വിംബിൾഡൺ പുരുഷ ഡബിൾസിൽ അമേരിക്കൻ ജോഡികളായ മൈക്ക് ബ്രയാനും, ജാക്ക് സോക്കും ചേർന്ന സഖ്യം കിരീടം ചൂടി. ആദ്യമായി ഇരട്ട സഹോദരനെ കൂടാതെ വിംബിൾഡൺ മത്സരത്തിനിറങ്ങിയ മൈക്ക് ബ്രയാൻ ഇതിനിടെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിരുന്നു. ഇന്നലത്തെ വിജയത്തോടെ വെവ്വേറെ പങ്കാളികളുമായി കിരീടം ചൂടുന്ന താരങ്ങളാകാനും അമേരിക്കൻ ജോഡികൾക്കായി. ജാക്ക് സോക്ക് ഇതിന് മുൻപ് വസേക് പോസ്പിൽസുമായി ചേർന്ന് വിംബിൾഡൺ കിരീടം നേടിയിട്ടുണ്ട്.
അഞ്ച് സെറ്റ് മത്സരങ്ങൾ തുടർക്കഥയായ ഈ വിംബിൾഡണിൽ ഡബിൾസ് ഫൈനലും അഞ്ച് സെറ്റിലാണ് അവസാനിച്ചത്. ക്ലാസെൻ-വീനസ് ജോഡികളെ അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ പോരാട്ടത്തിൽ അതിജീവിച്ചാണ് അമേരിക്കൻ ജോഡികൾ വിജയിച്ചത്. (സ്‌കോർ 6-3,6-7,6-3,5-7,7-5). ഏകദേശം 20 മണിക്കൂറുകളാണ് അമേരിക്കൻ ജോഡികൾ കോർട്ടിൽ ചിലവിട്ടത്. മൂന്നാം റൗണ്ടിൽ മാച്ച് പോയിന്റ് അതിജീവിക്കുകയും, സെമി ഫൈനലിലും, ഫൈനലിലും ബ്രേക്ക് പോയിന്റ് അവസരങ്ങൾ എതിരാളിക്ക് സമ്മാനിക്കുകയും ചെയ്ത ശേഷമായിരുന്നു അമേരിക്കൻ സഖ്യത്തിന്റെ നാടകീയമായ തിരിച്ചുവരവുകൾ. ഈ വിജയം ഇരട്ട സഹോദരൻ ബോബ് ബ്രയാനും രണ്ട് ദിവസങ്ങൾക്ക് മുന്നേ മരിച്ചുപോയ മുത്തച്ഛനും സമർപ്പിക്കുന്നു എന്നാണ് മത്സര ശേഷം ബോബ് ബ്രയാൻ പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial