പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സല്‍മിയ്ക്ക് നേടാനായത്. 35 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മക്സൂദിനൊപ്പം 21 പന്തിൽ അര്‍ദ്ധ ശതകം നേടിയ റൈലി റോസോവ്, ഷാന്‍ മസൂദ്(37), മുഹമ്മദ് റിസ്വാന്‍(30) എന്നിവരാണ് സുല്‍ത്താന്‍സിന് വേണ്ടി റൺസ് കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സല്‍മിയ്ക്ക് വേണ്ടി ഷൊയ്ബ് മാലിക് 48 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കമ്രാന്‍ അക്മൽ(36) റൺസ് നേടി. റോവ്മന്‍ പവൽ 14 പന്തിൽ 23 റൺസും ഷെര്‍മൈന്‍ റൂഥര്‍ഫോര്‍ഡ് 10 പന്തിൽ 18 റൺസും നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

സുൽത്താന്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ഇമ്രാന്‍ ഖാന്‍, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.