കസാഖിസ്ഥാൻ താരം അലക്സാണ്ടർ ബുബ്ലികിനു എതിരെ അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടം അതിജീവിച്ചു റഷ്യയുടെ ഏഴാം സീഡ് ആന്ദ്ര റൂബ്ലേവ് വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ. വളരെ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ അഞ്ചാം സെറ്റിൽ റൂബ്ലേവിന്റെ തീർത്തും അവിശ്വസനീയം ആയ ഷോട്ടും കാണാൻ ആയി. ആദ്യ രണ്ടു സെറ്റുകളിൽ ഓരോ തവണ ബ്രേക്ക് കണ്ടത്തി 7-5, 6-3 എന്ന സ്കോറിന് സെറ്റുകൾ സ്വന്തമാക്കിയ റൂബ്ലേവ് എളുപ്പം ജയിക്കും എന്നു കരുതിയ മത്സരത്തിൽ പക്ഷെ മൂന്നും നാലും സെറ്റുകൾ കടുത്ത ടൈബ്രേക്കർ പോരാട്ടത്തിലൂടെ ബുബ്ലിക് കരസ്ഥമാക്കി. എന്നാൽ അഞ്ചാം സെറ്റിൽ നിർണായക ബ്രേക്ക് നേടിയ റൂബ്ലേവ് 6-4 നു സെറ്റ് നേടി കരിയറിൽ ആദ്യമായി വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറി. മത്സരത്തിൽ റൂബ്ലേവ് 21 ഏസുകൾ ഉതിർത്തപ്പോൾ 39 ഏസുകൾ ആണ് ബുബ്ലിക് ഉതിർത്തത്.
അതേസമയം സീഡ് ചെയ്യാത്ത കൊളംബിയൻ താരം ഡാനിയേൽ ഗാലനു എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട എട്ടാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ വിംബിൾഡൺ ക്വാർട്ടറിൽ എത്തി. വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ 2 തവണ എത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് സിന്നർ. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ 7-6 നു നേടിയ സിന്നർ രണ്ടും മൂന്നും സെറ്റുകൾ 6-4, 6-3 എന്ന സ്കോറിന് സ്വന്തമാക്കി. തികച്ചും ആധികാരിക പ്രകടനം ആണ് സിന്നറിൽ നിന്നുണ്ടായത്. അതിനിടെയിൽ 26 സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപവലോവിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നു തോൽപ്പിച്ചു സീഡ് ചെയ്യാത്ത റഷ്യൻ താരം റോമൻ സഫിയുല്ലിൻ അവസാന എട്ടിൽ എത്തി. 3-6, 6-3, 6-1, 6-3 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ അട്ടിമറി ജയം.