ജൂനിയർ ജേതാവിൽ നിന്നു വിംബിൾഡൺ കിരീടത്തിലേക്ക്! ക്രിക്കറ്റിലും ഗോൾഫിലും തിളങ്ങിയ ചരിത്രവും കൂട്ട്!

625ac3b4343b412498eb17ea3ae07030 01

ആഷ് ബാർട്ടി എന്ന ഓസ്‌ട്രേലിയൻ ടെന്നീസ് താരം ഓസ്‌ട്രേലിയൻ കായിക രംഗത്തെ ഒരു ഇതിഹാസ പദവിയിലേക്ക് തന്നെ ഉയർന്നു കഴിഞ്ഞു. സാക്ഷാൽ മാർഗരറ്റ് കോർട്ടിനും ബാർട്ടിയുടെ തന്നെ വലിയ പ്രചോദനവും മുൻഗാമിയും ആയ തദ്ദേശവംശജ കൂടിയായ ഇവനോ ഗൂലഗോങിനും ശേഷം ടെന്നീസിൽ അവർക്ക് ഒരു വിംബിൾഡൺ ജേതാവിനെ ലഭിച്ചിരിക്കുന്നു. ഓസ്‌ട്രേലിയൻ തദ്ദേശവംശജയ ആയ ലോക ഒന്നാം നമ്പർ ടെന്നീസ് താരത്തിന്റെ കരിയർ അപൂർവതകൾ കൊണ്ടു കൂടി നിറഞ്ഞത് ആണ്. ജൂനിയർ കരിയറിൽ ലോക രണ്ടാം നമ്പർ താരം വരെയായ ബാർട്ടി 2011 ൽ 15 മത്തെ വയസ്സിൽ വിംബിൾഡൺ ജൂനിയർ കിരീടം സ്വന്തമാക്കുന്നുണ്ട്. തുടർന്ന് പ്രഫഷണൽ ടെന്നീസ് കരിയർ ആരംഭിച്ച ബാർട്ടി ആദ്യ കാലത്ത് ഡബിൾസിൽ ആണ് നേട്ടങ്ങൾ ഉണ്ടാക്കുന്നത്.

എന്നാൽ 2014 ലിൽ ടെന്നീസിനായുള്ള യാത്രകളും സമ്മർദ്ദവും കാരണം താൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തുന്നു എന്ന ചിന്ത വന്ന ബാർട്ടി ടെന്നീസിൽ നിന്നു കുറച്ചു കാലം വിട്ട് നിൽക്കാൻ തീരുമാനിക്കുന്നു. ഈ സമയത്ത് ഡബിൾസിൽ 40 റാങ്കിനുള്ളിലും സിംഗിൾസിൽ 200 നു പുറത്തും ആയിരുന്നു ബാർട്ടി. ഇതിനിടയിൽ ഓസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് ടീമുമായി അടുക്കുന്ന ബാർട്ടി തുടർന്ന് ഒരു ടീം സ്പോർട്സ് തനിക്ക് സഹായകമാവും എന്നു കരുതി ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങുന്നു. പണ്ട് നേരം പോക്കിന് കുടുബവുമായി ക്രിക്കറ്റ് കളിച്ച അനുഭവം അല്ലാതെ പ്രഫഷണൽ ആയി മുമ്പ് ഒരിക്കൽ പോലും ബാർട്ടി ക്രിക്കറ്റ് കളിച്ചിരുന്നില്ല. ബാർട്ടിയുടെ ബാറ്റിംഗ് മികവ് കണ്ട് അത്ഭുതപ്പെട്ടു എന്നു ക്യൂൻസ്ലാന്റ് ഫയർ പരിശീലകൻ ആന്റി റിച്ചാർഡ്സ് പറയുന്നുണ്ട്.

Img 20210710 Wa0314 01
തുടർന്ന് ആന്റി റിച്ചാർഡ്സ് തന്നെ ആദ്യ ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയിൻ ഹീറ്റിന്റെ പരിശീലകൻ ആയപ്പോൾ അതിനകം പ്രാദേശിക മത്സരങ്ങളിൽ നന്നായി കളിച്ച ബാർട്ടിക്ക് ആദ്യ ബിഗ് ബാഷിൽ തന്നെ കളിക്കാൻ അവസരം കിട്ടുന്നു. ആ സീസണിൽ അവർക്ക് ഒപ്പം കളിച്ച ബാർട്ടി ഭേദമില്ലാത്ത പ്രകടനം ആണ് നടത്തിയത്. തന്റെ കരിയറിൽ ഒരു ടീം കായിക ഇനം കളിച്ചത് നന്നായി സ്വാധീനിച്ചു എന്നു ബാർട്ടി പിന്നീട് ക്രിക്കറ്റ് കളിച്ചതിനെ കുറിച്ചു പറയുന്നുണ്ട്. തുടർന്ന് 2016 ൽ ടെന്നീസിൽ നിന്നു വിട്ടു നിന്ന രണ്ടു വർഷങ്ങൾക്ക് ശേഷം ബാർട്ടി ടെന്നീസിൽ തിരിച്ചു വന്നു. ഇത്തവണ സിംഗിൾസിൽ കൂടുതൽ ശക്തമായ ബാർട്ടി 2017 ൽ റാങ്കിംഗിൽ ആദ്യ ഇരുപതിലും ആദ്യ ഡബ്യു.ടി.എ കിരീടത്തിലേക്കും എത്തുന്നുണ്ട്. 2018 ൽ ഡബിൾസിൽ യു.എസ് ഓപ്പൺ കിരീടവും ആഷ് ബാർട്ടി ഉയർത്തുന്നു. 2019 ൽ തനിക്ക് അധികം വഴങ്ങില്ലെന്ന് പലരും പറഞ്ഞ കളിമണ്ണ് മൈതാനത്ത് ഫ്രഞ്ച് ഓപ്പൺ കിരീടം സിംഗിൾസിൽ ഉയർത്തി ബാർട്ടി സകലരെയും ഞെട്ടിച്ചു.

Img 20210710 Wa0317 01

തുടർന്ന് ഡബ്യു.ടി.എ ടൂർ കിരീടവും ആ വർഷം ബാർട്ടി ഉയർത്തുന്നു. തുടർന്ന് ലോക ഒന്നാം നമ്പർ ആയും ബാർട്ടി മാറുന്നു. ഇടക്ക് നഷ്ടമായെങ്കിലും നേട്ടം ബാർട്ടി പിന്നീട് തിരിച്ചു പിടിക്കുന്നു. തുടർന്ന് അത്ര മികച്ച പ്രകടനങ്ങൾ ബാർട്ടിയിൽ നിന്നു ഉണ്ടാവുന്നില്ല. കോവിഡ് ഇടവേളക്ക് ശേഷം ടെന്നീസിൽ നിന്നു വിട്ടു നിൽക്കുന്ന ബാർട്ടി ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്താനും ഇറങ്ങുന്നില്ല. ഈ സമയത്ത് സെപ്റ്റംബർ 2020 തിൽ ബ്രൂക്ക്വാട്ടർ ഗോൾഫ് ക്ലബ് ചാമ്പ്യൻഷിപ്പിൽ കിരീടവും ബാർട്ടി ഉയർത്തുന്നു. 2016 ൽ ഇവിടെ വച്ച് കണ്ടുമുട്ടിയ പ്രഫഷണൽ ഗോൾഫ് താരം ആയ ഗാരി ഗിസിക്ക് 2017 മുതൽ ബാർട്ടിയുടെ പങ്കാളി കൂടിയാണ്. തുടർന്ന് വീണ്ടും ടെന്നീസിൽ തിരിച്ചെത്തിയ ബാർട്ടി 2011 ൽ ജൂനിയർ ജേതാവ് ആയ അതേ വിംബിൾഡണിൽ തന്റെ ആദ്യ കിരീടവും രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടവും ഉയർത്തി. തദ്ദേശീയരായ ജനതക്ക് ആയി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ബാർട്ടിയെ 2020 തിൽ യുവ ഓസ്‌ട്രേലിയൻ ആയും തിരഞ്ഞെടുത്തിരുന്നു. ഈ കായിക വിനോദങ്ങൾക്ക് പുറമെ കടുത്ത കായിക പ്രേമി കൂടിയായ ബാർട്ടി ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ലീഗിലെ റിച്മൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളുടെ കടുത്ത ആരാധികയാണ്. ഒപ്പം ഓസ്‌ട്രേലിയൻ റഗ്ബി ടീം ആയ വെസ്റ്റ്സ് ടൈഗർസും ബാർട്ടിയുടെ പ്രിയ ടീം ആണ്. ഏതൊരു കായിക താരത്തിനും മാതൃക ആക്കാവുന്ന കരിയറും വ്യക്തിജീവിതത്തിലെ എളിമയും തന്നെയാണ് ആഷ് ബാർട്ടിയെ മികച്ച മാതൃക ആക്കുന്നത്. കൈവച്ച മേഖലകളിൽ തിളങ്ങിയ ചരിത്രമുള്ള ബാർട്ടി ടെന്നീസിൽ തന്റെ നിലവിലുള്ള ഇരിപ്പിടം ശക്തിയായി കാത്ത് സൂക്ഷിക്കാൻ ആവും തുടർന്ന് ശ്രമിക്കുക.