വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എങ്കിലും എത്താൻ ആയതിൽ സന്തോഷം പ്രകടിപ്പിച്ചു റോജർ ഫെഡറർ. താനും തന്റെ ടീമും ഈ പ്രകടനത്തിൽ സന്തോഷവാന്മാർ ആണെന്ന് ഇതിഹാസ താരം കൂട്ടിച്ചേർത്തു. ക്വാർട്ടറിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതോടെ ഫെഡറർ വിരമിക്കുമോ എന്ന ചോദ്യത്തിനും ഏതാണ്ട് ഉത്തരവും ഫെഡററിൽ നിന്നു ലഭിച്ചു. തന്റെ അവസാന വിംബിൾഡൺ ആയിരിക്കില്ല ഇത് എന്ന സൂചനയും ഫെഡറർ നൽകി.
നിലവിൽ തനിക്ക് വേണ്ടത് വിശ്രമം ആണെന്ന് പറഞ്ഞ ഫെഡറർ സ്വിസ് ടീമിന് ഒപ്പം ഒളിമ്പിക്സ് കളിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നും അറിയിച്ചു. എല്ലായിപ്പോഴും വിംബിൾഡൺ കളിക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യം ആണ് എന്ന് കൂട്ടിച്ചേർത്ത ഫെഡറർ ഈ വർഷം തനിക്ക് കളിക്കാൻ ആയതിലും സന്തോഷം പ്രകടിപ്പിച്ചു. ടീമിനോട് ആലോചിച്ച ശേഷം മാത്രമേ എന്തെങ്കിലും തീരുമാനം എടുക്കു എന്നു കൂട്ടിച്ചേർത്ത അടുത്ത മാസം നാൽപ്പതുകാരനാവുന്ന ഫെഡറർ ഉറപ്പായിട്ടും ഉടൻ വിരമിക്കും എന്ന സൂചന നൽകുന്നില്ല എന്നത് ഫെഡറർ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ്.