ഒരേയൊരു ജ്യോക്കോവിച്ച്! ടെന്നീസിലെ ഒരേയൊരു ‘GOAT’! ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടം!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസിലെ ഏറ്റവും മഹാനായ താരം ആരാണ് എന്നതിന് കളത്തിൽ വീണ്ടും വീണ്ടും മറുപടി പറഞ്ഞു ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച്. നാലു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് വഴങ്ങിയ ശേഷം തിരിച്ചു വന്നാണ് നൊവാക് ജയം കണ്ടത്. കരിയറിലെ ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി സാക്ഷാൽ റോജർ ഫെഡറർ, റാഫ നദാൽ എന്നിവർക്ക് ഒപ്പം എത്തിയ ജ്യോക്കോവിച്ച് ആറാം വിംബിൾഡൺ കിരീടം നേടി ഇതിഹാസ താരം ബോർഗിനെയും മറികടന്നു. ഈ വർഷത്തെ മുഴുവൻ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ലക്ഷ്യമിട്ട് കലണ്ടർ സ്‌ലാം എന്ന ആർക്കും സ്വന്തമാകാത്ത ചരിത്രനേട്ടം ലക്ഷ്യം വക്കുന്ന ജ്യോക്കോവിച്ചിനു മുന്നിൽ ഇനി യു.എസ് ഓപ്പൺ മാത്രം ആണ് ബാക്കി. മികച്ച പോരാട്ടം ആണ് ഏഴാം സീഡ് ആയ ഇറ്റാലിയൻ ഒന്നാം നമ്പർ താരം മറ്റെയോ ബരെറ്റിനി ജ്യോക്കോവിച്ചിനു ഫൈനലിൽ നൽകിയത്. മികച്ച തുടക്കം മത്സരത്തിൽ ലഭിച്ച ജ്യോക്കോവിച്ച് ഇറ്റാലിയൻ താരത്തെ ആദ്യം തന്നെ ബ്രൈക്ക് ചെയ്തു. തുടർന്ന് സർവീസ് നിലനിർത്താനും ബരെറ്റിനി പാട് പെട്ടു.

Img 20210711 Wa1007
എന്നാൽ നന്നായി കളിച്ച ഇറ്റാലിയൻ താരം തിരിച്ചു ബ്രൈക്ക് കണ്ടത്തി സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കിയ ഇറ്റാലിയൻ താരം മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. ആദ്യ സെറ്റിന്റെ നിരാശ ഇരട്ട ബ്രൈക്കുകൾ നേടി രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്നെ ജ്യോക്കോവിച്ച് മായിച്ചു കളഞ്ഞു. എന്നാൽ ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു ബരെറ്റിനി സെറ്റ് ആവേശകരമാക്കി. എന്നാൽ സർവീസ് കഷ്ടപ്പെട്ട് നിലനിർത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിലും തുടക്കത്തിൽ ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ചിനെ ആണ് കാണാൻ ആയത്. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിക്കാൻ ബരെറ്റിനി സർവ്വ ശ്രമവും നടത്തി. എന്നാൽ ബ്രൈക്ക് പോയിന്റുകൾ അസാധ്യമായി കോർട്ട് മുഴുവൻ ഓടി നടന്നു കളിച്ചു രക്ഷിച്ച ജ്യോക്കോവിച്ച് സർവീസ് തുടർന്ന് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരവും ചാമ്പ്യൻഷിപ്പും വെറും ഒരു സെറ്റ് മാത്രം അകലെയാക്കി.

Img 20210711 Wa0997

നാലാം സെറ്റിൽ ആദ്യം ബ്രൈക്ക് വഴങ്ങാൻ ബരെറ്റിനി തയ്യാറായില്ല. ജ്യോക്കോവിച്ചിന്റെ സർവീസിൽ ഇറ്റാലിയൻ താരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ അവിശ്വസനീയം എന്നു വിളിക്കാവുന്ന വിധം പ്രതിരോധിച്ചു കളിച്ച ജ്യോക്കോവിച്ച് പല പോയിന്റുകൾ രക്ഷിച്ചു എടുക്കുന്ന കാഴ്ച അയ്യാളുടെ മഹത്വം വിളിച്ചു പറയുന്നത് ആയിരുന്നു. ഒടുവിൽ ബ്രൈക്ക് പോയിന്റ് സൃഷ്ടിച്ചു എടുത്ത ജ്യോക്കോവിച്ച് എതിരാളിക്ക് സമ്മർദ്ദം നൽകി. നിർണായക സമയത്ത് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ബരെറ്റിനി നാലാം സെറ്റിൽ ആദ്യ ബ്രൈക്ക് വഴങ്ങി. തുടർന്ന് തന്റെ സർവീസിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ ബരെറ്റിനി രക്ഷിച്ചു എങ്കിലും ജ്യോക്കോവിച്ച് ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി 6-3 നു സെറ്റ് നേടി ചരിത്രം സ്വന്തം പേരിലാക്കി. ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടത്തിലൂടെ കലണ്ടർ സ്‌ലാം ലക്ഷ്യം വക്കുന്നതിലൂടെ ജ്യോക്കോവിച്ച് ടെന്നീസ് കണ്ട ഏറ്റവും മഹാനായ താരം എന്ന പട്ടം വീണ്ടും വീണ്ടും ഉറപ്പിക്കുക ആണു. 4 ഗ്രാന്റ് സ്‌ലാമുകളും 2 പ്രാവശ്യം നേടിയ ഏക താരവും ജ്യോക്കോവിച്ച് മാത്രമാണ് എന്നത് ആണ് മറ്റ് രണ്ട് ഇതിഹാസങ്ങളിൽ നിന്നു ഇതിനകം തന്നെ ജ്യോക്കോവിച്ചിനെ മാറ്റി നിർത്തുന്ന ഘടകം. ഉടൻ എങ്ങും നിർത്താൻ ഉദ്ദേശമില്ലാത്ത 34 കാരനായ ജ്യോക്കോവിച്ച് എന്തൊക്കെ പുതിയ ചരിത്രം ഇനിയും എഴുതും എന്നു കാത്തിരുന്നു കാണാം.