വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി 16 കാരി,പെഗ്യുലയും മുന്നോട്ട്

Wasim Akram

വിംബിൾഡൺ അവസാന പതിനാറിലേക്ക് മുന്നേറി കരിയറിലെ തന്റെ രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്ലാം കളിക്കുന്ന റഷ്യൻ താരം മിറ ആന്ദ്രീവ. നാട്ടുകാരിയായ 22 സീഡ് അനസ്താഷിയ പോട്ടപോവയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ആന്ദ്രീവ തോൽപ്പിച്ചത്. 6 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്ത 16 കാരി 6-2, 7-5 എന്ന സ്കോറിന് ആണ് സ്വപ്നജയം നേടിയത്. നാട്ടുകാരിയായ 32 സീഡ് ബോസ്കോവയെ 2-6, 6-4, 6-3 എന്ന സ്കോറിന് തോൽപ്പിച്ചു സീഡ് ചെയ്യാത്ത ചെക് താരം മാർക്കറ്റ വോണ്ടറോസോവയും അവസാന പതിനാറിൽ എത്തി.

വിംബിൾഡൺ

ഉക്രൈൻ താരം ലെസിയ സുരെങ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗ്യുലയും അവസാന പതിനാറിലേക്ക് മുന്നേറി. 6-1, 6-3 എന്ന സ്കോറിന് ആയിരുന്നു പെഗ്യുലയുടെ ജയം. മത്സരത്തിൽ 5 തവണ എതിരാളിയുടെ സർവീസ് അമേരിക്കൻ താരം ബ്രേക്ക് ചെയ്തു. അതേസമയം പുരുഷ സിംഗിൾസിൽ ഇന്നലെ നിർത്തി വച്ച മത്സരത്തിൽ 21 സീഡ് ഗ്രിഗോർ ദിമിത്രോവ് പത്താം സീഡ് ഫ്രാൻസസ് ടിയെഫോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു അവസാന പതിനാറിലേക്ക് മുന്നേറി. 13 ഏസുകൾ ഉതിർത്ത ദിമിത്രോവ് 5 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തു. 6-2, 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു ദിമിത്രോവിന്റെ ജയം.