ഓവലില്‍ നാനൂറിനടുത്തേക്ക് ലീഡ് എത്തിച്ച് ഇംഗ്ലണ്ട്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് വളരെ കരുത്താര്‍ന്ന നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ വീണുവെങ്കിലും മികച്ച ലീഡിലേക്ക് നീങ്ങുകയായിരുന്നു. ബെന്‍ സ്റ്റോക്സും ജോ ഡെന്‍ലിയും ചേര്‍ന്ന് മുന്നാം വിക്കറ്റില്‍ 127 റണ്‍സ് നേടി മുന്നേറുന്നതിനിടയില്‍ 67 റണ്‍സ് നേടിയ സ്റ്റോക്സിനെ പുറത്താക്കി ലയണ്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അധികം വൈകാതെ ജോ ഡെന്‍സിലെ പീറ്റര്‍ സിഡില്‍ പുറത്താക്കിയപ്പോള്‍ താരത്തിന് ശതകം 6 റണ്‍സ് അകലെയാണ് നഷ്ടമായത്.
214/2 എന്ന നിലയില്‍ നിന്ന് 249/5 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിലേത് പോലെ ജോസ് ബട്ലര് പൊരുതി നിന്ന് 300 കടത്തുകയായിരുന്നു. ജോണി ബൈര്‍സ്റ്റോയെയും(14) സാം കറനെയും(17) വേഗത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ക്രിസ് വോക്സിനെ(6) മിച്ചല്‍ മാര്‍ഷ് പുറത്താക്കിയപ്പോള്‍ ജോസ് ബട്ലറെ(47) പീറ്റര്‍ സിഡില്‍ മടക്കി.
മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 313/8 എന്ന നിലയിലാണ്. 382 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിന്റെ കൈവശമുള്ളത്. 304ലധികം റണ്‍സാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. അതിശക്തമായ നിലയില്‍ നിന്ന് വിക്കറ്റുകളുമായി തിരിച്ചുവരവിന് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ശ്രമം നടത്തിയെങ്കിലും വലിയ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും മികച്ച ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി ക്രിസ് വോക്സിനെയും ജോസ് ബട്ലറിനെയും പുറത്താക്കിയിരുന്നു.
ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.