കാല്‍പന്ത് കളി ഒരു വികാരമാണ്, അതൊരു ഡെർബി ആണെങ്കിലോ? ഒരേ പ്രദേശത്ത് നിന്നുള്ള ടീമുകൾ ഏറ്റുമുട്ടുമ്പോൾ അത് വികാരങ്ങൾക്കുമപ്പുറം ഒരു യുദ്ധമായി മാറും. അതാണ് നമ്മള്‍ മാഞ്ചസ്റ്ററിലും മാഡ്രിഡിലും എല്ലാം കാണുന്നത്. പക്ഷെ അതിനെക്കാള്‍ തീക്ഷ്ണതയോടെ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയും ഒരിക്കല്‍ എങ്കിലും അനുഭവിച്ചറിയേണ്ട ഒരു ഡെർബിയുണ്ട്, കൊല്‍ക്കത്ത ഡെർബി. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ക്ലബായ മോഹന്‍ ബഗാനും ഏകദേശം നൂറു വര്‍ഷത്തിന്‍റെയടുത്ത് ചരിത്രമുള്ള ഈസ്റ്റ് ബംഗാളും തമ്മില്‍ നടക്കുന്ന നാട്ടങ്കം. ഫുട്ബാൾ രംഗത് കാര്യമായ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒരു രാജ്യത്തിന് നിന്ന്, ഫിഫയുടെ മികച്ച 50 ഡെർബികളുടെ ലിസ്റ്റില്‍ ഒരു ഡെർബി സ്ഥാനം പിടിക്കുക എന്നത് തന്നെ ഈ ഡെർബിയുടെ മാറ്ററിയിക്കുന്നു.
ദശകങ്ങളായി ഈ ഫുട്ബാള്‍ വൈരാഗ്യം ഒട്ടും വീര്യം കുറയാതെ തുടര്‍ന്ന് വരുന്നു, പടിഞ്ഞാറന്‍ ബംഗാളിന്റെ ആവേശമായ മോഹന്‍ ബഗാനും നിലവിലെ ബംഗ്ലാദേശ് നിലനില്‍ക്കുന്ന കിഴക്കന്‍ ബംഗാള്‍ സ്വദേശികൾ പിന്തുണ നല്‍കുന്ന ഈസ്റ്റ് ബംഗാളും വര്‍ഷത്തില്‍ കുറഞ്ഞത് 4 തവണ വീതം ഏറ്റുമുട്ടുമ്പോള്‍ ലോകത്തിലെ തന്നെ വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നായ സാള്‍ട്ട് ലേക്ക് ജനസാഗരമായി മാറും. പച്ചയും മെറൂണും നിറങ്ങളിൽ ബഗാന്‍ ആരാധാകരും ചുവപ്പും സ്വർണ്ണ നിറവുമണിഞ്ഞ് ഈസ്റ്റ് ബംഗാള്‍ ആരാധകരും കൊല്‍കത്ത തെരുവുകളില്‍ നിറയും. അവിടെ ബോറോ എന്നു വിളിപ്പേരുള്ള ഈ ഫുട്ബോള്‍ വൈരാഗ്യത്തെ എത്ര വികാരപരമയാണ് അവർ കാണുന്നതെന്ന് മനസ്സിലാകും.
പ്രായഭേദമന്യേ, സമൂഹത്തിന്റെ നിരവധി തട്ടിലുള്ളവർ ഈ ഡെർബിക്കായി കാത്തിരിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ഒരു സാധാരണ ഫുട്ബാള്‍ മത്സരം ആയി തോന്നുമെങ്കിലും കൊല്‍ക്കത്തയിലെ പല തലമുറകള്‍ക്ക്, കൊല്‍ക്കത്ത എന്ന നഗരത്തിന് ചരിത്ര പ്രധാനമായ ഒരു ദിശാബോധം നല്‍കിയിട്ടുണ്ട് ഈ ഫുട്ബാള്‍ വൈരാഗ്യം. ഫുട്ബാള്‍ എന്നതിലുപരി മറ്റു ചില വികാരങ്ങളും ഈ ഡെർബിയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍ സ്ഥാപകര്‍ ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് തന്നെ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ പിന്തുണ ഈസ്റ്റ് ബംഗാളിനു ലഭിച്ചു വരുന്നു. മറുവശത്ത്, ഇന്നത്തെ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരും. ഇത് കൊണ്ട് തന്നെ 1924ല്‍ ആദ്യ ഡിവിഷനിലേക്കുള്ള ഈസ്റ്റ് ബംഗാളിന്റെ സ്ഥാനക്കയറ്റത്തെ മോഹന്‍ ബഗാന്‍ എതിര്‍ത്തിരുന്നു.
ഈസ്റ്റ് ബംഗാള്‍ 1-0 നു ജയിച്ച 1925ലെ IFA ലീഗില്‍ ആണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. നിലവില്‍ 345 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 107നെതിരെ 125 വിജയങ്ങളുമായി ഈസ്റ്റ് ബംഗാള്‍ ഒരു പടി മുന്നിലാണ്, 113 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
1997ൽ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ കപ്പ് സെമി ഫൈനൽ കാണാൻ എത്തിയത് 130,000ൽ അധികം കാണികൾ ആണ്. ഇത് ഇപ്പോഴും ഒരു ഏഷ്യൻ റെക്കോർഡ് ആയി നിലനിൽക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും തിളങ്ങുന്ന നക്ഷത്രളിൽ ഒന്നായ ബൈചൂങ് ബൂട്ടിയ നേടിയ ഹാട്രിക്കിന്റെ സഹായത്തോടെ ഈസ്റ്റ് ബംഗാൾ 4 – 1 എന്ന സ്കോറിന് മോഹൻ ബഗാനെ പരാജയപ്പെടുത്തിയെങ്കിലും ഫൈനലിൽ സാൽഗോക്കറിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
വര്‍ഷങ്ങള്‍ കഴിയും തോറും ഇരു ടീമുകളും തമ്മിലുള്ള വൈരാഗ്യം കൂടിക്കൊണ്ടിരുന്നു, അതിന്‍റെ ബാക്കി പത്രമായിരുന്നു 1980ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത്. ഇരു ടീമുകളുടെ കാണികൾ തമ്മിൽ ഏറ്റുമുട്ടുകയും 16 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തത് ഇന്ത്യന്‍ ഫുട്ബാളിന്റെ ചരിത്രത്തിലെ തന്നെ ഒരു കറുത്ത ഏടായി അവശേഷിക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ കാര്യങ്ങള്‍ കുറച്ചു തണുത്തു എങ്കിലും 2012ല്‍ നടന്ന മത്സരത്തില്‍ കാണികള്‍ ആരോ എറിഞ്ഞ പടക്കം മോഹന്‍ ബഗാന്‍ കളിക്കാരന്‍ സയിദ് റഹിം നബിയുടെ മുഖത്ത് പതിക്കുകയും ചോര ചിന്തിയ മുഖവുമായി കളം വിടുകയും ചെയ്തത് മറ്റൊരു കറുത്ത ഏടാണ്.
വീണ്ടും ഒരു ഡെർബി മത്സരം അടുത്തെത്തിയിരുന്നു, ഇപ്രാവശ്യത്തെ ഡെർബിയിൽ കൊൽക്കത്തക്കാരുടെ ആവേശത്തിന് മാറ്റു കൂട്ടാൻ മലയാളി താരങ്ങളായ ടിപി രഹാനേശും അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റഫീഖും എല്ലാം ഉണ്ട്. കാത്തിരിക്കാം ആ ഫുട്ബാൾ ആവേശത്തിനായി..