മെദ്വദേവിനെ വീഴ്‌ത്തി ഹുർകാസ്, ക്വാർട്ടറിൽ ഹുർകാസ് ഫെഡററിന്റെ എതിരാളി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ മഴ കാരണം നിർത്തി വച്ച് ഇന്ന് പുനരാരംഭിച്ച നാലാം റൗണ്ട് മത്സരത്തിൽ പരാജയപ്പെട്ടു രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് പുറത്ത്. ഇന്നലെ രണ്ടു സെറ്റ് നേടി നാലാം സെറ്റിൽ 4-3 നു മെദ്വദേവ് പിന്നിട്ടു നിൽക്കുമ്പോൾ ആണ് മഴ എത്തുന്നത്. ഇതോടെ കളി ഇന്നത്തേക്ക് മാറ്റി. 14 സീഡ് പോളണ്ട് താരം ഉമ്പർട്ട് ഹുർകാസ് ആണ് മെദ്വദേവിനെ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-2 നു നേടിയ റഷ്യൻ താരത്തിന് മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത് എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് ഹുർകാസ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി. 6-3 നു മൂന്നാം സെറ്റ് നേടി മെദ്വദേവ് തിരിച്ചടിച്ചു. നാലാം സെറ്റിൽ 4-3 ൽ ഇന്ന് മത്സരം തുടങ്ങിയ സെറ്റിൽ പിന്നീട് ഒരു ഗെയിം പോലും നേടാൻ മെദ്വദേവിനു ആയില്ല.

ഇതോടെ 6-3 നു നാലാം സെറ്റ് നേടിയ ഹുർകാസ് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിലും തന്റെ ആധിപത്യം തുടർന്ന ഹുർകാസ് സെറ്റിലും റഷ്യൻ താരത്തിന് മേൽ ആധിപത്യം കണ്ടത്തി. രണ്ടാം നമ്പർ കോർട്ടിൽ നിന്നു ഇന്ന് സെന്റർ കോർട്ടിലേക്ക് മാറ്റിയ മത്സരത്തിൽ അഞ്ചാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഹുർകാസ് സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മൂന്നു വീതം ബ്രൈക്ക് ഇരു താരങ്ങളും നേടിയ മത്സരത്തിൽ നിർണായകമായ രണ്ടാം സെറ്റ് ടൈബ്രേക്കർ നേടാൻ ആയത് ആണ് ഹുർകാസിന് മത്സരം ജയിക്കാൻ സഹായകമായത്. ഇത് കരിയറിൽ ആദ്യമായാണ് ഹുർകാസ് ഒരു ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ റോജർ ഫെഡറർ ആണ് ഉമ്പർട്ട് ഹുർകാസിന്റെ എതിരാളി. ഇന്നും കൂടി കളിച്ചത് ഹുർകാസിന് തിരിച്ചടി ആവുമെങ്കിലും ചെറുപ്പം താരത്തിന് ഒപ്പം ആണ് എന്നത് നിർണായകമാണ്.