വിംബിൾഡൺ ആദ്യ റൗണ്ടിൽ രാജകീയ ജയവുമായി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഫ്രഞ്ച് താരം ജെറമി ചാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അൽകാരസ് തകർത്തത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത അൽകാരസ് 7 തവണയാണ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തത്. ആദ്യ സെറ്റിൽ ബേഗൽ നേടിയ അൽകാരസ് തുടക്കം മുതൽ തന്നെ നയം വ്യക്തമാക്കി. 6-0,6-2,7-5 എന്ന സ്കോറിന് ആണ് സ്പാനിഷ് താരം ജയം കണ്ടത്തിയത്.
എട്ടാം സീഡ് ഇറ്റാലിയൻ താരം യാനിക് സിന്നറും അനായാസം വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 7 തവണ ഏസുകൾ ഉതിർത്ത സിന്നർ 6 തവണയാണ് എതിരാളിയെ ബ്രേക്ക് ചെയ്തത്. അർജന്റീനൻ താരം യുവാൻ മാനുവലിനെ 6-2, 6-2, 6-2 എന്ന സ്കോറിന് ആണ് സിന്നർ ജയിച്ചത്. വനിത സിംഗിൾസിൽ അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ മറികടന്നു മൂന്നാം സീഡും നിലവിലെ ജേതാവും ആയ എലേന റൈബാകിനയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം 6-1, 6-2 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയാണ് കസാഖ് താരം ജയം കണ്ടത്തിയത്. മത്സരത്തിൽ 12 ഏസുകൾ ഉതിർത്ത റൈബാകിന നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്യുകയും ചെയ്തു.