ടെസ്റ്റിലെ തോല്‍വി മറക്കാനാകില്ലെങ്കിലും ഏകദിനത്തില്‍ ജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക

- Advertisement -

ശ്രീലങ്കയോടെ ടെസ്റ്റ് പരമ്പര കൈവിട്ട നാണക്കേടില്‍ നിന്ന് അല്പം ആശ്വാസമായി ഏകദിനത്തില്‍ വിജയിച്ച് തുടങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ജോഹാന്നസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 231 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലുംഗിസാനി ഗിഡിയ്ക്കൊപ്പം കണിശതയോടെ പന്തെറിഞ്ഞ ഇമ്രാന്‍ താഹിറും 3 വിക്കറ്റ് നേടിയ മത്സരത്തില്‍ 47 ഓവറില്‍ ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

49 റണ്‍സ് നേടിയ ഒഷാഡ ഫെര്‍ണാണ്ടോയും 60 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസും തിളങ്ങിയ മത്സരത്തില്‍ കുശല്‍ പെരേര(33), ധനന്‍ജയ ഡിസില്‍വ(39) എന്നിവരും തിളങ്ങിയെങ്കിലും ബൗളര്‍മാര്‍ക്ക് ആവശ്യത്തിനുള്ള സ്കോര്‍ നല്‍കുവാന്‍ ലങ്കയ്ക്കായിരുന്നില്ല. താഹിര്‍ തന്റെ പത്തോവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി 112 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയും 81 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കുമാണ് വിജയ ശില്പികള്‍. രണ്ടാം ഓവറില്‍ റീസ ഹെന്‍ഡ്രിക്സിനെ നഷ്ടമായെങ്കിലും ഡികോക്ക്-ഡുപ്ലെസി കൂട്ടുകെട്ട് 136 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയാണ് ചെറിയ സ്കോര്‍ അനായാസം മറികടക്കുവാനുള്ള അടിത്തറ ആതിഥേയര്‍ക്ക് നല്‍കിയത്. ഡികോക്ക് പുറത്തായ ശേഷം റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 32 റണ്‍സുമായി പുറത്താകാതെ ഫാഫ് ഡു പ്ലെസിയ്ക്കൊപ്പം വിജയം കുറിയ്ക്കുവാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 38.5 ഓവറിലാണ് ടീമിന്റെ വിജയം. ഫാഫ് ഡു പ്ലെസിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement