ന്യൂ ജെൻ ഈസ് ഹിയർ!!! ജ്യോക്കറെ വീഴ്ത്തി കാർലോസ്‌ അൽകാരസ് ഗാർഫിയ വിംബിൾഡൺ ചാമ്പ്യൻ

Wasim Akram

Picsart 23 07 16 23 58 06 438
Download the Fanport app now!
Appstore Badge
Google Play Badge 1

ടെന്നീസിലെ പുതിയ തലമുറ അവതരിച്ചു എന്നു പ്രഖ്യാപിച്ചു വിംബിൾഡൺ സെന്റർ കോർട്ടിൽ കാർലോസ് അൽകാരസ് ഗാർഫിയയുടെ കിരീടധാരണം. തന്റെ 24 മത്തെ ഗ്രാന്റ് സ്ലാം കിരീടം തേടി ഇറങ്ങിയ രണ്ടാം സീഡ് 36 കാരനായ നൊവാക് ജ്യോക്കോവിച്ചിനെ അവിശ്വസനീയം ആയ അഞ്ചു സെറ്റ് പോരാട്ടത്തിൽ മറികടന്നു ആണ് 20 കാരനായ ലോക ഒന്നാം നമ്പർ അൽകാരസ് വിംബിൾഡൺ കിരീടം ഉയർത്തിയത്. കരിയറിൽ അൽകാരസ് നേടുന്ന രണ്ടാം ഗ്രാന്റ് സ്ലാം കിരീടം ആണ് ഇത്. 6(2,195 ദിവസങ്ങൾ) വർഷത്തിന് ഇടയിൽ ജ്യോക്കോവിച് ഇത് ആദ്യമായാണ് വിംബിൾഡണിൽ തോൽക്കുന്നത്. സെന്റർ കോർട്ടിൽ ആവട്ടെ 10(3,661 ദിവസങ്ങൾ) വർഷത്തിന് ശേഷമാണ് ജ്യോക്കോവിച്ചിന്റെ പരാജയം.

വിംബിൾഡൺ

34 മത്സരങ്ങളിൽ പരാജയം അറിയാതെ വന്ന ജ്യോക്കോവിച്ചിന്റെ വിജയകുതിപ്പിന് അൽകാരസ് അന്ത്യം കുറിച്ചു. മത്സരത്തിൽ ആദ്യ സെറ്റിൽ തകർന്ന് അടിയുന്ന അൽകാരസിനെ ആണ് കാണാൻ ആയത്. ആദ്യ സർവീസിൽ ബ്രേക്ക് പോയിന്റ് രക്ഷിച്ച ജ്യോക്കോവിച് രണ്ടു തവണ അൽകാരസിന്റെ സർവീസ് ബ്രേക്ക് ചെയ്തു സെറ്റിൽ 5-0 നു മുന്നിൽ എത്തി. തുടർന്ന് സെറ്റ് 6-1 നു നേടിയ നൊവാക് നയം വ്യക്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ അൽകാരസ് നൊവാക്കിന്റെ സർവീസ് ബ്രേക്ക് ചെയ്തു. എന്നാൽ ബ്രേക്ക് തിരിച്ചു പിടിച്ച നൊവാക് വിട്ടു കൊടുക്കാൻ ഒരുക്കം അല്ലായിരുന്നു. തുടർന്ന് സെറ്റ് ടൈബ്രേക്കറിലേക്ക്.

വിംബിൾഡൺ

കാര്യങ്ങൾ മാറി മറിഞ്ഞ ടൈബ്രേക്കർ 8-6 നു അൽകാരസ് സ്വന്തമാക്കിയപ്പോൾ ടെന്നീസ് ലോകം ഞെട്ടി. ഗ്രാന്റ് സ്ലാമിൽ റെക്കോർഡ് തുടർച്ചയായ 15 ടൈബ്രേക്കർ വിജയങ്ങൾക്ക് ശേഷം ആയിരുന്നു ജ്യോക്കോവിച് ഒരു ടൈബ്രേക്കറിൽ തോൽക്കുന്നത്. മൂന്നാം സെറ്റിലും മികച്ച തുടക്കം ലഭിച്ച അൽകാരസ് ജ്യോക്കോവിച്ചിന്റെ സർവീസ് ആദ്യം തന്നെ ബ്രേക്ക് ചെയ്തു. തികച്ചും അവിശ്വസനീയം ആയ ടെന്നീസ് ആണ് പലപ്പോഴും ഇരു താരങ്ങളും പുറത്ത് എടുത്തത്. ജ്യോക്കോവിച്ചിന്റെ പിഴവുകൾ മുതലെടുക്കുന്ന അൽകാരസിനെ പലപ്പോഴും കാണാൻ ആയി. മൂന്നാം സെറ്റിൽ 3-1 നു മുന്നിൽ നിന്ന അൽകാരസിന് ജ്യോക്കോവിച്ചിന്റെ സർവീസ് ബ്രേക്ക് ചെയ്യാൻ വീണ്ടും അവസരം ലഭിച്ചു. എന്നാൽ ഏതാണ്ട് 30 മിനിറ്റുകൾ നീണ്ട ഗെയിമിൽ 14 ഡ്യൂസുകൾ ആണ് പിറന്നത്.

വിംബിൾഡൺ

നിരവധി ബ്രേക്ക് പോയിന്റുകൾ രക്ഷിക്കാൻ ജ്യോക്കോവിചിന് ആയെങ്കിലും അൽകാരസ് ഒടുവിൽ ആ സർവീസ് ബ്രേക്ക് ചെയ്തു. തീർത്തും അവിശ്വസനീയം ആയ ഗെയിം ആണ് ഇരു താരങ്ങളും കാഴ്ച വച്ചത്. തുടർന്ന് സെറ്റ് 6-1 നു നേടിയ അൽകാരസ് വിംബിൾഡൺ കിരീടം വെറും ഒരു സെറ്റ് അകലെയാക്കി. നാലാം സെറ്റിൽ എന്നാൽ ജ്യോക്കോവിച് തിരിച്ചു വന്നു. നിർണായക ബ്രേക്ക് കണ്ടത്തിയ ജ്യോക്കോവിച് സെറ്റിൽ മുന്നിലെത്തി. തുടർന്ന് സെറ്റ് 6-3 നു നേടിയ ജ്യോക്കോവിച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. പലപ്പോഴും സെന്റർ കോർട്ടിലെ ആരാധകരെ ഭ്രാന്ത് പിടിപ്പിക്കുന്ന റാലികളും ഷോട്ടുകളും ആണ് ഇരു താരങ്ങളും പുറത്ത് എടുത്തത്. പ്രായം അൽകാരസിന് അനുകൂലമായിട്ടും ജ്യോക്കോവിച് വിട്ടു കൊടുത്തില്ല.

വിംബിൾഡൺ

അഞ്ചാം സെറ്റിൽ ജ്യോക്കോവിചിന്റെ രണ്ടാം സർവീസിൽ തന്നെ ബ്രേക്ക് പോയിന്റ് കണ്ടത്താൻ അൽകാരസിന് ആയി. ഇതോടെ അൽകാരസിന്റെ സർവീസ് ബ്രേക്ക് ചെയ്യാനുള്ള ശ്രമം ആണ് ജ്യോക്കോവിച് നടത്തിയത്. എന്നാൽ സമ്മർദ്ദം അതിജീവിച്ചു സർവീസ് നിലനിർത്തിയ അൽകാരസ് അനായാസം സെറ്റ് 6-4 നു നേടി പുതു ചരിത്രം കുറിക്കുന്നത് ആണ് ലോകം കണ്ടത്. മത്സരത്തിൽ 5 വീതം തവണ എതിർ താരങ്ങളുടെ സർവീസ് ഇരു താരങ്ങളും ബ്രേക്ക് ചെയ്തു. നിർണായക സമയത്ത് ഏസ് ഉപയോഗിച്ച അൽകാരസ് 9 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. 20 കാരനായ അൽകാരസിന്റെ ആദ്യ വിംബിൾഡൺ കിരീടവും രണ്ടാം ഗ്രാന്റ് സ്ലാം കിരീടവും ആയി ഇത്. ഏഴ് വിംബിൾഡൺ കിരീടങ്ങൾ ഉള്ള ജ്യോക്കോവിച് വിംബിൾഡൺ കിരീട നേട്ടങ്ങളിൽ 8 കിരീടങ്ങൾ ഉള്ള റോജർ ഫെഡറർക്ക് ഇപ്പോഴും പിറകിൽ ആണ്.