വിംബിൾഡണിൽ ആറാം ദിവസം ആറാടി കിരിയോസ്

shabeerahamed

20220703 125507
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ വനിതകളുടെ സിംഗിൾസിലെ അട്ടിമറികളോ, സെന്റർ കോർട്ടിൽ തന്റെ 23ആം ഗ്രാൻഡ്സ്ലാമിനായി പൊരുതുന്ന നദാലിനെയോ ഓൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബിൽ ആരും ശ്രദ്ധിച്ചില്ല. എല്ലാ കണ്ണുകളും ഒന്നാം നമ്പർ കോർട്ടിലായിരുന്നു.

പുതുതലമുറ കളിക്കാരിൽ ഇനിയങ്ങോട്ട് ടെന്നീസ് സിംഹാസനത്തിൽ ഇരിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന സിസിപ്പാസ്, ലോക ടെന്നീസിലെ വികൃതിയായ ഓസ്‌ട്രേലിയൻ താരം നിക്ക് കിരിയോസിനെ നേരിടുന്ന കളിയായിരുന്നു എല്ലാവരുടെടും മനസ്സിൽ. അത് കൊണ്ട് തന്നെ അപൂർവ്വമായെങ്കിലും ഇന്നലെ സെന്റർ കോർട്ടിനേക്കാൾ പ്രാധാന്യം ഒന്നാം നമ്പർ കോർട്ടിന് കൈവന്നു.
20220703 125518
ഈ ടൂർണമെന്റിലെ ഏറ്റവും നല്ല ടെന്നീസ് കാഴ്ചവച്ച കളിയായിരുന്നു ഇതെന്ന് പക്ഷെ പറയാൻ സാധിക്കില്ല. കിരിയോസ് കോർട്ടിൽ ഇറങ്ങുമ്പോൾ കോർട്ടിൽ കളി മാത്രമാകില്ല നടക്കുക എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അത് പോലെ തന്നെയായിരുന്നു കാര്യങ്ങളും. നിറുത്താതെയുള്ള സംസാരവും, തർക്കങ്ങളും, അനാവശ്യ ഇടപെടലുകളും കിരിയോസ് സാധാരണ പോലെ ആദ്യ സെറ്റിൽ തന്നെ തുടങ്ങി വച്ചു. അത്‌ സെറ്റിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു എന്നത് കൊണ്ട്, ആദ്യ സെറ്റ് സിസിപ്പാസ് നേടി.

പിന്നീട് തുടർച്ചയായ തടസ്സങ്ങൾ കൊണ്ട് കിരിയോസ് സിസിപ്പാസിന്റെ താളം തെറ്റിച്ചു. എന്തിന് അധികം പറയുന്നു, സിസിപ്പാസിന് പോലും കോഡ് വയലേഷൻ കിട്ടി.

ഇവർ കളിച്ച ടെന്നീസ് അതി സുന്ദരമായിരുന്നു. രണ്ട് പേരും തങ്ങളുടെ ഏറ്റവും നല്ല കളിയാണ് കാഴ്ചവച്ചത്. സിസിപ്പാസ് 21 ഏസുകൾ ഉതിർത്തപ്പോൾ, നിക്ക് 14 എണ്ണം തിരിച്ചു സെർവ് ചെയ്‌യതു. ഒരു ലൂസ് ഷോട്ട് പോലും കളിയിൽ ഉടനീളം കണ്ടില്ല. ഒന്നാന്തരം പവർ ഗെയിം ആസ്വദിക്കാൻ സാധിച്ച സംതൃപ്തി യഥാർത്ഥ ടെന്നീസ് സ്നേഹികൾക്ക് ലഭിച്ചു. ഒരു സെറ്റിനെതിരെ മൂന്ന് സെറ്റുകൾക്ക് കിരിയോസ് ജയിച്ചു.

പക്ഷെ കളി കഴിഞ്ഞു നടന്ന പ്രസ് കോണ്ഫറൻസിൽ സിസിപ്പാസ് പറഞ്ഞ പോലെ, നിക്ക് കളിക്കാൻനിറങ്ങുമ്പോൾ അത് കളിയേക്കാൾ കൂടുതൽ ഒരു സർക്കസായി മാറും. അത് കൊണ്ട് തന്നെ ഗാലറികളുടെ പിന്തുണ കിരിയോസിനായിരുന്നു. നിക്ക് ഒരു ബുള്ളിയാണ് എന്ന് സിസിപ്പാസ് തുറന്ന് പറഞ്ഞു. കളി തോറ്റ ഒരാളുടെ ജല്പനമായി കിരിയോസ് അത് തള്ളിക്കളഞ്ഞു.

കളി ജയിച്ചത് കിരിയോസ് ആണെങ്കിലും, ഇത് വിംബിൾഡൺ പോലൊരു വേദിയിൽ അരങ്ങേറേണ്ട കളിയാണോ എന്ന് ചോദിക്കാതെ വയ്യ. ഇത്തരം ടൂർണമെന്റുകളും, കളിക്കാരേയും കണ്ട് വളരുന്ന യുവ കളിക്കാർക്ക് എന്ത് സന്ദേശമാണ് നൽകുക എന്ന് ടൂർണമെന്റ് സംഘാടകരും, ടൂർ ഓഫീഷ്യൽസും ചിന്തിക്കണം. സ്റ്റെഫാനോസ് സിസിപ്പാസ് സൂചിപ്പിച്ച പോലെ, കളിക്കാരുടെ കൂട്ടം നിക്കിനോട് സംസാരിക്കണം, അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടണം. ടൂർണമെന്റ് അധികാരികൾ ഒരിക്കലും അത് ചെയ്യില്ല, അവർക്ക് ബൈ ഹുക്ക് ഓർ ബൈ ക്രൂക്ക് ആൾക്കൂട്ടം വേണമല്ലോ!