വിംബിൾഡൺ മൂന്നാം റൗണ്ടിൽ നിക് കിർഗിയോസിന് എതിരായ പരാജയത്തിന് ശേഷം താരത്തിന് എതിരെ രൂക്ഷമായ വിമർശനവും ആയി സ്റ്റെഫനോസ് സിറ്റിപാസ്. കളത്തിൽ നിരന്തരം എതിരാളിയെ ഭയപ്പെടുത്തി, ബുള്ളി ചെയ്തു ആണ് കിർഗിയോസ് കളിക്കുന്നത് എന്നു തുറന്നടിച്ച സിറ്റിപാസ് അങ്ങനെയുള്ളവരെ തനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് മറ്റു സഹപാഠികളെ ഭയപ്പെടുത്തുന്ന ഒരു ബുള്ളി ആയിരിക്കണം കിർഗിയോസ് എന്നു പറഞ്ഞ സിറ്റിപാസ് കിർഗിയോസിനു ഒരു വളരെ മോശം മുഖം ഉണ്ടെന്നും തുറന്നടിച്ചു. പരസ്പരം വലിയ ശത്രുത പുലർത്തുന്ന താരങ്ങൾ ആണ് ഇരുവരും. മത്സരത്തിനു ഇടയിൽ രണ്ടാം സെറ്റിന് ശേഷം ദേഷ്യത്തോടെ സിറ്റിപാസ് പന്ത് പുറത്ത് അടിച്ചു കളഞ്ഞത് കിർഗിയോസ് ചോദ്യം ചെയ്തിരുന്നു. ആരുടെയും ദേഹത്ത് കൊണ്ടില്ല എങ്കിലും യു.എസ് ഓപ്പണിൽ സമാന തെറ്റ് ചെയ്ത ജ്യോക്കോവിച്ചിനെ പുറത്താക്കിയത് പോലെ സിറ്റിപാസിനെ പുറത്താക്കണം എന്നും കിർഗിയോസ് ആവശ്യപ്പെട്ടിരുന്നു.
എങ്കിലും അധികൃതർ സിറ്റിപാസിനെ കളിക്കാൻ അനുവദിക്കുക ആയിരുന്നു. എന്നാൽ താൻ ഇങ്ങനെ ചെയ്യാൻ കാരണം കിർഗിയോസിന്റെ നിരന്തരം ആയ പ്രകോപനങ്ങൾ ആയിരുന്നു എന്നാണ് സിറ്റിപാസ് പറഞ്ഞത്. താൻ ചെയ്തത് തെറ്റ് ആണെന്ന് സമ്മതിച്ച സിറ്റിപാസ് താൻ അങ്ങനെ ഒരിക്കലും ചെയ്യില്ല എന്നും ആർക്കും പന്ത് കൊണ്ടില്ല എന്നതിൽ ആശ്വാസവും കൊണ്ടു എന്നാൽ തന്റെ ക്ഷമ നശിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം കിർഗിയോസിൽ നിന്നു നിരന്തരം ഉണ്ടായത് ആണ് തന്റെ പ്രവർത്തിക്കു കാരണം എന്ന് ഗ്രീക്ക് താരം ആവർത്തിച്ചു. നിരന്തരം സംസാരിച്ചു കൊണ്ടേയിരുന്ന കിർഗിയോസിന് എതിരായ മത്സരം ഒരു സർക്കസ് പോലെയാണ് തനിക്ക് തോന്നിയത് എന്നു പറഞ്ഞ സിറ്റിപാസ് താൻ ടെന്നീസ് കളിക്കാൻ ആണ് വന്നത് അല്ലാതെ പരസ്പരം വെല്ലുവിളിക്കാൻ അല്ല എന്നും കൂട്ടിച്ചേർത്തു. എന്നും ടെന്നീസിൽ വിവാദങ്ങളുടെ സുഹൃത്ത് ആണ് നിക് കിർഗിയോസ് എന്ന ഓസ്‌ട്രേലിയൻ ചൂടൻ താരം.