പാരീസിൽ സെമിയിൽ നദാലിനെ തകർത്തു സെരവ്, ഫൈനലിൽ മെദ്വദേവ് എതിരാളി

പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സിൽ സെമിഫൈനലിൽ ഒന്നാം സീഡ് റാഫേൽ നദാലിനെ തകർത്തു നാലാം സീഡ് അലക്‌സാണ്ടർ സെരവ്. നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ സെരവ് തുടർച്ചയായ പന്ത്രണ്ടാം മത്സരത്തിൽ ആണ് ജയം കണ്ടത്. 2019 ഷാങ്ഹായ്ക്ക് ശേഷമുള്ള ആദ്യ മാസ്റ്റേഴ്സ് ഫൈനൽ കൂടിയാണ് സെരവിനു ഈ ഫൈനൽ. നന്നായി സർവീസ് ചെയ്ത സെരവ് 13 ഏസുകൾ ഉതിർക്കുകയും രണ്ടാം സർവീസിൽ അസാധ്യ മികവ് പുലർത്തുകയും ചെയ്തു. ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും മത്സരത്തിൽ 3 തവണയാണ് സെരവ് നദാലിനെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റ് 6-4 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. തോൽവിയോടെ പാരീസിൽ ആദ്യ കിരീടം എന്ന നദാലിന്റെ കാത്തിരിപ്പ് നീളും.

ഫൈനലിൽ മൂന്നാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് സെരവിന്റെ എതിരാളി. പത്താം സീഡ് ആയ കനേഡിയൻ താരമായ മിലോസ് റയോണിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് വീഴ്‌ത്തിയത്. 11 ഏസുകൾ ഉതിർത്ത റയോണിക്കിനെതിരെ 2 ബ്രൈക്കുകൾ കണ്ടത്തിയ മെദ്വദേവ് ആദ്യ സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കണ്ടത്. എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റിൽ ജയം കണ്ട മെദ്വദേവ് മത്സരം സ്വന്തം പേരിൽ കുറിച്ചു ഫൈനൽ ഉറപ്പിച്ചു. പാരീസിൽ മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മിൽ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.