വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്സും, 17 സീഡ് റഷ്യയുടെ കാരൻ ഖാചനോവും ഏറ്റുമുട്ടും. അവസാന പതിനാറിൽ ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംപ്‌സണും ആയുള്ള ഫ്രിറ്റ്സിന്റെ മത്സരം എതിരാളിക്ക് പരിക്കേറ്റതോടെ അവസാനിക്കുക ആയിരുന്നു. ഫ്രിറ്റ്‌സ് 6-1, 3-0 എന്ന സ്കോറിന് മുന്നിൽ നിൽക്കുമ്പോൾ ആണ് ഓസ്‌ട്രേലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്.
ഫ്രിറ്റ്സിന് ഇത് മൂന്നാം വിംബിൾഡൺ ക്വാർട്ടർ ഫൈനലും തുടർച്ചയായ രണ്ടാം ക്വാർട്ടർ ഫൈനലും ആണ്. അതേസമയം പോളണ്ട് താരം കാമിൽ മചർസാകിനെ 6-4, 6-2, 6-3 എന്ന ആധികാരിക സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഖാചനോവ് തകർത്തത്. 2021 നു ശേഷം ഇത് ആദ്യമായാണ് താരം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. കരിയറിൽ ഇത് നാലാം ഗ്രാന്റ് സ്ലാം ക്വാർട്ടർ ഫൈനൽ ആണ് റഷ്യൻ താരത്തിന് ഇത്.