തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാട്ടർ ഫൈനൽ കളിക്കുന്ന നാട്ടുകാരിയായ ആലിസൻ റിസ്കിനെതിരെ കടുത്ത പോരാട്ടത്തിന് ശേഷമാണ് സെറീന വില്യംസ് വീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിലേക്ക് പ്രവേശിച്ചത്. 3 സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 4-6, 6-4 എന്ന സ്കോറിനാണ് സെറീന ജയം കണ്ടത്. ആദ്യ സെറ്റ് മുതൽ കടുത്ത പോരാട്ടമാണ് സെറീന നേരിട്ടത്. പലപ്പോഴും സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്യപ്പെട്ട ആദ്യ സെറ്റിൽ പക്ഷെ റിസ്കിന്റെ സർവീസുകളും ഭേദിച്ച സെറീന പക്ഷെ താൻ ഉറച്ച് തന്നെയാണെന്ന് വ്യക്തമാക്കി. രണ്ടാം സെറ്റിൽ ആദ്യ സെറ്റിൽ നിന്ന് വിഭിന്നമായി ഇരു താരങ്ങളും സർവീസ് നിലനിർത്തിയെങ്കിലും സ്‌കോർ 4-4 ൽ നിൽക്കുമ്പോൾ സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത റിസ്ക് രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരം മൂന്നാം സീറ്റിലേക്ക് നീട്ടി.
ആധിപത്യം മാറി മറിഞ്ഞ മൂന്നാം സെറ്റിൽ സെറീനയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത റിസ്ക് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ റിസ്കിന്റെ അടുത്ത 2 സർവീസുകളും മറികടന്ന സെറീന മത്സരത്തിൽ മുൻതൂക്കം തിരിച്ചു പിടിച്ചു. എന്നാൽ അടുത്ത സെറീനയുടെ സർവീസ് ബ്രൈക്ക് ചെയ്ത റിസ്‌ക് മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ തന്റെ മാരക ഫോമിലേക്കുയർന്ന സെറീനയുടെ വീര്യത്തിനു മുന്നിൽ റിസ്‌ക് പിഴവുകൾ വരുത്തിയപ്പോൾ അടുത്ത റിസ്കിന്റെ സർവീസ് ഭേദിച്ച് സെറീന മത്സരം കയ്യെത്തും ദൂരത്താക്കി. നിരവധി ഏസുകൾ ഉതിർത്ത 11 സീഡായ സെറീന വീണ്ടുമൊരു ഏസിലൂടെ മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി സെന്റർ കോർട്ടിൽ വീണ്ടുമൊരു വിംബിൾഡൺ സെമിയിലേക്ക് മാർച്ച് ചെയ്തു.
കോർട്ട് 1 ൽ നടന്ന മറ്റൊരു ക്വാട്ടർ ഫൈനലിൽ ഇത് വരെ ആദ്യ 20 റാങ്കിൽ പോലും എത്താത്ത ചൈനീസ് താരം സാങിനെയാണ് 7 സീഡും മുൻ ലോക ഒന്നാം നമ്പർ താരവുമായ സിമോണ ഹാലപ്പ് മറികടന്നത്. എന്നാൽ റാങ്കിംഗിനെ വെല്ലുന്ന പ്രകടനമാണ് ചൈനീസ് താരം ആദ്യ സെറ്റിൽ തുടക്കത്തിൽ പുറത്തെടുത്തത്. എന്നാൽ ആദ്യ സെറ്റിൽ 4-1 നു പിന്നിലായ ഹാലപ്പ് പക്ഷെ അതിശക്തമായി തിരിച്ചെത്തി. 7-6 നു ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കിയ ഹാലപ്പ് തന്റെ അനുഭവസമ്പത്ത് മുഴുവൻ പുറത്തെടുത്തു. രണ്ടാം സെറ്റിൽ ആദ്യമെ സാങിന്റെ സർവീസ് മറികടന്ന ഹാലപ്പ് രണ്ടാം സെറ്റിൽ തുടക്കത്തിലെ ആധിപത്യം പിടിച്ചു. പിന്നീട് ഒരിക്കൽ പോലും ചൈനീസ് താരത്തെ തിരിച്ചു വരാൻ അനുവദിക്കാതിരുന്ന ഹാലപ്പ് രണ്ടാം സെറ്റ് 6-1 നു സ്വന്തമാക്കി മത്സരം തന്റേതാക്കി. ഇത് രണ്ടാം തവണയാണ് ഹാലപ്പ് വിംബിൾഡൺ സെമിയിൽ പ്രവേശിക്കുന്നത്. തന്റെ ആദ്യ വിംബിൾഡൺ ഫൈനൽ പ്രവേശനമാവും സെമിയിൽ ഹാലപ്പ് ലക്ഷ്യം വക്കുക.