ഹുർകാസിന്റെ പോരാട്ടത്തെ മറികടന്ന് ദ്യോക്കോവിച്ച് നാലാം റൗണ്ടിൽ

Wasim Akram

പോളിഷ് താരം ഹെർബർട്ട് ഹുർകാസ് ആദ്യ രണ്ട് സെറ്റുകളിൽ പുറത്തെടുത്ത പോരാട്ടവീര്യത്തെ മറികടന്നായിരുന്നു നിലവിലെ ജേതാവും ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിന്റെ മൂന്നാം റൗണ്ട് വിജയം. ആദ്യ സെറ്റിൽ ഇരു താരങ്ങളും തങ്ങളുടെ സർവ്വീസുകൾ നിലനിർത്തിയപ്പോൾ മത്സരം കടുത്തു. എന്നാൽ അവസാന സർവീസിൽ ഇരട്ട സർവീസ് പിഴവ് വരുത്തിയ ഹുർകാസിന്റെ പിഴവ് മുതലെടുത്ത ദ്യോക്കോവിച്ച് ഹുർകാസിന്റെ സർവീസ് ബ്രൈക്ക് ചെയ്യുകയും ആദ്യ സെറ്റ് 7-5 നു സ്വന്തമാക്കുകയും ചെയ്തു. പലപ്പോഴും ദ്യോക്കോവിചച്ചിന് പറ്റിയ ഒത്ത എതിരാളിയായി ഹുർകാസ് മാറിയപ്പോൾ രണ്ടാം സെറ്റിൽ മത്സരം കടുത്തു.

രണ്ടാം സെറ്റിൽ ബ്രൈക്ക് ചെയ്യാൻ ലഭിച്ച അവസരങ്ങൾ ഇരു താരങ്ങൾക്കും മുതലെടുക്കാൻ ആവതിരുന്നപ്പോൾ മത്സരം ടൈബ്രേക്കറിലേക്ക്. ഇതിനിടയിൽ സാക്ഷാൽ ബോറിസ് ബെക്കറെ അനുസ്മരിപ്പിച്ച് നീണ്ട് ചാടി ചാടി ഷോട്ട് ഷോട്ട് ഉതിർത്ത പോളിഷ് താരത്തിന് ലഭിച്ചത് നീണ്ട കയ്യടി. ഇതിനിടയിൽ പല നീണ്ട റാലികളും രണ്ടാം സെറ്റിൽ കണ്ടു. 4 ഇരട്ട സർവീസ് പിഴവ് രണ്ടാം സെറ്റിൽ വരുത്തിയ ദ്യോക്കോവിച്ച് ആ പിഴവ് ടൈബ്രേക്കറിലും ആവർത്തിച്ചപ്പോൾ രണ്ടാം സെറ്റ് 7-6 നു ഹുർകാസിന് സ്വന്തം. മുമ്പ് വമ്പൻ താരങ്ങളെ അട്ടിമറിച്ച പാരമ്പര്യമുള്ള ഹുർകാസിന്റെ പ്രകടനം ദ്യോക്കോവിച്ചിന് മുന്നറിയിപ്പായി. എന്നാൽ മൂന്നാം സെറ്റിൽ കണ്ടത് മറ്റൊരു ദ്യോക്കോവിച്ചിനെയായിരുന്നു. ഹുർകാസിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത നൊവാക് മൂന്നാം സെറ്റിൽ ഹുർകാസിന് ഒരവസരവും നൽകിയില്ല. 6-1 നു പൂർണ്ണ ആധിപത്യത്തോടെ മൂന്നാം സെറ്റ് ദ്യോക്കോവിച്ചിന് സ്വന്തം.

നാലാം സെറ്റിലും മൂന്നാം സെറ്റിലെ പിഴവുകൾ ആവർത്തിച്ച ഹുർകാസിന്റെ രണ്ടാം സർവീസ് ബ്രൈക്ക് ചെയ്ത ദ്യോക്കോവിച്ച് മത്സരത്തിൽ ഹുർകാസിന് തിരിച്ച് വരാനുള്ള അവസരമെ പിന്നീട് നൽകിയില്ല. ആദ്യ രണ്ട് സെറ്റുകളിലെ ചെറുത്ത് നിൽപ്പ് പോളിഷ് താരത്തിൽ നിന്ന് കാണാതിരുന്നപ്പോൾ 6-4 നു മൂന്നാം സെറ്റും മത്സരവും ദ്യോക്കോവിച്ചിന് സ്വന്തം. ദ്യോക്കോവിച്ചിന്റെ മികവ് എടുത്ത് കണ്ട അവസാന രണ്ട് സെറ്റുകളിൽ ഹുർകാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. അതേസമയം അനുസമ്പന്നനായ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോയും നാലാം റൗണ്ടിൽ പ്രവേശിച്ചു. കഴിഞ്ഞ മത്സരത്തിൽ നിന്ന് വിഭിന്നമായി ഇത്തവണ തോമസ് ഫാബിയാനോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് വെർഡാസ്കോ നാലാം റൗണ്ടിൽ എത്തിയത്. സ്‌കോർ – 6-4, 7-6, 6-4.