ധോണിക്കെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്ക്കറും

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം തോറ്റതിന് പിന്നെലെയാണ് ധോണിക്കെതിരെ വിമർശനവുമായി ഇരുവരും രംഗത്തെത്തിയത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ് ചെയ്യുമ്പോൾ ധോണി ഏഴാമനായാണ് ഇറങ്ങിയത്. എന്നാൽ അവസാന ഓവറിൽ മൂന്ന് സിക്സുകൾ അടിച്ച് ധോണി 29 റൺസ് എടുത്തെങ്കിലും അവസാന ഓവർ വരെ ധോണി 12 പന്തിൽ 9 റൺസ് മാത്രമാണ് എടുത്തത്.

ഇതോടെയാണ് താരത്തിനെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്‌കറും രംഗത്തെത്തിയത്. മികച്ച തുടക്കം സി.എസ്.കെക്ക് ലഭിച്ചിട്ടും അവർ അത് മുതലാക്കിയില്ലെന്നും കൂടുതൽ റൺസ് എടുക്കേണ്ട സമയത്ത് ധോണി സിംഗിൾ എടുക്കാൻ ശ്രമിച്ചെന്നും പീറ്റേഴ്‌സൺ പറഞ്ഞു. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെയും പീറ്റേഴ്‌സൺ വിമർശിച്ചു.

ഏഴാം നമ്പറിൽ ഇറങ്ങാനുള്ള ധോണിയുടെ തീരുമാനത്തെ സുനിൽ ഗാവസ്‌ക്കറും വിമർശിച്ചു. ഇത്തരത്തിലുള്ള ഒരു വലിയ റൺസ് ചേസ് ചെയ്യുമ്പോൾ ധോണി വൈകി ഇറങ്ങിയതും വലിയൊരു ലക്ഷ്യം മുൻപിൽ കാണുമ്പോൾ അരങ്ങേറ്റക്കാരനായ ഋതുരാജ് ഗെയ്ക്‌വാദിനെ നേരത്തെ ഇറക്കിയതും ശരിയായില്ലെന്നും ഗാവസ്‌കർ പറഞ്ഞു.

Previous articleനോ ബോളുകൾ എറിഞ്ഞത് തിരിച്ചടിയായെന്ന് മഹേന്ദ്ര സിംഗ് ധോണി
Next articleതാരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുവാനുള്ള ശ്രമം – സ്റ്റീഫന്‍ ഫ്ലെമിംഗ്