ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ പാകിസ്ഥാൻ ഏറ്റവും കുറഞ്ഞ സ്കോർ എന്ന റെക്കോർഡ് തകർത്തതിൽ സന്തോഷമുണ്ടെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഒരു ഘട്ടത്തിൽ ടിവിയിൽ ഇന്ത്യയുടെ സ്കോർ കണ്ടപ്പോൾ 369 റൺസ് ആണ് ഇന്ത്യ എടുത്തതെന്ന് തെറ്റിദ്ധരിച്ചെന്നും പിന്നീടാണ് 9 വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് എടുത്തതെന്ന് മനസ്സിലായതെന്നും അക്തർ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര 9 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. തുടർന്നാണ് പ്രതികരണവുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ രംഗത്തെത്തിയത്. നേരത്തെ 2013ൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാൻ 49 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഈ റെക്കോർഡാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യ തകർത്തെന്നും അക്തർ പറഞ്ഞു.
മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നെന്നും എന്നാൽ പാകിസ്ഥാന്റെ റെക്കോർഡ് ഇന്ത്യ മറികടന്നതുകൊണ്ട് ഈ പ്രകടനം താൻ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും അക്തർ പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ഫലങ്ങൾ ക്രിക്കറ്റിൽ ഉണ്ടാവുമെന്നും എന്നാൽ ഇതൊരു മോശം വർത്തയാണെന്നും ഷൊഹൈബ് അക്തർ കൂട്ടിച്ചേർത്തു.