ഐപിഎല്‍ ആരംഭിയ്ക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയുമായി ഒരു പരമ്പര നടത്താനാകുമോ എന്ന സാധ്യതകള്‍ തേടി വെസ്റ്റിന്‍ഡീസ്. പരമ്പര പൂര്‍ണ്ണമായിട്ടല്ലെങ്കിലും ടി20 മത്സരങ്ങളെങ്കിലും നടത്താനാകുമോ എന്നാണ് ബോര്‍ഡ് ആലോചിക്കുന്നത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നേരത്തെ നിശ്ചയിച്ച പരമ്പരയില്‍ രണ്ട് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളുമാണ് നിശ്ചയിച്ചിരുന്നത്.
ഐപിഎലിനായി താരങ്ങള്‍ പോകുന്നതിന് മുമ്പ് കുറഞ്ഞത് ഒരു ടെസ്റ്റോ അല്ലെങ്കില്‍ ടി20 പരമ്പര മാത്രമോ നടത്താനാകുമോ എന്നതാണ് ബോര്‍ഡിന്റെ ആലോചന. വിന്‍ഡീസ് ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്കാര്‍ക്കും ഐപിഎല്‍ കരാര്‍ ഇല്ലാത്തിനാല്‍ ടെസ്റ്റ് പരമ്പര ഞങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ ടീമിലെ ചില താരങ്ങള്‍ക്ക് കരാറുള്ളതിനാല്‍ അവരില്‍ നിന്നുള്ള പ്രതികരണം ഏറെ പ്രാധാന്യമുള്ളതാണെന്ന് വിന്‍ഡീസ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ജോണി ഗ്രേവ് വ്യക്തമാക്കി.
സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യുഎഇയിലാവും ടൂര്‍ണ്ണമെന്റ് നടക്കുക. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ കരീബിയന്‍ പ്രീമിയര്‍ ലീഗ് നടക്കുകയാണ്. ഈ രണ്ട് ടൂര്‍ണ്ണമെന്റുകളുടെയും ഇടയിലുള്ള സമയത്താണ് പരമ്പര തിരികി കയറ്റുവാന്‍ വിന്‍ഡീസ് ശ്രമിക്കുന്നത്.