അനായാസ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ലീഗിൽ വീണ്ടും രണ്ടാമത്!

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. പരിക്കും മിഡ് വീകിലെ മത്സരവും കാരണം മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ന്യൂകാസിലിനെതിരെ ഇറങ്ങിയത്.

അത്ര നല്ല പ്രകടനമായിരുന്നില്ല യുണൈറ്റഡ് ഇന്ന് തുടക്കത്തിൽ നടത്തിയത്. എങ്കിലും മുപ്പതാം മിനുട്ടിൽ ലീഡ് എടുക്കാൻ യുണൈറ്റഡിനായി. മാർക്കസ് റാഷ്ഫോർഡിന്റെ വ്യക്തിഗത മികവായിരുന്നു ആ ഗോൾ നൽകിയത്. ഇടതുവിങ്ങിൽ നിന്ന് പന്ത് എടുത്ത റാഷ്ഫോർഡ് ഒരു നട്മഗിലൂടെ ക്രാഫ്രിനെ മറികടന്ന് കുതിക്കുകയും ഒരു പവർഫുൾ ഷോട്ടിലൂടെ നിയർ പോസ്റ്റിൽ ഒരു ഡാർലോവിനെ കീഴ്പ്പെടുത്തുകയും ആയിരുന്നു.

ഈ ഗോളിന് മാക്സിമിനിലൂടെ ഉടൻ മറുപടി നൽകാൻ ന്യൂകാസിലിനായി. 36ആം മിനുട്ടിൽ മഗ്വയറിന്റെ ഒരു ക്ലിയറൻസ് പിഴച്ചപ്പോൾ ഒരു ഫസ്ട് ടച്ച് ഫിനിഷിലൂടെ മാക്സിമിൻ ന്യൂകാസിലിനായി വല കുലുക്കി‌. രണ്ടാം പകുതിയിൽ ഡാനിയൽ ജെയിംസ് ആണ് യുണൈറ്റഡിന് ലീഡ് തിരികെ നൽകിയത്‌. മാറ്റിചിന്റെ പാസ് ബ്രൂണൊ ഫെർണാണ്ടസിന്റെ ടച്ചിലൂടെ മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജെയിംസിൽ എത്തുകയും ജെയിംസ് ഗോൾ നേടുകയുമായിരുന്നു. ജെയിംസ് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടുന്നത്.

75ആം മിനുട്ടിൽ റാഷ്ഫോർഡ് നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ബ്രൂണൊ ഫെർണാണ്ടസ് യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 17കാരനായ ഷൊല ഷൊരറ്റിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. ഈ വിജയം യുണൈറ്റഡിനെ തിരികെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. എങ്കിലും ഒന്നാമത് ഉള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 10 പോയിന്റ് പിറകിലാണ് യുണൈറ്റഡ് ഉള്ളത്.