ഒരുപാട് ഇതിഹാസങ്ങളെ കണ്ടിട്ടുണ്ട് വിംബിൾഡൺ സെന്റർ കോർട്ട്, ഒരുപാട് ഇതിഹാസങ്ങളുടെ പിറവിയും ആ സെന്റർ കോർട്ടിൽ തന്നെയായിരുന്നു. 2001 ൽ ഒരു 19 വയസ്സുകാരൻ പയ്യൻ റോജർ ഫെഡറർ പീറ്റ് സാമ്പ്രസ് എന്ന ഇതിഹാസത്തെ ഞെട്ടിച്ച് പിറവിയെടുത്തതും ഈ സെന്റർ കോർട്ടിൽ തന്നെയായിരുന്നു. അതെ, ആ സെന്റർ കോർട്ടിൽ ഇന്ന് കോരി കൊക്കോ ഗോഫ് എന്ന 15 വയസ്സുകാരി കളിച്ച ടെന്നീസ് നാളത്തെ താരത്തിന്റേതന്നല്ല ഇന്നിന്റെ താരത്തിന്റേതാണെന്നെ മത്സരം കണ്ട ആരും പറയുക. ആദ്യമായി സെന്റർ കോർട്ടിൽ കളിക്കുന്നതിന്റെ എന്തോ അല്ല മറ്റ് പലതും കൊണ്ടോ എന്തോ ലേശം സമ്മർദത്തിലാണ് മത്സരം തുടങ്ങിയത്. തന്റെ 9 താമത്തെ വിംബിൾഡൺ കളിക്കുന്ന സ്ലോവേനിയൻ താരം പോലാണ ഹെർകോഗ് തന്റെ പരിച്ചസമ്പത്ത് മുഴുവൻ ഉപയോഗിച്ചാണ് കളിച്ചത്. ആദ്യ സെറ്റിലെ കോഫിന്റെ നാലാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഹെർകോഗ് മത്സരം പുരോഗമിക്കും തോറും കൂടുതൽ കരുത്തതാർജിച്ചു. ഇരട്ട സർവീസ് പിഴവ് വരുത്തി വീണ്ടുമൊരു ബ്രൈക്ക് വഴങ്ങിയ ഗോഫ് ആദ്യ സെറ്റ് 6-3 നു ഹെർകോഗിനു സമ്മാനിച്ചു.
രണ്ടാം സെറ്റിലെ തുടക്കത്തിലും മത്സരം സ്ലോവേനിയൻ താരതത്തിന്റെ കയ്യിൽ തന്നെയായിരുന്നു. കോഫിന്റെ സ്വപ്നകുതിപ്പ് കാണാനായെത്തിയ സെന്റർ കോർട്ടിലെ കാണികൾ ഓരോ നിമിഷവും ഗോഫിനായി കയ്യടിച്ച് കൊണ്ടേയിരുന്നു. ഒരിക്കൽ കൂടി സർവീസ് ബ്രൈക്ക് വഴങ്ങിയ ഗോഫ് സമ്മർദത്തിലായി. മത്സരം സ്ലോവേനിയൻ താരത്തിന്റെ കയ്യെത്തുന്ന അകലത്തിൽ. എന്നാൽ വിട്ട് കൊടുക്കാൻ ഒട്ടും ഒരുക്കമല്ലാതിരുന്ന ഗോഫ് രണ്ട് മാച്ച് പോയിന്റുകൾ രക്ഷപ്പെടുത്തി മത്സരത്തിലേക്ക് തിരിച്ച് വന്ന കാഴ്ച അവിശ്വാസത്തോടെയാണ് ലോകം നോക്കി നിന്നത്. 56 മിനിട്ടുകൾക്ക് ശേഷം രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക്. അങ്ങോട്ടും ഇങ്ങോട്ടും എന്നു മാറി കളിച്ച ടൈബ്രേയ്ക്കറിൽ ഹെർകോഗിന്റെ അനുഭവസമ്പത്തിനെ ഗോഫിന്റെ മനക്കരുത്ത് മറികടന്നപ്പോൾ മത്സരം മൂന്നാം സെറ്റിലേക്ക്. രണ്ടാം സെറ്റിനൊടുവിൽ ഗോഫിനൊപ്പം സെന്റർ കോർട്ടിലെ കാണികളും അലറിവിളിച്ചു.
മൂന്നാം സെറ്റിന് മുമ്പ് ചെറിയ മെഡിക്കൽ ഇടവേള ഹെർകോഗ് എടുത്തത് പക്ഷെ ഗോഫിന്റെ മത്സരതാളത്തെ ബാധിച്ചില്ല. ആദ്യമേ തന്നെ ഹെർകോഗിന്റെ രണ്ടാമത്തെ സർവീസ് ബ്രൈക്ക് ചെയ്ത ഗോഫ് മത്സരത്തിൽ മുൻതൂക്കം നേടി. എന്നാൽ അത്ര എളുപ്പം വിട്ട് കൊടുക്കാൻ തയ്യാറാകാതിരുന്ന ഹെർകോഗ് ഗോഫിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാൽ ഗോഫിന്റെ യുവത്വത്തിനും പോരാട്ട വീര്യത്തിനും മുന്നിൽ ഹെർകോഗിന്റെ പരിചയസമ്പത്തിന് ഒടുവിൽ അടിയറവ് പറയേണ്ടി വരിക തന്നെ ചെയ്തു. 2 മണിക്കൂർ 47 മിനിറ്റു പോരാട്ടത്തിന് ശേഷം ആദ്യ സെറ്റ് പിന്നിൽ നിന്ന ശേഷം ഹെർകോഗിന്റെ സർവീസ് ബ്രൈക്ക് ചെയ്ത് മത്സരം ജയിച്ച കോരി വിംബിൾഡൺ സെന്റർ കോർട്ടിൽ തുള്ളിച്ചാടി. കൂടെ ഗാലറിയിൽ ഇരുന്ന കോരിയുടെ അമ്മയും കാണികൾ ഒട്ടാകെയും കോരിക്കൊപ്പം ആർത്ത് ചാടി. 7-5 നു മൂന്നാം സെറ്റും മത്സരവും കോരി ഗോഫ് എന്ന 15 കാരിക്ക് സ്വന്തം. നാലാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം 7 സീഡ് സിമോണ ഹാലപ്പ് ആണ് കോരിയുടെ എതിരാളി. ഈ മത്സരം കളിച്ച രീതിയും സമ്മർദ്ദം അതിജീവിച്ച രീതിയും കണ്ടാൽ കോരി ഹാലപ്പിനെ അട്ടിമറിച്ചാലും വലിയ അത്ഭുതം ഒന്നുമല്ല. കാരണം നാളത്തെ താരത്തിന്റെ പ്രതിഭയെക്കാൾ ഇന്നിന്റെ പ്രതിഭാസമായാണ് കോരി ഗോഫിനെ നാം കാണേണ്ടത്.