10-15 റൺസ് കുറവാണ് ഡൽഹി നേടിയത് – ഋഷഭ് പന്ത്

ഐപിഎലില്‍ ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന ഓവര്‍ തോല്‍വിയേറ്റ് വാങ്ങിയ ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത് പറയുന്നത് തന്റെ ടീം നേടിയത് 10-15 റൺസ് കുറവായിരുന്നു എന്നാണ്.

ഡ്യൂവിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അത് സാധാരണയായ കാര്യമാണെന്നും പന്ത് പറഞ്ഞു. തന്റെ ടീം 15 റൺസോളം കുറവാണ് നേടിയതെന്നും അതിന് അവേശ് ഖാനും ഹോള്‍ഡറും ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

40ാം ഓവറിലെ അവസാന പന്ത് വരെയും പൊരുതുക എന്നാണ് താന്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടതെന്നും പവര്‍പ്ലേയിൽ വിക്കറ്റ് ലഭിച്ചില്ലെങ്കിലും സ്പിന്നര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞ് ഡൽഹിയ്ക്ക് സാധ്യത നല്‍കിയെന്നും എന്നാൽ ടീം 10-15 റൺസ് കുറവാണ് നേടിയതെന്നതിനാൽ തന്നെ വിജയം സ്വന്തമാക്കാനായില്ലെന്നും പന്ത് വ്യക്തമാക്കി.