ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ് ഒരു സീസണോളമായി പരിക്കുകൾ സഹിച്ചാണ് കളിക്കുന്നത്. തന്റെ തോളിനേറ്റ പരിക്കിൽ ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു എങ്കിലും അതു വക വെക്കാതെ കളിക്കുകയാണ് താരം. ശസ്ത്രക്രിയ വേണോ വേണ്ടയോ എന്നത് യൂറോ കപ്പിനു ശേഷം മാത്രമെ തീരുമാനിക്കു എന്ന് റാഷ്ഫോർഡ് പറഞ്ഞു. സീസണ് ഇടയിലോ യൂറോ കപ്പിനു മുമ്പോ ഒരു ശസ്ത്രക്രിയക്ക് വിധേയനാകുന്നത് തനിക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. പ്രധാന മത്സരങ്ങൾ ഒന്നും നഷ്ടമാക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല എന്നും റാഷ്ഫോർഡ് പറഞ്ഞു.
യൂറോ കപ്പ് കഴിഞ്ഞാൽ തനിക്ക് ചെറിയ ഇടവേള ലഭിക്കും. അപ്പോൾ മാത്രമെ തോളിന് ശസ്ത്രക്രിയ വേണോ എന്ന ചിന്തിക്കു എന്ന് റാഷ്ഫോർഡ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയാൽ എത്ര കാലം പുറത്തിരിക്കേണ്ടി വരും എന്ന് ഇതുവരെ ഡോക്ടർമാരോട് താൻ ചോദിച്ചിട്ടില്ല എന്നും റാഷ്ഫോർഡ് പറഞ്ഞു. എന്നാൽ പരിക്ക് അല്ല തന്റെ മോശം ഫോമിനു കാരണം എന്ന് താരം പറഞ്ഞു. തന്റെ കളി മെച്ചപ്പെടുത്താനുണ്ട്. അതിന് താൻ ശ്രമിക്കുന്നുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു.