസാന മൂന്ന് വർഷമായി അൽ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തർ ക്ലബായ അൽ സാദിൽ മികച്ച പ്രകടനം നടത്താൻ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങൾ സാവി ഖത്തറിൽ പരിശീലകനായി നേടി. ഖത്തർ ലീഗ്, ഖത്തർ കപ്പ്, ഖത്തർ സൂപ്പർ കപ്പ്, ഖത്തർ സ്റ്റാർ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയിൽ സാവി അൽ സാദിനൊപ്പം ഉയർത്തി. ഖത്തർ ക്ലബായ അൽ സാദിനൊപ്പം അവസാന ആറു വർഷമായി സാവിയുണ്ട്. 2015ൽ ആണ് സാവി അൽ സാദ് ക്ലബിൽ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങൾ സാവി നേടിയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ആകട്ടെ 25 കിരീടങ്ങളും സാവി നേടിയിട്ടുണ്ട്.

ബാഴ്സലോണയെ തിരികെ വിജയ വഴിയിൽ എത്തിക്കുക ആകും സാവിയുടെ ആദ്യ ലക്ഷ്യം. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം കടക്കുക, ലാലിഗയിൽ മുന്നോട്ട് വരിക എന്നതൊക്കെ ആദ്യ സീസണിൽ സാവി നിർബന്ധമായും ചെയ്യേണ്ട കാര്യമാകും.