വിംബിൾഡൺ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം ഇഗ സ്വിറ്റെക്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സ്വിസ് താൻ ബെലിന്ത ബെനചിചിന്റെ കനത്ത വെല്ലുവിളി ആണ് അവസാന പതിനാറിൽ പോളണ്ട് താരം മറികടന്നത്. മൂന്നു മണിക്കൂറിൽ അധികം നീണ്ട മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ശേഷം ആണ് ഇഗ തിരിച്ചു വന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ ബെനചിച് ആണ് നേടിയത്.
തുടർന്ന് രണ്ടാം സെറ്റിൽ ഇഗയുടെ സർവീസിൽ രണ്ടു മാച്ച് പോയിന്റുകൾ ആണ് സ്വിസ് താരത്തിന് ലഭിച്ചത്. എന്നാൽ ഈ മാച്ച് പോയിന്റുകൾ രക്ഷിച്ച ഇഗ സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി സെറ്റിൽ ജയം പിടിച്ചെടുത്തു. തുടർന്ന് മൂന്നാം സെറ്റിൽ തനത് ശൈലി പുറത്ത് എടുത്ത ഇഗ സെറ്റ് 6-3 നു നേടി കരിയറിലെ ആദ്യ വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. അതേസമയം 19 സീഡ് വിക്ടോറിയ അസരങ്കയെ മൂന്നു സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചു ഉക്രൈൻ താരം ഏലീന സ്വിറ്റോലിനയും അവസാന എട്ടിൽ എത്തി.
ആദ്യ സെറ്റ് 6-2 നഷ്ടമായ സ്വിറ്റോലിന രണ്ടാം സെറ്റിൽ ആദ്യം ബ്രേക്ക് വഴങ്ങിയ ശേഷം തിരിച്ചു വന്നു സെറ്റ് 6-4 നു സ്വന്തമാക്കി. തുടർന്ന് ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ജയം കണ്ടാണ് താരം ക്വാർട്ടർ ഫൈനലിൽ എത്തിയത്. 11-9 നു ആണ് താരം ടൈബ്രേക്കറർ ജയിച്ചത്. അമ്മയായതിനു ശേഷം തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് ഉക്രൈൻ താരത്തിന് ഇത്. ഉക്രൈൻ, ബലാറസ് താരങ്ങൾ തമ്മിലുള്ള പോരാട്ടം പക്ഷെ പരസ്പര ബഹുമാനം നിറഞ്ഞത് തന്നെയായിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.