വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് ഗാർഫിയ. സെമിഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 20 കാരനായ സ്പാനിഷ് യുവതാരം തോൽപ്പിച്ചത്. മെദ്വദേവിനെ തീർത്തും അപ്രസക്തമാക്കിയ പ്രകടനം ആണ് അൽകാരസ് പുറത്ത് എടുത്തത്. 2 തവണ ബ്രേക്ക് വഴങ്ങിയ അൽകാരസ് 6 തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്.

മത്സരത്തിൽ താൻ എന്തിനാണ് ലോക ഒന്നാം നമ്പർ ആയത് എന്നു വ്യക്തമാക്കിയ അൽകാരസ് 6-3, 6-3, 6-3 എന്ന സ്കോറിന് ആണ് മത്സരം ജയിച്ചത്. കരിയറിലെ ആദ്യ വിംബിൾഡൺ ഫൈനൽ ആണ് യു.എസ് ഓപ്പൺ ചാമ്പ്യൻ ആയ അൽകാരസിന് ഇത്. വെറും ഒരു മണിക്കൂർ 50 മിനിറ്റിനുള്ളിൽ അൽകാരസ് മത്സരം അവസാനിപ്പിച്ചു. 20 കാരനായ ഒന്നാം സീഡ് ആയ അൽകാരസ് ഫൈനലിൽ 36 കാരനായ രണ്ടാം സീഡ് നൊവാക് ജ്യോക്കോവിചിനെ ആണ് സ്വപ്‌ന ഫൈനലിൽ നേരിടുക.














