എതിരാളികൾ ഇല്ലാതെ മാഞ്ചസ്റ്റർ സിറ്റി, ആഴ്സണലും വീണു

20210222 003829

പെപ് ഗ്വാർഡിയോളയുടെ ടീമിനെ പരാജയപ്പെടുത്താൻ ആരും ഇല്ലാതായിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി ഇന്ന് തുടർച്ചയായ പതിനെട്ടാം വിജയമാണ് നേടിയത്. ഇന്ന് ആഴ്സണലിനെ അവരുടെ സ്റ്റേഡിയമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. അവസരങ്ങൾ നന്നെ കുറഞ്ഞ മത്സരത്തിൽ രണ്ടാം മിനുട്ടിൽ തന്നെ നേടിയ ഗോളാണ് സിറ്റിക്ക് മൂന്ന് പോയിന്റ് നൽകിയത്.

രണ്ടാം മിനുട്ടിൽ മെഹ്റസിന്റെ ക്രോസിൽ നിന്ന് സ്റ്റെർലിംഗിന്റെ ഹെഡറാണ് വലയിൽ എത്തിയത്. ആഴ്സണൽ നന്നായി പൊരുതി എങ്കിലും സിറ്റിയുടെ വൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ അവർക്ക് ആയില്ല. സിറ്റിക്കും ഇന്ന് കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 10 പോയിന്റിൽ എത്തിച്ചു. 59 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 34 പോയിന്റുള്ള ആഴ്സണൽ പത്താം സ്ഥാനത്താണ്.