വിംബിൾഡൺ മൂന്നാം റൗണ്ടിൽ 2017 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് 32 സീഡ് ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനു എതിരെ അവിശ്വസനീയ തിരിച്ചു വരവ് നടത്തി രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് നാലാം റൗണ്ടിൽ. പരാജയം മുന്നിൽ കണ്ട റഷ്യൻ താരം തന്റെ കരിയറിൽ ആദ്യമായാണ് 2 സെറ്റ് പിറകിൽ നിന്ന ശേഷം ഒരു മത്സരം ജയിക്കുന്നത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ മികച്ച പ്രകടനം നടത്തി സെറ്റ് കയ്യിലാക്കിയ സിലിച്ച് രണ്ടാം സെറ്റിൽ മെദ്വദേവിനു മേൽ കൂടുതൽ ആധിപത്യം കാണിച്ചു. സെറ്റ് 6-3 നു കയ്യിലാക്കിയതോടെ മെദ്വദേവ് വലിയ സമ്മർദ്ദത്തിൽ ആയി. എന്നാൽ മൂന്നാം സെറ്റ് മുതൽ തിരിച്ചടിക്കുന്ന മെദ്വദേവിനെയാണ് മത്സരത്തിൽ കണ്ടത്. നിർണായക ബ്രൈക്ക് കണ്ടത്തി മൂന്നാം സെറ്റ് 6-3 നു കയ്യിലാക്കിയ മെദ്വദേവ് തിരിച്ചുവരവിന്റെ സൂചനകൾ നൽകി.
തുടർന്നു സിലിച്ചിനു മേൽ വ്യക്തമായ ആധിപത്യം നേടിയ മെദ്വദേവ് നാലാം സെറ്റും 6-3 എന്ന സമാനമായ സ്കോറിന് ജയിച്ചു. തുടർന്ന് കൂടുതൽ ആധികാരികമായി നാലാം സെറ്റ് 6-2 നു കയ്യിലാക്കി ജയം കുറിച്ച മെദ്വദേവ് നാലാം റൗണ്ടിലേക്ക് മുന്നേറി. മികച്ച പോരാട്ടം നടത്തിയ സിലിച്ചിനു നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ യാത്രയയപ്പ് നൽകിയത്. മെദ്വദേവ് 16 ഏസുകൾ അടിച്ച മത്സരത്തിൽ 11 ഏസുകൾ ആണ് സിലിച്ച് അടിച്ചത്. 5 തവണ ബ്രൈക്ക് വഴങ്ങിയ റഷ്യൻ താരം 8 തവണയാണ് സിലിച്ചിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്. അവിശ്വസനീയ തിരിച്ചു വരവിലൂടെ എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് ആണ് ലോക രണ്ടാം നമ്പർ താരം നൽകിയത്. നാലാം റൗണ്ടിൽ ബുബ്‌ലിക്കിനെ ഏകപക്ഷീയമായി 6-3, 6-4, 6-2 എന്ന സ്കോറിന് തകർത്തു വരുന്ന 14 സീഡ് പോളണ്ടിന്റെ ഉമ്പർട്ട് ഹുർകാസ് ആണ് മെദ്വദേവിന്റെ എതിരാളി.