ഓസ്‌ട്രേലിയൻ ഓപ്പണിൽ ആഷ്‌ലി ബാർട്ടി സോഫിയ കെനിൻ സെമിഫൈനൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഓസ്‌ട്രേലിയൻ താരവും ഒന്നാം സീഡുമായ ആഷ്‌ലി ബാർട്ടി. ഏഴാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ആണ് ബാർട്ടി തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ ഉറപ്പിച്ചത്. ടൈബ്രെക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ മികച്ച പോരാട്ടം ആണ് ഇരുതാരങ്ങളും നടത്തിയത്. എന്നാൽ ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ ബാർട്ടി രണ്ടാം സെറ്റിൽ ആദ്യമെ തന്നെ ആധിപത്യം പിടിച്ചു. പിന്നീട് തിരിച്ചു വരാനുള്ള ശ്രമം പെട്ര നടത്തിയെങ്കിലും അതിനെ അതിജീവിച്ച ബാർട്ടി 6-2 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി നാട്ടുകാർക്ക് ആവേശം പകർന്നു. ഇതോടെ 1984 നു ശേഷം ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്ന വനിത താരം ആയി ബാർട്ടി.

അതേസമയം ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ കളിക്കുന്ന ടുണീഷ്യയുടെ ഒൻസ് ജെബേറിനെ മറികടന്ന 14 സീഡ് അമേരിക്കൻ താരം സോഫിയ കെനിനും സെമിഫൈനലിലേക്ക് മുന്നേറി. 21 കാരിയായ കെനിൻന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് ഇത്. 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അമേരിക്കൻ രണ്ടാം നമ്പർ താരം കൂടിയായ സോഫിയ കെനിൻന്റെ ജയം. കഴിഞ്ഞ റൗണ്ടിൽ യുവ അമേരിക്കൻ താരം കൊക്കോ ഗോഫിനെ മറികടന്ന സോഫിയ ഇന്നും മികച്ച ഫോമിൽ ആയിരുന്നു. ഒന്നാം സീഡും നാട്ടുകാരിയും ആയ ആഷ്‌ലി ബാർട്ടിക്ക് എതിരെ സെമിഫൈനലിൽ 14 സീഡ് ആയ സോഫിയ കെനിനു എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നു കണ്ട് തന്നെ അറിയണം.