അട്ടിമറികളുടെ ദിനം, കൊക്കോ ഗോഫ്, പെഗ്യുല, ക്രജികോവ പുറത്ത്, ഹാലപ്പും ബഡോസയും മുന്നോട്ട്

വിംബിൾഡണിൽ ഇന്ന് അട്ടിമറികളുടെ ദിനം, ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെകിന് പിറമെ മറ്റ് പ്രമുഖ താരങ്ങളും മൂന്നാം റൗണ്ടിൽ പുറത്ത് പോവുന്നത് ആണ് ഇന്ന് കാണാൻ ആയത്. 11 സീഡ് യുവ അമേരിക്കൻ താരത്തെ കൂട്ടുകാരിയും നാട്ടുകാരിയും ആയ ഇരുപതാം സീഡ് അമാന്ദ അനിസിമോവ ആണ് അട്ടിമറിച്ചത്. ആദ്യ സെറ്റ് ടൈബ്രൈക്കറിൽ 7-6 നു നേടിയ ശേഷം ആയിരുന്നു ഗോഫിന്റെ പരാജയം. രണ്ടും മൂന്നും സെറ്റുകളിൽ വലിയ ആധിപത്യം കണ്ടത്തിയ അനിസിമോവ 6-2, 6-1 എന്ന സ്കോറിന് ഈ രണ്ടു സെറ്റുകളും നേടി നാലാം റൗണ്ട് ഉറപ്പിച്ചു. മൂന്നു തവണ ബ്രൈക്ക് വഴങ്ങിയ അനിസിമോവ 7 തവണയാണ് ഗോഫിന്റെ സർവീസ് ഭേദിച്ചത്. മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ബാർബൊറ ക്രജികോവ സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്ല ടോലജനോവിച്ചിനോട് ആണ് പരാജയം വഴങ്ങിയത്. ആദ്യ സെറ്റ് 6-2 നു നേടിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് കൈവിട്ടു ആണ് ക്രജികോവ മത്സരത്തിൽ പരാജയം വഴങ്ങിയത്.

20220703 000041
20220703 000211

മുൻ ജേതാവ് 25 സീഡ് പെട്ര ക്വിറ്റോവയെ 7-5, 7-6 എന്ന സ്കോറിന് മറികടന്ന നാലാം സീഡ് പൗള ബഡോസയും നാലാം റൗണ്ട് ഉറപ്പിച്ചു. സൃഷ്ടിച്ച ബ്രൈക്ക് പോയിന്റുകൾ മുതലാക്കാൻ ക്വിറ്റോവക്ക് ആയില്ല. അതേസമയം സീഡ് ചെയ്യാത്ത പെട്ര മാർട്ടിച്ചിനോട് 6-2, 7-6 എന്ന നേരിട്ടുള്ള സ്കോറിന് പരാജയം വഴങ്ങിയ അമേരിക്കയുടെ എട്ടാം സീഡ് ജെസിക്ക പെഗ്യുലയും വിംബിൾഡണിൽ നിന്നു പുറത്തായി. ചൈനീസ് താരം ചെങിനെ 7-6, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ചു 17 സീഡ് യെലേന റൈബകിന നാലാം റൗണ്ടിൽ എത്തിയപ്പോൾ ഫ്രഞ്ച് താരം ഹാർമണി ടാനിനോട് 6-1, 6-1 സ്കോറിന് തകർന്നടിഞ്ഞ ബ്രിട്ടീഷ് പ്രതീക്ഷ കാറ്റി ബോൾട്ടറും വിംബിൾഡണിൽ നിന്നു പുറത്തായി. പോളണ്ട് താരം മാഗ്ദലന ഫ്രഞ്ചിനെ 6-4, 6-1 എന്ന സ്കോറിന് തകർത്തു മുൻ ജേതാവും പതിനാറാം സീഡും ആയ സിമോണ ഹാലപ്പും നാലാം റൗണ്ടിലേക്ക് മുന്നേറി. 2 തവണ ബ്രൈക്ക് ചെയ്യപ്പെട്ടു എങ്കിലും 6 തവണയാണ് തന്റെ പ്രിയപ്പെട്ട മൈതാനത്ത് ഹാലപ്പ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. പ്രീ ക്വാർട്ടറിൽ ബഡോസ ആണ് ഹാലപ്പിന്റെ എതിരാളി.