കരിയറിൽ ആദ്യമായി വിംബിൾഡൺ ജേതാവ് ആയി ചെക് താരവും 31 സീഡും ആയ ബാർബൊറ ക്രജികോവ. മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ഏഴാം സീഡ് ഇറ്റാലിയൻ താരം ജാസ്‌മിൻ പൗളീനിയെ ആണ് ക്രജികോവ ഫൈനലിൽ തോൽപ്പിച്ചത്. 10 തവണ ഡബിൾസിൽ ഗ്രാന്റ് സ്ലാം കിരീടം നേടിയ താരത്തിന്റെ രണ്ടാമത്തെ മാത്രം സിംഗിൾസ് ഗ്രാന്റ് സ്ലാം കിരീടം ആണ് ഇത്. ജയത്തോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആദ്യ 10 എതിരാളിക്ക് എതിരെ ജയം കുറിച്ച ക്രജികോവ റാങ്കിംഗിൽ ആദ്യ പത്തിലും തിരിച്ചെത്തി. മികച്ച തുടക്കം ആണ് മത്സരത്തിൽ ക്രജികോവക്ക് ലഭിച്ചത് ഇരട്ട ബ്രേക്ക് ആദ്യ സെറ്റിൽ നേടിയ താരം സെറ്റ് 6-2 നു നേടി മത്സരത്തിൽ മുന്നിലെത്തി.
എന്നാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം വിംബിൾഡൺ ഫൈനൽ കളിക്കുന്ന ജാസ്‌മിൻ സമാനമായി ആണ് രണ്ടാം സെറ്റിൽ തിരിച്ചടിച്ചത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ താരം സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. എന്നാൽ ജാസ്മിന്റെ മൂന്നാം സർവീസ് ഭേദിച്ച ക്രജികോവ മത്സരം പോയിന്റുകൾ മാത്രം അകലെയാക്കി. തുടർന്ന് സർവീസ് നിലനിർത്തിയ ക്രജികോവ 5-4 നു ചാമ്പ്യൻഷിപ്പിന് ആയി സെർവ് ചെയ്യാൻ തുടങ്ങി. എന്നാൽ വിട്ട് കൊടുക്കാത്ത പോരാട്ടം ആണ് പൗളീനി പുറത്ത് എടുത്തത്. 2 തവണ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഇറ്റാലിയൻ താരം 2 തവണ ബ്രേക്ക് പോയിന്റും സൃഷ്ടിച്ചു. എന്നാൽ മത്സരം ജയിക്കാനുള്ള വലിയ അവസരം കൈവിടാതെ സമചിത്തതയോടെ കളിച്ച ക്രജികോവ സർവീസ് നിലനിർത്തി സെറ്റ് 6-4 നു സ്വന്തമാക്കി വിംബിൾഡൺ കിരീടം സ്വന്തം പേരിൽ കുറിച്ചു.