ഈ നേട്ടം ഏത് സ്വപ്നത്തിനും അപ്പുറം’ റെക്കോർഡ് നേട്ടത്തിൽ വികാരതീതനായി ഹാമിൾട്ടൻ

Lewishamilton
- Advertisement -

മൈക്കിൾ ഷുമാർക്കർ എന്ന ലോകം കണ്ട ഏറ്റവും മഹാനായ കാറോട്ടക്കാരന്റെ ഏഴു ഫോർമുല വൺ ലോക കിരീടങ്ങൾ എന്ന റെക്കോർഡിനു ഇനി ലൂയിസ് ഹാമിൾട്ടൻ എന്ന അവകാശി കൂടി. റെക്കോർഡ് നേട്ടത്തിൽ വികാരം അടക്കാൻ ആവാതെ ആനന്ദ കണ്ണീർ വീഴ്‌ത്തിയ ഹാമിൾട്ടൻ ഈ നേട്ടം തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നു എന്ന് പറഞ്ഞു. ഒരിക്കലും ചിന്തിക്കാൻ പോലും ആവാത്ത ഈ നേട്ടത്തിൽ വലിയ പങ്ക് വഹിച്ച തന്റെ മെഴ്സിഡസ് ടീമിന് വലിയ നന്ദി പറഞ്ഞ ഹാമിൾട്ടൻ ഏത് നേട്ടവും മികച്ച ടീമിനൊപ്പം സാധ്യമാണ് എന്നും കൂട്ടിച്ചേർത്തു. കാറിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാം വലിയ നന്ദി പറഞ്ഞ ഹാമിൾട്ടൻ അവരാണ് യഥാർത്ഥ ജേതാക്കൾ എന്നും കൂട്ടിച്ചേർത്തു.

Lewishamilton

താൻ പണ്ട് ഫോർമുല വൺ കാണുമ്പോൾ സങ്കൽപ്പിക്കാൻ കൂടി സാധിക്കാത്ത ഈ നേട്ടം കൈവരിച്ചത് പോലെ വരും തന്നെ കാണുന്ന കുട്ടികൾക്കും ഈ നേട്ടങ്ങൾ കൈവരിക്കാൻ ആവുമെന്നും ഹാമിൾട്ടൻ പറഞ്ഞു. കുട്ടികളോട് സ്വപ്നം കാണാൻ ആഹ്വാനം ചെയ്ത ഹാമിൾട്ടൻ ഒരിക്കലും തന്നിൽ വിശ്വാസം നഷ്ടപ്പെടാതെ പരിശ്രമിച്ചാൽ ആ സ്വപ്നം ഒരിക്കൽ സാധ്യമാകും എന്നും പറഞ്ഞു. സാമൂഹിക രംഗത്ത് കായികമേഖലക്ക് വരുത്താൻ പറ്റുന്ന മാറ്റങ്ങൾക്ക് തുടക്കം മാത്രമേ ആയിട്ടുള്ളു എന്നു ഓർമ്മിപ്പിക്കാനും ഹാമിൾട്ടൻ മറന്നില്ല. ഏഴാം കിരീടവും 94 മത്തെ റേസ് ജയവും 163 മത്തെ പോഡിയവുമാണ് ഹാമിൾട്ടൻ ഇന്ന് സ്വന്തമാക്കിയത്. മെഴ്സിഡസിന്റെ മികച്ച കാറിന്റെ പിന്തുണ ഉണ്ടെങ്കിലും കാറോടിച്ച 13 സീസണിലും ഒരു ജയം എങ്കിലും കുറിക്കാൻ ആയ ഏക ഡ്രൈവർ എന്ന നേട്ടം അടക്കം ഹാമിൾട്ടനെ ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്ന വിശേഷണത്തിൽ എത്തിക്കുന്നുണ്ട്.

Advertisement