പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രെ ഗോമസിനെ എവർട്ടൻ സ്വന്തമാക്കി. 22 മില്യൺ യൂറോയോളം നൽകിയാണ് ബാഴ്സയിൽ നിന്ന് താരം എവർട്ടനിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ എവർട്ടനിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് കരാർ സ്ഥിരമാക്കാൻ എവർട്ടനും പരിശീലകൻ മാർക്കോസ് സിൽവയും തീരുമാനിച്ചത്. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.
25 വയസുകാരനായ ഗോമസ് ബാഴ്സയിൽ അവസരം കുറഞ്ഞതോടെയാണ് 2018 ആഗസ്റ്റിൽ എവർട്ടനിൽ ലോണിൽ കളിക്കാൻ തീരുമാനിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീം അംഗമാണ് ഗോമസ്. ബെൻഫിക്കയിലൂടെ സീനിയർ ഫുട്‌ബോൾ കളിച്ചു വളർന്ന ഗോമസ് 2014 മുതൽ 2016 വരെ വലൻസിയയിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാഴ്സയിൽ എത്തുന്നത്. ബാഴ്സക്ക് വേണ്ടി 46 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. 2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.