യൂറോപ്പ് ഭരിക്കാൻ ഇംഗ്ലണ്ടും ഇറ്റലിയും ഇന്ന് വെംബ്ലിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്യൻ ഫുട്ബോളിലെ രാജാക്കാന്മാർ ആരാകും എന്ന് ഇന്ന് രാത്രി അറിയാം. ഒരു മാസമായി നടക്കുന്ന യൂറോ കപ്പിന്റെ കലാശക്കൊട്ടാണ് ഇന്ന്. ഇംഗ്ലണ്ടും ഇറ്റലിയും ഇന്ന് വെംബ്ലിയിൽ പതിനായിരകണക്കിന് വരുന്ന ഫുട്ബോൾ ആരാധകർക്ക് മുന്നിൽ ബൂട്ടും കെട്ടി ഇറങ്ങുമ്പോൾ ഫലം അപ്രവചനീയമാണ്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലിൽ ഇന്ന് ഇറങ്ങുന്നത് എന്ന് നിസ്സംശയം പറയാം.

സെമി ഫൈനലിൽ ഡെന്മാർക്കിനെ 120 മിനുട്ട് നീണ്ട പോരാട്ടത്തിന് ഒടുവിൽ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് വിജയവും ഒരു സമനിലയുമായി നോക്കൗട്ട് റൗണ്ടിൽ എത്തിയ ഇംഗ്ലണ്ട് ശക്തരായ ജർമ്മനിയെ പ്രീക്വാർട്ടറിലും പിന്നീട് ഉക്രൈനെ ക്വാർട്ടറിലും വീഴ്ത്തി. സെമി ഫൈനലിൽ ഡംസ്ഗാർഡ് നേടിയ അത്ഭുത ഫ്രീകിക്ക് അല്ലാതെ ഒരു ഗോൾ പോലും ഇംഗ്ലീഷ് ഡിഫൻസ് വഴങ്ങിയിട്ടില്ല.

ഇംഗ്ലണ്ടിന് സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്ന മുൻതൂക്കം അവർക്ക് ഉണ്ട്. ഇന്ന് വെംബ്ലിയിൽ എത്തുന്ന കാണികളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് ആരാധകർ തന്നെയാകും. എന്നാലും കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലും 2004 യൂറോയിലും ആതിഥേയർ ഫൈനലിൽ പരാജയപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് ഫൈനലാണിത്. 1966 ലോകകപ്പ് കിരീടത്തിനു ശേഷം ഒരു കിരീടം ഇംഗ്ലമ്മ്ട് നേടിയിട്ടില്ല.

ഇറ്റലിക്ക് അവസാന 53 വർഷങ്ങളായി യൂറോ കപ്പ് നേടാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ അവർക്കും കിരീടത്തിൽ കുറഞ്ഞൊരു ചിന്ത ഇന്ന് ഇല്ല. ഈ ടൂർണമെന്റിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമാണ് ഇറ്റലി. 33 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് മാഞ്ചിനിയുടെ ടീം ഫൈനലിന് എത്തുന്നത്.

സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്പെയിനിനെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനലിൽ പ്രവേശിച്ചത്. ബെൽജിയം, ഓസ്ട്രിയ എന്നിവരും നോക്കൗട്ട് റൗണ്ടുകളിൽ ഇറ്റലിക്ക് മുന്നിൽ വീണു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെ എല്ലാ മത്സരങ്ങളും ജയിക്കാനും ഇറ്റലിക്ക് ആയിരുന്നു.

ഇറ്റലി നിരയിൽ സ്പിനസോള മാത്രമാണ് പരിക്ക് കാരണം ഇന്ന് സ്ക്വാഡിന് പുറത്തുള്ളത്. ഇംഗ്ലീഷ് നിരയിൽ ഫോഡന് പരിക്കാണ്. എങ്കിലും താരം സ്ക്വാഡിൽ എത്തുമെന്നാണ് പ്രതീക്ഷ. ജർമ്മനിക്ക് എതിരെയെന്ന പോലെ ബാക്ക് 3യിലേക്ക് സൗത്ഗേറ്റ് ഇന്ന് മാറാനുള്ള സാധ്യതയുണ്ട്. ഇറ്റലി അവരുടെ പതിവ് ഫോർമേഷനിൽ തന്നെയാകും ഇറങ്ങുക. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.