വില്ല്യംസ് സഹോദരിമാരിൽ സെറീന വില്ല്യംസ് മുന്നേറിയപ്പോൾ ഒമ്പതാം സീഡ് ചേച്ചി വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് ഒരു മാരത്തോൺ പോരാട്ടത്തിൽ കീഴ്പ്പെടുത്തി അവസാന പതിനാറിൽ എത്തി. സ്‌കോർ 6-2, 6-7, 8-6. മ്ലാഡനോവിച്ചിനെ കടുത്തൊരു പോരാട്ടത്തിൽ 7-5, 7-6 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് മുൻ ചാമ്പ്യനായ സെറീന അവസാന പതിനാറിൽ ഇടം പിടിച്ചത്.
പത്താം സീഡും യുഎസ് ഓപ്പൺ റണ്ണറപ്പുമായ മാഡിസൺ കീസിനെ സീഡില്ലാ താരം റോഡിന അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 5-7, 6-4 എന്ന സ്കോറിനാണ് റോഡിന കീസിനെ തറപറ്റിച്ചത്. മറ്റ് മത്സരങ്ങളിൽ മക്കറോവ, പ്ലിസ്‌കോവ, വെകിച്ച് എന്നിവരും അവസാന പതിനാറിൽ ഇടം നേടി.
പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ അനായസാം നാലാം റൗണ്ടിൽ എത്തി. സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ തോൽപ്പിച്ചത്. അമേരിക്കയുടെ ഉയരക്കാരൻ ജോൺ ഇസ്‌നർ, അമേരിക്കയുടെ തന്നെ മക്ഡൊണാൾഡ്, മന്നാരിനൊ, മോൺഫിസ്, കെവിൻ ആന്ഡേഴ്സൻ എന്നിവർ അവസാന പതിനാറിൽ ഇടം നേടിയപ്പോൾ ഫാബിയാനോയെ തോൽപ്പിച്ച് ഗ്രീസിന്റെ പത്തൊമ്പത് വയസ്സുകാരൻ സിസിപ്പാസ് ചരിത്രം സൃഷ്ടിച്ചു.
നവീന കാലഘട്ടത്തിൽ ആദ്യമായാണ് ഗ്രീസിൽ നിന്നുള്ള ഒരു താരം ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടക്കുന്നത്. ഇതിന് മുമ്പേ ഗ്രീസിൽ നിന്ന് ആകെ 3 പേര് മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഇസ്‌നറാണ് അടുത്ത റൗണ്ടിൽ ഗ്രീസ് താരത്തിന്റെ എതിരാളി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial