വിവാദങ്ങൾക്ക് ശേഷം കെപ്പ മടങ്ങി വന്ന മത്സരത്തിൽ ചെൽസിക്ക് ജയം. ലണ്ടനിലെ അയൽവാസികളായ ഫുൾഹാമിനെ 1-2 ന് മറികടന്നാണ് സാരിയുടെ ചെൽസി ടോപ്പ് 4 പ്രതീക്ഷകൾ വീണ്ടും സജീവമാക്കിയത്. സമീപ കാലത്ത് ഏറെ വിമർശങ്ങൾ നേരിട്ട കെപ്പ, ജോർജിഞ്ഞോ എന്നിവരുടെ അസാമാന്യ പ്രകടനമാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ഹിഗ്വെയ്ൻ, ജോർജിഞ്ഞോ എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. ജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി ചെൽസി ആറാം സ്ഥാനത്ത് തുടരും. പക്ഷെ മറ്റു ടീമുകളെക്കാൾ 1 മത്സരം കുറവ് കളിച്ച അവർക്ക് അടുത്ത മത്സരം ജയിക്കനായാൽ ആദ്യ നാലിലേക്ക് തിരിച്ചെത്താനാകും.
ടോട്ടൻഹാമിനെതിരെ കളിച്ച ടീമിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് ചെൽസി ഇന്നിറങ്ങിയത്. ഗോൾ കീപ്പർ കെപ്പ മടങ്ങിയെത്തിയപ്പോൾ പ്രതിരോധത്തിൽ ക്രിസ്റ്റിയൻസനും, എമേഴ്സണും ഇടം നേടി. ബാർക്ലി, വില്ലിയൻ എന്നിവരും ടീമിൽ തിരിച്ചെത്തി. ആദ്യ പകുതിയിൽ ഒരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ലഭിച്ചെങ്കിലും നേരിയ മുൻതൂക്കം നേടാൻ ചെൽസിക്കായി. 20 ആം മിനുട്ടിൽ ആസ്പിലിക്വെറ്റയുടെ പാസ്സ് ഗോളാക്കി ഹിഗ്വെയ്ൻ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ 8 മിനുട്ടുകൾക്ക് ശേഷം ചെൽസി പ്രതിരോധം മാർക്കിങ്ങിൽ പിഴച്ചപ്പോൾ കാലം ചേമ്പേഴ്‌സ് ഫുൾ ഹാമിന്റെ സമനില ഗോൾ നേടി. പക്ഷെ 3 മിനുട്ടുകൾക്ക് ശേഷം ഹസാർഡിന്റെ പാസ്സ് മികച്ച ഫിനിഷിൽ ജോർജിഞ്ഞോ ഫുൾഹാം വലയിലാക്കി. താരത്തിന്റെ ചെൽസികായുള്ള ആദ്യ ഗോൾ.
രണ്ടാം പകുതിയിൽ തുടക്കത്തിൽ ഫുൾഹാം 2 തവണ സമനില ഗോളിന് അടുത്തെത്തി. ക്രിസ്റ്റിയൻസണും കെപ്പയുടെ മികച്ച സേവുകളും ചെൽസിക്ക് രക്ഷയാവുകയായിരുന്നു. പിന്നീടും തുടർച്ചയായ ഫുൾഹാം ആക്രമണങ്ങൾ വന്നതോടെ ജോർജിഞ്ഞോക്ക് പകരം കോവാചിച്, ഹസാർഡിന് പകരം പെഡ്രോ, ബാർക്ലിക്ക് പകരം ലോഫ്റ്റസ് ചീക്ക് എന്നിവരെ സാരി കളത്തിൽ ഇറക്കി. പിന്നീടുള്ള സമയം അച്ചടക്കമുള്ള പ്രതിരോധം ഒരുക്കിയ ചെൽസി വിലപ്പെട്ട പോയിന്റ് സ്വന്തമാക്കി ലണ്ടൻ ഡർബിയിൽ ജയം കുറിച്ചു.