വിംബിൾഡൺ മൂന്നാം റൗണ്ടിൽ മുൻ ജേതാവും ഇതിഹാസ താരവും ആയ ആന്റി മറെയുടെ പോരാട്ടത്തിനു അവസാനം. നാലു വർഷങ്ങൾക്ക് ശേഷം നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം വിംബിൾഡണിൽ ഇറങ്ങിയ മറെ ആദ്യ രണ്ടു മത്സരങ്ങളിൽ വമ്പൻ പോരാട്ടങ്ങൾക്ക് ശേഷം ജയം കണ്ടാണ് മൂന്നാം റൗണ്ടിൽ എത്തിയത്. പത്താം സീഡ് ആയ കനേഡിയൻ യുവ താരത്തിന് മുന്നിൽ പക്ഷെ മറെക്ക് ആരാധകരുടെ കടുത്ത പിന്തുണയിലും ആ മാജിക് ആവർത്തിക്കാൻ ആയില്ല. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റിൽ മറെ തന്റെ പരമാവധി പൊരുതിയെങ്കിലും സെറ്റ് 6-4 നു നേടി ഷപവലോവ് മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ ഏകപക്ഷീയമായ മത്സരം കണ്ടപ്പോൾ സെറ്റ് 6-2 നു കനേഡിയൻ താരം കയ്യിലാക്കി.
മൂന്നാം സെറ്റിൽ 4-0 ൽ നിന്നു ആദ്യമായി ഷപവലോവിനെ ബ്രൈക്ക് ചെയ്ത മറെ തിരിച്ചു വരാൻ ശ്രമം നടത്തിയെങ്കിലും 6-2 നു സെറ്റ് കൈവിട്ടു മത്സരം അടിയറവ് പറഞ്ഞു. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത ഷപവലോവ് 6 തവണയാണ് മറെയെ ബ്രൈക്ക് ചെയ്തത്. സെന്റർ കോർട്ടിലെ കാണികൾ എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് മറെക്ക് യാത്രാമൊഴി ചൊല്ലിയത്. അടുത്ത തവണയും വിംബിൾഡണിൽ എത്താൻ ആവും മറെയുടെ ശ്രമം. അതേസമയം ഒമ്പതാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനെ ഹംഗറി താരം മാർട്ടൻ ഫുസ്കോവിക്സ് അട്ടിമറിച്ചു. നാലു സെറ്റ് പോരാട്ടത്തിൽ ആണ് ഷോർട്ടി പരാജയം ഏറ്റു വാങ്ങിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ് മാത്രം നേടാനെ അർജന്റീനൻ താരത്തിന് ആയുള്ളൂ. സ്‌കോർ : 6-3, 6-3, 6-7, 6-4.













