ഇന്നലെ നാലാം ദിവസം വിംബിൾഡണിൽ സൂര്യൻ അസ്തമിച്ചപ്പോൾ, കാര്യമായിട്ടൊന്നും സംഭവിച്ചില്ല. നദാൽ, സിസിപാസ്, കിറിയോസ് തുടങ്ങിയവർ എല്ലാം മൂന്നാം റൗണ്ടിൽ കടന്നു. പതിനേഴാം സീഡ് ബാറ്റിസ്റ്റ അഗുട് കോവിഡ് ബാധിച്ചു ടൂർണമെന്റിൽ നിന്ന് മാറി നിന്നത് വീണ്ടും കോർട്ടുകളിൽ പിരിമുറുക്കം കൂട്ടി. ഷ്വാർട്സ്‌മാൻ, ഷാപാവ്ലോവ് എന്നിവർ കളിച്ചും പുറത്തായി.
വനിതകളുടെ സിംഗിൾസിലും അട്ടിമറികൾ ഒന്നും നടന്നില്ല. ഇഗ, കോകോ, ഹാലെപ്, അനിസിമോവ തുടങ്ങിയവർ മൂന്നാം റൗണ്ടിൽ കടന്നപ്പോൾ, ആറാം സീഡ് പ്ലിസ്ക്കോവ പുറത്തായി.
പ്രതീക്ഷിച്ച പോലെ മുൻനിര താരങ്ങൾ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും സാധ്യത കൽപ്പിക്കുന്ന താരങ്ങൾ നദാലും ജോക്കോവിച്ചും തന്നെ. സിസിപാസ്, ആൽക്കറാസ് തുടങ്ങിയവർ മത്സരത്തിൽ ഉണ്ടെങ്കിലും അവരാരും ഫൈനൽസിൽ കടക്കുമോ എന്ന് പറയാറായിട്ടില്ല. സിസിപാസിന്റെ അടുത്ത കളി ഓസ്‌ട്രേലിയൻ ഹൈവയർ കിറിയോസുമായിട്ടാണ്. സംഘാടകർ സന്തോഷത്തിലാണ്, കാര്യം കിറിയോസ് കോർട്ടിലെ അലമ്പിന് കുപ്രസിദ്ധനാണെങ്കിലും, എനി പബ്ലിസിറ്റി ഇസ് ഗുഡ് പബ്ലിസിറ്റി എന്നാണ് അവർ പറയുന്നത്! ഗാലറി നിറയും എന്ന കാര്യത്തിൽ സംശയം വേണ്ട.
ഓസ്‌ട്രേലിയൻ ഓപ്പണും, ഫ്രഞ്ച് ഓപ്പണും ജയിച്ചു നിൽക്കുന്ന നദാൽ ലണ്ടനിലും ട്രോഫി ഉയർത്തിയാൽ അതൊരു ചരിത്രമാകും. ഫുൾ ഗ്രാൻഡ്സ്ലാം അല്ലെങ്കിൽ കൂടി, മൂന്ന് ഗ്രാൻഡ്സ്ലാം ഒരേ സീസണിൽ ഉയർത്തിയവർ വിരളമാണ്. കൂടാതെ ഇരുപത്തിമൂന്നാം ഗ്രാൻഡ്സ്ലാം, പുൽകോർട്ടിൽ പുറകോട്ടെന്ന പഴിക്ക് ഒരു മറുപടി, അങ്ങനെ നേടാൻ ഒരുപാടുണ്ട് നദാലിന്. നദാലിന്റെ ഷോട്ടുകൾക്ക് പഴയ വീര്യം കാണുന്നുണ്ടെങ്കിലും, ഓടാൻ മടി കാണിക്കുന്നു എന്ന ഒരു പരാതി ഫാൻസിനുണ്ട്. സാധ്യത തീരെ ഇല്ലാത്ത റിട്ടേണുകൾ അത്ഭുതകരമായി പോയിന്റുകളായി മാറ്റിയിരുന്നു നദാലിനെ കോർട്ടിൽ കാണുന്നില്ല എന്നാണ് അവരുടെ അഭിപ്രായം. പക്ഷെ ഈ സ്പാനിഷ് ഗോട്ട് തന്റെ ഏറ്റവും നല്ല കളി ജോക്കോവിച്ചിനായി മാറ്റി വച്ചിരിക്കുകയാണ് എന്നും ചിലർ അടക്കം പറയുന്നുണ്ട്.
ഈ സീസണിൽ വാക്സിൻ കാരണം ഓസ്‌ട്രേലിയൻ ഓപ്പണും, നദാൽ കാരണം ഫ്രഞ്ച് ഓപ്പണും നഷ്ടപ്പെട്ട ജോക്കോവിച്ചിന് തിരിച്ചു വരാൻ ഒരു നല്ല സാധ്യതയും കാണുന്നുണ്ട്. പുൽകോർട്ടിൽ ഇത്തവണ നല്ല ഫോമിലാണ് ജോക്കോവിച്. നമ്മൾ കരുതുന്ന പോലെ കളികൾ മുന്നോട്ട് പോയാൽ, ഫൈനലിൽ വീണ്ടും തീ പാറും.