മാരത്തണിനൊടുവില്‍ ആന്‍ഡേര്‍സണ്‍, പൊരുതി വീണ് ഇസ്നര്‍

- Advertisement -

വിംബിള്‍ഡണ്‍ സെമി ഫൈനലുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം. വിംബിള്‍ഡണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാം മത്സരം. ഒട്ടനവധി റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ട മത്സരത്തില്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേര്‍സണ്‍. തന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്കും വിംബിള്‍ഡണിലെ ആദ്യ ഫൈനലിനുമുള്ള അര്‍ഹതയാണ് ആന്‍ഡേര്‍സണ്‍ ഇന്ന് അമേരിക്കന്‍ താരം ജോണ്‍ ഇസ്നറെ കീഴടക്കി സ്വന്തമാക്കിയത്. സ്കോര്‍: 7-6, 6-7, 6-7, 6-4, 26-24.

ആദ്യ മൂന്ന് സെറ്റുകളും ടൈബ്രേക്കറില്‍ കടന്നപ്പോള്‍ ആദ്യ സെറ്റ് കെവിന്‍ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും ഇസ്നര്‍ക്കൊപ്പമാണ് പോയത്. രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ പോയ ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് ആന്‍ഡേര്‍സണ്‍ നടത്തിയത്. അവസാന സെറ്റില്‍ ഇരു താരങ്ങളും ബ്രേക്കിനായി കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ മത്സരം നീണ്ട് നീണ്ട് പോകുകയായിരുന്നു.

അവസാന സെറ്റില്‍ 26-24 എന്ന സ്കോറിനു ദക്ഷിണാഫ്രിക്കന്‍ താരം മത്സരം സ്വന്തമാക്കുമ്പോള്‍ 6 മണിക്കൂറും 35 മിനുട്ടുമാണ് മത്സരം പിന്നിട്ടത്. നൂറിലധികം എയ്സുകള്‍ പിറന്ന മത്സരത്തില്‍ 53 എയ്സുമായി ഇസ്നര്‍ ആയിരുന്നു മുന്നില്‍. ആന്‍ഡേര്‍സണ്‍ 49 എയ്സുകള്‍ പായിച്ചു. ഇസ്നര്‍ 6 ഡബിള്‍ ഫോള്‍ട്ട് വരുത്തിയപ്പോള്‍ 4 എണ്ണം ആന്‍ഡേര്‍സണിന്റെ അക്കൗണ്ടില്‍ രേഖപ്പെടുത്തി.

നൊവാക് ജോക്കാവിച്ച്-റാഫേല്‍ നദാല്‍ പോരാട്ടത്തിലെ വിജയികളെയാവും ആന്‍‍ഡേര്‍സണ്‍ ഫൈനലില്‍ നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement